ചട്ടങ്ങളിലെ അടകൾക്കടിയിലും വശങ്ങളിലുമായാണ് റാണിസെല്ലുകൾക്ക് വേണ്ടിയുള്ള കപ്പുകൾ ഉണ്ടാക്കാൻ കൂടുതൽ സാധ്യത. അത് കണ്ടുപിടിച്ച് റാണിക്കപ്പ് കട്ട് ചെയ്ത് മാറ്റണം. ഈ കപ്പുകൾക്കുള്ളിൽ പുഴുവിനെ കൂടാതെ റോയൽ ജെല്ലിയുമുണ്ടാവും. പുഴുവിനെ മാറ്റി അതിലുള്ള റോയൽ ജെല്ലി നമുക്ക് കഴിക്കാം. പുഴുവടക്കം റോയൽ ജെല്ലി കഴിക്കുന്നവരുമുണ്ട്.
തേനീച്ചക്കൂട്ടിൽ നിന്നും കിട്ടുന്ന വളരെ പ്രധാനപ്പെട്ട ഒരു ഉൽപന്നമാണ് റോയൽ ജെല്ലി, വ്യാവസായികാടിസ്ഥാനത്തിൽ ഇവ ശേഖരിച്ച് സംസ്കരിച്ച് ഗുളിക രൂപത്തിലും മറ്റുമായി പല രാജ്യങ്ങളിലും വിൽപന നടത്തുന്നുണ്ട്.
പല മരുന്നുകളിലും റോയൽ ജെല്ലി ചേർക്കുന്നുണ്ട്. ഉൻമേഷത്തിനും ആരോഗ്യത്തിനും യുവത്വം നിലനിർത്തുന്നതിനും രോഗമകറ്റി ആയുസ്സ് കൂട്ടുന്നതിനുമെല്ലാം റോയൽ ജെല്ലി ഉപകാരപ്പെടും എന്നുള്ളതുകൊണ്ട് നമ്മുടെ രാജ്യത്തും ഇത് വിൽപന നടത്തി വരുന്നു.
കൃത്രിമമായി റാണി സെല്ലുണ്ടാക്കി കേരളത്തിലും റോയൽ ജെല്ലി ഉൽപാദിപ്പിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരിച്ചതിന് ശേഷം ശേഖരിച്ച് വെക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായി വരുന്നതേ ഉള്ളൂ. ഒരു കിലോ ഗ്രാം റോയൽ ജെല്ലിക്ക് മാർക്കറ്റിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലയുണ്ട്. പുതിയ എട്ടോ പത്തോ റാണി സെല്ലുകളിൽ നിന്നും ഒരു ഗ്രാം റോയൽ ജെല്ലി ശേഖരിക്കാൻ സാധിചേക്കാം.
ഇറ്റാലിയൻ തേനീച്ചകൾക്ക് ഇന്ത്യൻ തേനീച്ചകളേക്കാൾ കൂടുതൽ റോയൽ ജെല്ലി ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്. പെണ്ണീച്ചകൾ റാണിക്കപ്പുണ്ടാക്കിയതിന് ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ റാണിസെല്ല് പരിശോധിച്ചാൽ കൂടുതൽ റോയൽ ജെല്ലി ലഭിക്കാൻ സാധ്യതയുണ്ട്.
റാണിസെല്ലിലുള്ള റോയൽ ജെല്ലി റാണിയീച്ചയായി വിരിയാനുള്ള ലാർവയുടെ ഭക്ഷണമായത് കൊണ്ട് ഓരോ ദിവസം കഴിയുന്തോറും റോയൽ ജെല്ലിയുടെ അളവ് കുറഞ്ഞ് കുറഞ്ഞ് വരും. യാതൊരു വിധം മായവുമില്ലാതെയും വലിയ സാമ്പത്തികച്ചിലവില്ലാതെയും റോയൽ ജെല്ലി കഴിക്കുന്നതിനും ശേഖരിക്കുന്നതിനും വേണ്ടി മാത്രം തേനീച്ചകളെ വളർത്തുന്നവരുമുണ്ട്.