മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുമ്പോൾ ഊന്നൽ നൽകേണ്ടത് നാം കഴിക്കുന്ന ഭക്ഷണത്തിനാണ്. ഇതിൽ പാൽ ഒരു പ്രധാന ഘടകമാണ്. ശുദ്ധമായ പാൽ ലഭിക്കുവാൻ ക്ഷീര കർഷകരും കറവക്കാരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശാസ്ത്രീയ കറവരീതി അവലംബിച്ചാൽ ശുദ്ധമായ പാൽ ലഭിക്കും എന്ന് മാത്രമല്ല അത് കൂടുതൽ അളവിലും കിട്ടും.
വിവിധ കറവ രീതികൾ
സ്ട്രിപ്പിംഗ് രീതി (Stripping method)
തള്ളവിരലിനും ചൂണ്ടു വിരലിനുമിടയിൽ മൂലക്കണ്ണ് ദൃഢമായി പിടിച്ചെടുത്ത് താഴേക്ക് വലിക്കുന്നതാണ് സ്ട്രിപ്പിംഗ് എന്ന രീതി.
ഫുൾ ഹാൻഡ് രീതി (Full hand method)
അകിടിന്റെ അടിവശത്തും മുലക്കണ്ണിന്റെ മുകൾ ഭാഗത്തുമായിട്ടുള്ള ജംഗ്ഷനിൽ തള്ള വിരലും ബാക്കി വിരലുകളും ഉപയോഗിച്ച് വൃത്താകൃതിയിൽ വലിക്കുക. ഒപ്പം മുലക്കണ്ണുകളുടെ മറ്റേ ഭാഗവും നാല് വിരലുകൾ കൊണ്ട് അടക്കുകയും കൈ പത്തിക്ക് നേരെ എല്ലാ വശങ്ങളിലും അമർത്തുകയും ചെയുന്നതാണ് ഫുൾ ഹാൻഡ് രീതി. ഏറ്റവും നല്ല കറവ രീതിയാണ് ഇത്.
സ്ട്രിപ്പിങ്ങും ഫുൾ ഹാൻഡും ചേർന്നുള്ള രീതി (Stripping and full hand method)
തള്ള വിരലിനും ചൂണ്ടുവിരലിനുമിടയിൽ മുലക്കണ്ണ് ദൃഢമായി പിടിച്ചെടുത്ത് താഴേക്ക് വലിക്കുന്നതോടൊപ്പം ബാക്കി മൂന്ന് വിരലുകളും ചൂണ്ടു വിരലിനോടൊപ്പം ചേർത്ത് മുലക്കണ്ണുകളുടെ മറ്റേ ഭാഗവും അടച്ച് വിരലുകൾ വൃത്താകൃതിയിൽ ആക്കി താഴേക്ക് വലിക്കുന്ന രീതിയാണിത്.
നക്ക്ലിംഗ് / ഫിസ്റ്റിംഗ് രീതി (Knuckling method)
തള്ളവിരൽ മടക്കി മുലക്കണ്ണിനോട് ചേർത്ത് മറ്റു വിരലുകളുടെ സഹായത്താൽ താഴോട്ട് വലിച്ച് കറക്കുന്ന രീതിയാണിത്. മുലക്കണ്ണിൽ ഒരേ സ്ഥലത്ത് തന്നെ മർദ്ദം ഏൽക്കുന്നതിനാൽ ക്ഷതം ഏൽക്കുവാനും പാലുൽപ്പാദനം കുറയുവാനും അകിടുവീക്കം വരുവാനും സാധ്യതയുണ്ട്. ഇത് തെറ്റായ കറവയായതുകൊണ്ട് ഈ രീതി ഒഴിവാക്കുന്നതാണ് നല്ലത്
കറവ യന്ത്രം ഉപയോഗിച്ചുള്ള രീതി (Machine milking method)
വ്യവസായികാടിസ്ഥാനത്തിൽ / ഡയറി ഫാമുകളിൽ കറക്കുവാൻ ഉപയോഗപ്പെടുത്താവുന്ന രീതിയാണിത്. മുതൽ മുടക്ക് കൂടുമെന്നതിനാൽ ഗ്രാമങ്ങളിൽ കുറച്ച് പശുക്കളെ വളർത്തി ജീവിക്കുന്നവർക്ക് ഇത് പ്രായോഗികമല്ല.
പശുക്കളുടെ / എരുമകളുടെ മുലക്കണ്ണിന്റെ നീളവും വലുപ്പവും പാലിന്റെ കൊഴുപ്പും നോക്കി കർഷകർക്ക് സൗകര്യപ്രദമെന്ന് തോ അന്ന രീതികൾ തെരെഞ്ഞെടുക്കാം.