ജവാപാഷകങ്ങളോട് സാമാന്യം നന്നായി പ്രതികരിക്കുന്ന വിളയാണ് തെങ്ങ്. ഇത്തരത്തിൽ തെങ്ങിന് സമൃദ്ധമായി ജൈവ പോഷകങ്ങൾ ലഭ്യമാക്കാനുള്ള ഒരെളുപ്പവഴിയാണ് തെങ്ങിൻതോപ്പിൽ പയർവർഗത്തിൽപ്പെട്ട പച്ചിലവളച്ചെടികൾ വളർത്തുക എന്നത്. ഇതുതന്നെ മണ്ണ് പറ്റെ മൂടുന്ന ആവരണവിളകളായാണ് വളർത്തുന്നതെങ്കിൽ മഴക്കാലത്ത് തോട്ടത്തിൽ ശക്തമായ മഴയത്ത് മണ്ണൊലിപ്പുണ്ടാകാതെ തടയും. മണ്ണിന് ഇത് പിന്നീട് വളമാകുകയും ചെയ്യും.
വെസിക്കുലർ അർബസ് ക്കുലാർ മൈക്കോറൈസ പോലുള്ള ജീവാണുവളങ്ങളുടെ തോതും മണ്ണിൽ വർധിപ്പിക്കും. മണ്ണിലെ നൈസർഗികമായ ദീപനരസ (എൻസൈം)ങ്ങളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അതിവേഗം വളരുന്ന പയർ വർഗച്ചെടിയാണ് ശീമക്കൊന്ന. മറ്റു പച്ചില ച്ചെടികൾ വളരാൻ ബുദ്ധിമുട്ടുള്ള ചൊരി മണൽപ്രദേശത്തെ തെങ്ങിൻ തോപ്പിലും ഇത് പച്ചിലവളത്തിന് വളർത്താം. ഒരു ഹെക്ടർ തെങ്ങിൻതോപ്പിൽ ശീമക്കൊന്ന വളർത്തി പച്ചിലവളമായി എടുത്താൽ തെങ്ങിന് ആവശ്യമുള്ള നൈട്രജന്റെ 90 ശതമാനവും ഫോസ്ഫറസിൻ്റെ 25 ശതമാനവും പൊട്ടാഷിന്റെ 15 ശതമാനവും കിട്ടുമെന്ന് കണക്കാക്കിയിരിക്കുന്നു.
ശീമക്കൊന്ന യഥേഷ്ടം കിട്ടുമെന്നുണ്ടെങ്കിൽ തെങ്ങിന് ആവശ്യമുള്ള നൈട്രജന്റെ പകു തി അളവ് ശീമക്കൊന്ന ചേർത്തും പകുതി രാസവളം ചേർത്തും ലഭ്യമാക്കാം. ഈ രീതിയിൽ പച്ചിലവളം ചേർത്ത് വളർത്തിയ മണൽപ്രദേശത്തെ തെങ്ങിൻ തോട്ടങ്ങളിൽ തെങ്ങിൻ്റെ വിളവ് രാസവളം മാത്രം വഴി നൈട്രജൻ നൽകിയ തെങ്ങുകളുടെ വിളവിനേക്കാൾ 44 ശതമാനം അധികമായതായി കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
രണ്ടുവരി തെങ്ങിനിടയിൽ മൂന്നു വരിയായി ശീമക്കൊന്ന വളർത്തി വർഷത്തിൽ മൂന്നു പ്രാവശ്യം - ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിൽ പച്ചിലവളം വിളവെടുക്കാൻ സാധിക്കും. ഒരു ഹെക്ടർ തോട്ടത്തിൽ നിന്ന് ഈ വിധം 10 ടൺ വരെ പച്ചിലവളം കിട്ടുകയും ചെയ്യും.