മൊത്തം 10 തെങ്ങാണ് വയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 4:4:2 എന്ന അനുപാതം പരീക്ഷിക്കുക.
4 കോലൻ (Tall ), 4 സങ്കരൻ (Hybrid ), 2 കുള്ളൻ (Dwarf), 9-12 മാസം പ്രായമുള്ള, 5-6 ഓലകൾ ഉള്ള, 4-5 ഇഞ്ച് കഴു ത്തുവണ്ണമുള്ള (collar girth) ഓലക്കാലുകൾ നേരത്തേ വിരിഞ്ഞുമാറുന്നവ വേണം തെരെഞ്ഞെടുക്കാൻ.
ഓല ചീയൽ, ചെമ്പൻ ചെല്ലിയുടെ ആക്രമണം എന്നിവ രൂക്ഷമായിട്ടുള്ള സ്ഥലങ്ങളിൽ കുറിയ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ നിരന്തര ശ്രദ്ധയും പരിപാലനവും ആവശ്യമായതിനാൽ ഈ പ്രദേശങ്ങളിൽ ശുപാർശ ചെയ്തിട്ടുള്ള നെടിയ ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് നല്ലത്. അതുപോലെ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ വേഗത്തിൽ കായ്ഫലം നൽകുന്നതും, വലിപ്പമുള്ള തേങ്ങ പിടിക്കുന്നതുമായ സങ്കര ഇനങ്ങളാണ് അനുയോജ്യം.
വേനൽ മാസങ്ങളിൽ അധിക നന നൽകാൻ സൗകര്യമില്ലാത്ത ഇടങ്ങളിലേക്ക് ഡി x ടി സങ്കരയിനങ്ങളെക്കാൾ ടി*ഡി ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണുത്തമം. ഇളനീരിനായി മാത്രമാണ് കൃഷിയെങ്കിൽ അനുയോജ്യമായ കുറിയ ഇനങ്ങൾ കൃഷി ചെയ്യാം. കാറ്റ് വീഴ്ച്ച ബാധിത പ്രദേശങ്ങളിലേക്ക് ശുപാർശ ചെയ്തിരിക്കുന്ന ഇനങ്ങൾ തിരഞ്ഞെടുക്കാൻ കർഷകർ ശ്രദ്ധിക്കേണ്ടതാണ്.
തെങ്ങ് നെടിയതോ കുറിയതോ എന്ന് തിരിച്ചറിയാം
തെങ്ങിന്റെ തായ്ത്തടിയിലുള്ള മടലിന്റെ പാടുകൾ, തടിയുടെ ആകൃതി, ഓലയുടെ നീളം, പൂങ്കുല എന്നിവ നോക്കി തെങ്ങ് നെടിയതോ കുറിയതോ എന്ന് തിരിച്ചറിയാം.
നെടിയ ഇനങ്ങളിൽ തടിയുടെ ചുവടുഭാഗത്തിന് വണ്ണം കൂടുതലും പിന്നീട് മുകളിലേക്ക് ഒരേ വണ്ണത്തിൽ പോവുകയും ചെയ്യുന്നു. എന്നാൽ കുറിയ ഇനങ്ങളിൽ സിലിണ്ടർ പോലെ മുകൾ മുതൽ താഴെ വരെ ഒരേ വണ്ണത്തിൽ കാണുന്നു.
ഓല അടർന്ന പാടുകൾ നോക്കി
ഓല അടർന്ന പാടുകൾ നോക്കിയും നെടിയതോ കുറിയതോ എന്ന് തിരിച്ചറിയാം. താഴെ നിന്ന് ഒരു മീറ്റർ കഴിച്ച് മുകളിലേക്കുള്ള ഒരു മീറ്ററിൽ എത്ര ഓല അടർന്ന പാടുകളുണ്ടെന്ന് എണ്ണി നോക്കാം. നെടിയ ഇനത്തിൽ 13 മുതൽ 15 വരെ പാടുകളാണുണ്ടാവുക അതുപോലെ ഈ പാടുകൾ തമ്മിലുള്ള അകലം 10 സെന്റിമീറ്റർ എങ്കിലുമുണ്ടാകും. എന്നാൽ കുറിയ ഇനങ്ങളിൽ ഒരു മീറ്ററിൽ നെടിയതിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ഓലയടർന്ന പാടുകളുണ്ടാകും. പാടുകൾ തമ്മിൽ ഒന്നോ രണ്ടോ സെന്റിമീറ്റർ അകലം മാത്രമേ ഉണ്ടാവുകയുള്ളു.
തെങ്ങോലയുടെ നീളം
തെങ്ങോലയുടെ നീളം നോക്കിയും നെടിയതോ കുറിയതോ എന്ന് തിരിച്ചറിയാം. നെടിയ ഇനങ്ങളുടെ ഓല 5 മുതൽ 6 മീറ്റർ വരെ നീളത്തിൽ കാണുന്നു. എന്നാൽ കുറിയ ഇനങ്ങളുടെ ഓലയ്ക്ക് 4 മുതൽ 5 മീറ്റർ വരെ നീളമേ ഉണ്ടാകുകയുള്ളൂ.
പൂങ്കുല
നെടിയ തെങ്ങിനങ്ങളിൽ പൂങ്കുലയിൽ ആൺപൂക്കൾ ആദ്യം വിടരുകയും 3 ആഴ്ചയോളം നില നിൽക്കുകയും ചെയ്യുന്നു. അതിനുശേഷം 3-4 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെൺപൂക്കൾ വിടരുന്നത്. എന്നാൽ കുറിയ ഇനങ്ങളിൽ ആൺപൂക്കൾ ഉള്ള സമയം തന്നെ പെൺപൂക്കൾ വിടരും.
വളർച്ചയുടെ തോത്
വളർച്ചയുടെ തോത് നോക്കിയും നെടിയ ഇനങ്ങളെയും കുറിയ ഇനങ്ങളെയും തിരിച്ചറിയാം. നെടിയ ഇനങ്ങൾ ഒരു വർഷത്തിൽ ഒന്നര അടിയോളം വളരുന്നു. എന്നാൽ കുറിയ ഇനങ്ങൾ ശരാശരി അര അടി ഉയരം മാത്രമേ ഒരു വർഷം കൊണ്ട് വളരൂ.
നാളീകേരത്തിന്റെ ആകൃതിയും വലിപ്പവും, ഓലമടലിന്റെയും നാളീകേരത്തിന്റെയും നിറവും, തടിയും
നാളീകേരത്തിന്റെ ആകൃതിയും വലിപ്പവും, ഓലമടലിന്റെയും നാളീകേരത്തിന്റെയും നിറവും, തടിയും നോക്കി കുറിയ ഇനങ്ങളെ തമ്മിൽ തിരിച്ചറിയാം. ഉദാഹരണത്തിന് ചാവക്കാട് കുറിയ പച്ചയിൽ നാളി . കേരവും ഓലമടലും പച്ചനിറത്തിലും, നാളികേരം ചെറുതും മൂപ്പെത്തുമ്പോൾ അറ്റം ചുളിഞ്ഞു കൂർത്തു വൃത്താകൃതിയിൽ വളയത്തോടുകൂടിയും, തടി താഴെ മുതൽ മുകൾ വരെ ഒരേ വണ്ണത്തിലും കാണുന്നു, ചാവക്കാട് കുറിയ ഓറഞ്ചിൽ, ഓലയും നാളികേരവും ഓറഞ്ച് നിറത്തിലും, നാളീകേരം ഉരുണ്ടതും, തടി അധികം വണ്ണമില്ലാതെ മുകളിൽ നിന്ന് താഴെ വരെ ഒരേ വണ്ണത്തിലും കാണുന്നു. മലയൻ കുറിയ പച്ചയിൽ ഓലമടലും തേങ്ങയും പച്ച നിറത്തിലും, തേങ്ങ ഉരുണ്ടതും വലുപ്പമുള്ളതുമായും, തടിവണ്ണം താരതമ്യേന കൂടുതാലായും കാണുന്നു.