കൃഷിയിടത്തിൽ അതിർത്തിയായും വളമായും ഉപയോഗിക്കാവുന്ന ജൈവ വേലികൾ താഴെപ്പറയുന്നവയാണ്.
കൈതയും കടലാവണക്കും
പുരയിടങ്ങളുടെ അതിർത്തി തിരിച്ച് അതിന്മേൽ നിരനിരയായി കൈതയും കടലാവണക്കും മറ്റും നടുന്നത് പഴയ രീതി. ആൺ കൈതയും പെൺകൈതയുമുണ്ട്. കൈത വളർന്ന് കഴിഞ്ഞാൽ ഇവയുടെ മുള്ളു കാരണം അവയ്ക്കിടയിലൂടെ കടന്നുകയറുക ബുദ്ധിമുട്ടാകും. പഴയ നാട്ടിട വഴികളിലൂടെ നടക്കുമ്പോൾ കൈതപ്പൂവിന്റെ ഹൃദയഹാരിയായ സുഗന്ധം അതൊരനുഭവമാണ്. കൈതയുടെ ഓല മുറിച്ചെടുത്ത് മുള്ളു ചീകികളഞ്ഞ് ഉണക്കിയെടുത്താണ് പായ നെയ്തിരുന്നത്. കടലാവണക്കിന്റെ ഇലത്തണ്ട് ഒടിച്ച് ഊതി കുമിളകൾ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന കാഴ്ച മറ്റൊരനുഭവം.
ശീമക്കൊന്ന
വളരെ പെട്ടെന്ന് വളരുന്നതും കടൽ കടന്നെത്തിയ വിദേശിയുമായ സസ്യമാണ് ശീമക്കൊന്ന. വേലി കെട്ടാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നും വിധമുള്ള ആകൃതിയും പ്രകൃതിയുമാണ് ശീമക്കൊന്നക്ക്. നമ്മുടെ വേലികളെല്ലാം ശീമക്കൊന്ന കയ്യടക്കിയ ഒരു കാലമുണ്ടായിരുന്നു. ഒരേ ഘനത്തിൽ ഒരേ നീളത്തിൽ ബലമുള്ള കമ്പുകൾ വേലികെട്ടാനായി ഉപയോഗിക്കുന്ന കമ്പുകളെ വേലിപ്പത്തലുകൾ എന്നാണ് പൊതുവേ പറയുക. പച്ചിലവളമായും കാലിത്തീറ്റയായുമൊക്കെ ശീമക്കൊന്നയുടെ ഇല ഉപയോഗിച്ചിരുന്നു.
വലിച്ചീനി
വേലിപ്പത്തലായി മരച്ചീനിയുടെ ബലമുള്ള കമ്പും ഉപയോഗിച്ചിരുന്നു. 'എം' എന്ന ഇനം മരച്ചീനിയുടെ കമ്പാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. വേലി പൊളിച്ച് പുതുതായി കെട്ടുമ്പോൾ മുറിപ്പിൽ വളർന്നു നിൽക്കുന്ന 'വേലിച്ചീനി പിഴുതെടുക്കാം. സാധാരണയിൽ കവിഞ്ഞ കിഴങ്ങു പിടുത്തം വേലിച്ചീനിയുടെ പ്രത്യേകതയാണ്. ഇങ്ങനെ കിട്ടുന്ന മരച്ചീനി അയൽക്കാർക്കൊക്കെ പങ്കുവെയ്ക്കുകയും ചെയ്യും. അങ്ങനെ വേലിപ്പത്തൽ ഭക്ഷ്യ സുരക്ഷയ്ക്കും അയൽപക്ക് സൗഹൃദത്തിനും ഉപാധിയായി മാറുകയും ചെയ്യുന്നു.