മണ്ണിൽ നേരിട്ട് കൃഷി ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. മണ്ണിൽ നേരിട്ട് കൃഷി ചെയ്യുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കൃഷി പൂർണ്ണ പരാജയമായി പോകും.
പ്രധാനമായി ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ.
പ്രധാനമായും മണ്ണിലൂടെ പകരുന്ന ചില രോഗബാധയാണ് അതിനെ പ്രതിരോധിക്കാനായി നാം ചെയ്യേണ്ടത് മണ്ണ് പരിപാലിച്ചു കൃഷി ഇറക്കുക എന്നതാണ്.
മണ്ണുപരിപാലനം
നല്ലരീതിയിൽ മണ്ണ് കിളച്ചെടുത്തു കല്ലും കട്ടയും മാറ്റിയെടുത്തു ആ മണ്ണിനെ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്ത്ത നനവില് നിരപ്പാക്കണം.
നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.ഇത്തരത്തിൽ മിനിമം 15 ദിവസം വെയിലുകൊള്ളിച്ചു അതിൽ ഡോളോമൈറ്റ് വിതറി(1 സ്‌ക്വർ മീറ്റർ മണ്ണിനു 100gm) നനച്ച മണ്ണിനെ ബെഡ്(50 cm ഉയരം 1M വീതി) ഒരുക്കി ഈ മണ്ണിനുമുകളില് പോളിത്തീന് ഷീറ്റ് വിരിക്കണം.
100-150 ഗേജ് കട്ടിയുള്ള പോളിത്തീന് ഷീറ്റാണ് ഉത്തമം. പോളിത്തീന് ഷീറ്റ് മണ്ണില് നല്ലവണ്ണം ചേര്ന്ന് ഉറച്ചിരിക്കാനായി അരികുകളില് മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില് മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള് നശിക്കുകയും ചെയ്യും. ഒരു മാസംവരെ താപീകരിച്ച മണ്ണാണ് കൃഷിക്ക് അത്യുത്തമം (കുറഞ്ഞത് ഒരു 15 ദിവസമെങ്കിലും ഇങ്ങനെ വെയ്ക്കണം)
ഇത്തരത്തിൽ പരിപാലനം ചെയ്തമണ്ണിൽ ജീവാണുക്കളെ കൊടുക്കേണ്ടതുണ്ട് അതിനായി ജീവാമൃതമോ, EM ലായനിയോ സ്പ്രേ ചെയ്ത് അതിൽ അടി വളങ്ങൾ ചേർക്കാവുന്നതാണ്.
ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം എന്നിവ ട്രൈക്കോഡർമയുമായി ചേർത്തു സമ്പുഷ്ടീകരിച്ചു ഉപയോഗിക്കുക അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കാം. ഇത്തരത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന മണ്ണിൽ രണ്ടാഴ്ചക്ക് ശേഷം കൃഷി ആരംഭിക്കാവുന്നതാണ്.
NB:- ചെടികൾ നടുന്നതിന് മുൻപ് വേര് പടലത്തിന്റെ അടിഭാഗത്തായി VAM ഇട്ടു കൊടുക്കുന്നത് ചെടികളുടെ വളർച്ചക്കും വേരിൽക്കൂടി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാനുമുള്ള ഏറ്റവും നല്ല ഉപാധിയാണ്
കടപ്പാട്:- ദീപൻ വേണു