കാടാണ് മനുഷ്യൻ്റെ തറവാടെന്ന് നാം മനസ്സിലാക്കി കഴിഞ്ഞതാണ്. കാട്ടിൽ വെച്ച് തന്നെ മനുഷ്യൻ്റെ ശാരീരിക പരിണാമം ഏതാണ്ട് പൂർത്തീകരിച്ചു. നാലു കാലിൽ നടന്നവൻ, രണ്ടു കാലിൽ നിവർന്ന് നിന്നു. കാട് വിട്ട മനുഷ്യൻ നദീതടങ്ങളിൽ സ്ഥര താമസം തുടങ്ങി. അലഞ്ഞുതിരിഞ്ഞ് ഭക്ഷണം തേടുന്നതിന് പകരം, കാട്ടിൽ നിന്നും പുഴ കൊണ്ടുവന്നിട്ട, നദീതടങ്ങളിലെ ജീവനുള്ള എക്കലിൽ കൃഷി ആരംഭിച്ചു. അനുയോജ്യമായ സസ്യങ്ങളെ കണ്ടെത്തി ജീവനുള്ള മണ്ണിൽ, കൈകൾ കൊണ്ട് നട്ട് നനച്ച് താലോലിച്ച് വിളവ് കൊയ്യാമെന്നവൻ കണ്ടെത്തി. ജീവികളെ ഇണക്കി വളർത്തി. ഈ പ്രക്രിയയിലൂടെയാണ് ബുദ്ധിയുടെ പരിണാമ വികാസം വേഗത്തിലായത്. ധാന്യങ്ങൾ ശേഖരിച്ചു വെയ്ക്കാൻ ഒരു പാത്രം വേണ്ടി വന്നു.
നല്ല മണ്ണെടുത്ത് ചവിട്ടിക്കുഴച്ച് പതം വരുത്തി കൈവിരൽ കൊണ്ട് ആദ്യമായി കലം മെനഞ്ഞപ്പോൾ തലയിൽ തെളിഞ്ഞ ഒരു ആകൃതിയിൽ സൃഷ്ടി നടത്തുകയായിരുന്നു. ഇത് ബുദ്ധിവികാസത്തിന് ആക്കംകൂട്ടി മണ്ണ് കുഴച്ച് വീട് വെച്ചപ്പോഴും, കൃഷിയ്ക്കായി മണ്ണ് ഒരുക്കിയപ്പോഴും മണ്ണിൽ ഞാറു നടുമ്പോഴും മണ്ണുമായുള്ള ബന്ധം ആഴത്തിലുള്ളതായി. അമ്മ അടുക്കളയിൽ ആഹാരം പാകം ചെയ്യുന്നതു കണ്ട് അനുകരിച്ച് കുട്ടികൾ മണ്ണ് വാരിക്കളിയ്ക്കുമ്പോൾ അതൊരു വെറും കളിയല്ലെന്നും, അനന്തര തലമുറയുടെ ബുദ്ധി വികസിപ്പിയ്ക്കാനുള്ള പ്രകൃതിയുടെ പാഠ്യപദ്ധതിയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ചൂണ്ടാണി വിരൽ കൊണ്ട് മണ്ണിൽ ആദ്യാക്ഷരം എഴുതി പഠിച്ചും, ജീവനുള്ള മഞ്ചാടിക്കുരു വാരിയുമൊക്കെ നാം അറിയാതെ തന്നെ നമ്മുടെ ബുദ്ധിവികാസം സംഭവിച്ചു കൊണ്ടിരുന്നു.
ജീവനുള്ള മണ്ണിൽ ജീവനുള്ള സസ്യത്തെ ജീവനുള്ള കൈകൊണ്ട് നട്ട് പരിപാലിച്ചപ്പോഴുണ്ടായി വന്ന ബുദ്ധിവികാസം മുന്നോട്ടു പോകണമെങ്കിൽ, മണ്ണുമായുള്ള ബന്ധം നിലനിർത്തിയേ പറ്റൂ. അനന്തര തലമുറയിലെ കുഞ്ഞുങ്ങളെ മണ്ണിലിറക്കാതെ, വെള്ളത്തിലിറങ്ങാതെ, പ്രകൃതിയിൽ നിന്നും അകറ്റി വളർത്തിയാൽ ബുദ്ധിപരമായി നമ്മുടെ കുട്ടികൾ പിന്നോക്കം പോകും.
മണ്ണിൽ ഇറങ്ങാത്ത കുട്ടിയെ മണ്ണിൽ ഇറങ്ങുന്ന കുട്ടി എല്ലാ കാര്യത്തിലും പിന്നിലാക്കുക തന്നെ ചെയ്യും. മനുഷ്യകുലത്തിന് കൃഷി ഒരു മണ്ണെഴുത്താണ്. അത് യന്ത്രങ്ങൾക്ക് കൈമാറിയാൽ ഉണ്ടാകുന്ന നഷ്ടം വിലയിരുത്താനാവാത്തതായിരിയ്ക്കും.