കുലകുലയായി വളരുന്ന പൂങ്കുലയിൽ വെളുത്ത നിറമുള്ള വിത്തോടു കൂടിയ മണി ചോളത്തിൽ പ്രോട്ടീനും, ഭക്ഷ്യനാരും, ഇരുമ്പു സത്തും ധാരാളമുണ്ട്. വിളർച്ചയെന്ന വ്യാധിയെ ചെറുക്കുന്നു. ശരീരതാപം കുറയ്ക്കുവാനായി വേനൽകാലത്ത് കൂടുതൽ ഉപയോഗിക്കുന്നതാണ് ഉത്തമം.
അന്തരീക്ഷ ഊഷ്മാവ് 30°c ആണ് ഏറ്റവും അനുയോജ്യം എന്നിരുന്നാലും ചൂടുള്ള കാലാവസ്ഥയിലും നന്നായി വളരുന്നു. മഴ വളരെ കുറച്ച് മതിയാകും 250 മുതൽ 400 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന വരണ്ട പ്രദേശങ്ങളിൽ പോലും മണിചോളം കൃഷി ചെയ്യാവുന്നതാണ്. മണ്ണിന്റെ ഉപ്പുരസവും, ക്ഷാര ഗുണ വുമെല്ലാം ഈ വിളയുടെ വിളവിനെ ബാധിക്കുന്നില്ല. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷി മെയ് മുതൽ ആഗസ്റ്റ് വരെയും ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിൽ ജനുവരി മുതൽ ഏപ്രിൽ വരെയും അനുവർത്തിക്കുന്നതാണ് അഭികാമ്യം.
CO-1, CO-10, CO-12, CO-17, K-1, K-2 എന്നീ ഇനങ്ങളും, സങ്കരയിനങ്ങളായ SH-1, CSH-2, CSH-3, CSH-4, CO-1 തുടങ്ങിയ ഇനങ്ങളും നമ്മുടെ നാട്ടിൽ കൃഷിചെയ്യാം.
വിത്തിന്റെ തോത് ഹെക്ടറൊന്നിന് 12 മുതൽ 15 കിലോഗ്രാമായി നിജപ്പെടുത്തിയിരിക്കുന്നു. 45 ×15 സെ.മി അകലത്തിൽ രണ്ടു വിത്തുവീതം വിതയ്ക്കാവുന്നതാണ്.
അടിവളമായി ഹെക്ടറൊന്നിന് 5 ടൺ കാലിവളം നൽകണം. മഴയെ മാത്രം ആശ്രയിച്ചു കൃഷിചെയ്യുമ്പോൾ 45 : 25 :25 കിലോഗ്രാം എന്ന നിരക്കിലും നൈട്രജൻ, ഫോസ്ഫറസ്സ്, പോട്ടാസിയം നൽകണം. നൈട്രജൻ പകുതിയും മുഴുവൻ ഫോസ്ഫറസും, പൊട്ടാസിയവും അടിവളമായും പകുതി നൈട്രജൻ വിത്ത് വിതച്ച് ഒരു മാസം കഴിയുമ്പോഴും നൽകണം. മേൽവളം ചെയ്യുന്നതിന് ഒരാഴ്ച മുമ്പായി അധികമുള്ള തൈകൾ നീക്കം ചെയ്യുകയും ഇട ഇളക്കുകയും കള നിയന്ത്രണവും അനുവർത്തിക്കണം