വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്ന ആഗ്രഹം സ്ഥല പരിമിതിമൂലം പലരും മാറ്റിവെയ്ക്കുന്നു. ഇതിന് ഒരു പരിഹാരമായി ആണ് വെർട്ടിക്കൽ കൃഷി രീതിയുടെ വരവ്. സ്ഥലപരിമിതി മറികടക്കാന്‍ കാര്‍ഷിക വിളകളെ പലതട്ടിലായി കൃഷിചെയുന്നതാണ് വെര്‍ട്ടിക്കല്‍ കൃഷി രീതി. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിന് കർഷകരെ സഹായിക്കുന്ന ഈ രീതിയ്ക്ക് നഗരങ്ങളിൽ പ്രചാരം വർധിച്ചു വരികയാണ്.
ഫ്ലാറ്റുകൾ മുതലായവ സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിൽ ഈ രീതി ഫലപ്രദമാണ്. .ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ പ്രൊഫസറായ ഡിക്സൺ ഡെസ് പോമിയറാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. കേരളത്തിലെ മട്ടുപ്പാവുകളിൽ നാം ചെയ്യുന്ന കൃഷിയുടെ പരിഷ്കരിച്ച പതിപ്പാണ് വെർട്ടിക്കൽ ഫാമിങ് എന്ന് പറയാം. ഹരിതഗൃഹങ്ങളിൽ സസ്യങ്ങൾ വളർത്തുന്ന അതേരീതിയാണ് ഇവിടെയും അവലംബിക്കുന്നത്. മണ്ണിനുപകരം ചകിരിച്ചോറാണ് ഉപയോഗിക്കുന്നത്. മൂന്ന് അടിയോളം പൊക്കത്തിൽ ഇരുമ്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി.ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കാം. ഒരു ചെടിച്ചട്ടിയുടെ വിസ്തൃതിയിൽ നിർമിക്കുന്ന കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് വെർട്ടിക്കൽ കൃഷി രീതിയുടെ മെച്ചമെന്ന് കർഷകർ പറയുന്നു. യുവജങ്ങൾക്കാണ് വെർട്ടിക്കൽ ഫാമിങ്ങിനോട് താല്പര്യം. മറ്റു തൊഴിലുകൾ ചെയ്യുന്നവരും കൂടുതൽ കൃഷി സ്ഥലമില്ലാത്തവരുമൊക്കെയാണ് ഇത്തരം കൃഷി രീതിയെ ഫലപ്രദമായി ഉപയോഗിക്കുന്നത്. വെർട്ടിക്കൽ ഫാമിങ്ങിൽ കൃഷിക്കാവശ്യമായ കാറ്റും വെളിച്ചവുമെല്ലാം ലഭിക്കും എന്ന മേന്മയുണ്ട്. വിശാലമായ പറമ്പുകളിൽ വയ്ക്കുന്ന കൃഷി പോലെ എല്ലാ വിളകളും വെർട്ടിക്കൽ ഫാമിങ്ങിൽ ഉൾപ്പെടുത്താനാവില്ല. എങ്കിലും ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ലഭിക്കും. നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിഷവിമുക്തമായ പച്ചക്കറികൾ ലഭിക്കാനും ഈ മാർഗം നല്ലതാണ്. കുത്തനെ നിൽക്കുന്ന വീപ്പയിലോ അതുപോലെ ചെറിയ കുഴലുകളിലോ ഒക്കെ വെർട്ടിക്കൽ ഫാമിങ് ചെയ്യാം.
വെർട്ടിക്കൽ ഫാമിങ്ങിന്റെ ഗുണങ്ങൾ.
കൃഷിഭൂമി ഇല്ലാത്തവർക്ക് വീടിനകത്തുപോലും കൃഷി ചെയ്യാം.
മഴ കുറവുള്ള പ്രദേശങ്ങളിൽ ലഭ്യമായ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാം.
സാധാരണ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വെർട്ടിക്കൽ ഫാമിങ്ങിലെ വിളകളെ ബാധിക്കില്ല. നിയന്ത്രിതമായ അന്തരീക്ഷം ഒരുക്കിയാണ് നാം വിളകൾ വളർത്തുന്നത്.
10 മുതൽ 15 കിലോ ഗ്രാം വരെ പച്ചക്കറി ഒറ്റ കൂടക്കുള്ളിൽ നിന്നും ലഭിക്കും. ഇത്തരത്തിൽ ഉള്ളി, കിഴങ്ങ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചീര എന്നിവ വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. വീട്ടിലേക്കുള്ള പച്ചക്കറി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ജൈവ പച്ചക്കറി മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തിച്ചാൻ കുടുംബ ബജറ്റിലേക്ക് ഒരു ചെറിയ വരുമാനവും നേടിത്തരും വെർട്ടിക്കൽ കൃഷി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വരുന്നൂ ശൈത്യകാലം; പരിചയപ്പെടാം ശൈത്യകാല പച്ചക്കറികൃഷികളെ