കമ്പോസ്റ്റ് പോലെതന്നെ ജൈവവസ്തുക്കൾ കൂനയായി ഇട്ടോ, മണ്ണിരക്കമ്പോസ്റ്റ് കുഴികൾ തീർത്ത് അതിലോ, പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളിലോ ഒക്കെ മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കാം. എന്നാൽ മണ്ണിരകൾക്ക് എലി, കീരി, ഉറുമ്പുകൾ എന്നിവയുടെ ശല്യമുണ്ടാകാതിരിക്കുവാൻ ഇതിനായി പ്രത്യേകം സജ്ജീകരിച്ച മണ്ണിരക്കമ്പോസ്റ്റ് ടാങ്കുകൾ തന്നെയാണ് ഉത്തമം. ടാങ്കുകൾ സിമന്റു കൊണ്ടുണ്ടാക്കുന്നതായാൽ ദീർഘകാലം പ്രയോജനപ്പെടുത്താം.
അധികം ജൈവവസ്തുക്കൾ നിക്ഷേപിക്കാനില്ല എങ്കിൽ കിണറിൽ ഉപയോഗിക്കുന്ന സിമന്റ് ഉറകൾ മതിയാകും. കൂടുതലായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കാനുദ്ദേശിക്കുന്നവർ സിമന്റും ഇഷ്ടികയും ഉപയോഗിച്ച് ടാങ്കുകൾ കെട്ടിയുണ്ടാക്കുന്നതാണ് ഉചിതം. ഇത്തരം ടാങ്കുകൾ ഒറ്റയായോ ഇരട്ടയായോ നിർമ്മിക്കാം. ഇരട്ടയായി നിർമ്മിക്കുകയാണെങ്കിൽ അവയെ വേർതിരിക്കുന്ന ഭിത്തിയിൽ തറയോടു ചേർന്ന് മധ്യഭാഗത്തായി രണ്ട് അറകളെയും തമ്മിൽ ബന്ധിപ്പിക്കത്തക്കവിധം ഒരു ദ്വാരം ഇടുന്നതു നന്നായിരിക്കും ഒന്നിൽ ചവറുകൾ നിറയുമ്പോൾ മറ്റേതിലേക്ക് ഇട്ടുതുടങ്ങാം.
ഒന്നിലെ മാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റി ക്കഴിഞ്ഞാൽ ആഹാരം കുറയുന്നതനുസരിച്ച് മണ്ണിര സ്വയം ഈ ദ്വാരത്തിലൂടെ അടുത്ത അറയിലേക്കു കടന്നുകൊള്ളും. ടാങ്കിന് അരമീറ്ററിലധികം ആഴമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആഴം കൂടിയാൽ മണ്ണിരയുടെ പ്രവർത്തനത്തിനാവശ്യമായ വായു ലഭിക്കുകയില്ല.
ടാങ്ക് അല്പം ഉയർത്തിക്കെട്ടിയ ഒരു ബേസിൽ നിർമ്മിക്കുകയാണെങ്കിൽ ഒരു കുഴലിലൂടെ വെർമ്മി വാഷ് ശേഖരിക്കാൻ സൗകര്യമായിരിക്കും. ടാങ്കിനു ചുറ്റുമായി വെള്ളം കെട്ടിനിൽക്കത്തക്ക രീതിയാൽ ഒരു പാത്തി നിർമ്മി ച്ചാൽ ഉറുമ്പുകൾ ടാങ്കിലേക്കു കടക്കുന്നത് തടയാം. മഴ നനയാതിരിക്കാൻ ടാർപോളിനോ ഓലയോ കൊണ്ടുള്ള മേൽക്കൂര ആവശ്യമാണ്.