ഓണപ്പൂക്കളങ്ങളിലെ ഒഴിച്ചു കൂട്ടാനാവാത്ത പുഷ്പ സാന്നിധ്യമാണ് ചെണ്ടുമല്ലിപ്പൂക്കൾ. ബന്ദിപ്പൂ, ചെട്ടിപ്പൂ, മല്ലിക എന്നീ പ്രാദേശിക പേരുകളിലും ഇവ അറിയപ്പെടുന്നു. ടാജറ്റിസ് ഇറക്ടസ് എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ മല്ലികയാണ് ഓണക്കാലത്ത് കൃഷി ചെയ്യുന്നത്. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന തുറസ്സായതും, മണ്ണിന് നീർവാർച്ചയുള്ളതുമായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. താരതമ്യേന എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു ഹ്രസ്വകാല വിളയാണിത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിയിറക്കുന്നവർക്ക് തരിശു ഭൂമിയിലും കൃഷി ചെയ്യാവുന്നതാണ്. സീസണിൽ കിലോഗ്രാമിന് 100 മുതൽ 200 രൂപ വരെ ലഭിക്കും. ഓണത്തിന് വിളവെടുക്കാൻ ജൂൺ ആദ്യവാരം തന്നെ തൈകൾ നടേണ്ടതാണ്.
ഇനങ്ങൾ
ഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള ഇനങ്ങൾ ലഭ്യമാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പുസ നാരംഗി ജയിൽ (ഓറഞ്ച്), പുസ ബസന്തി ജയിന്റെ (മഞ്ഞ), ഇന്ത്യൻ ഹോർട്ടികൾച്ചർ ഗവേഷണ കേന്ദ്രത്തിലെ അർക്ക ബംഗാര (മഞ്ഞ), അർക്ക അഗ്നി (ഓറഞ്ച്) എന്നിവ അംഗീകൃത കമ്പനികളിൽ നിന്നും ഓൺലൈൻ, കൊറിയർ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിത്തുകൾ ലഭ്യമാണ്.
തൈകൾ തയ്യാറാക്കാം
ഒരു സെന്റ് സ്ഥലത്തേക്ക് കൃഷി ചെയ്യാൻ ഏകദേശം 2-3 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ പാടകളിൽ പാകി മുളപ്പിച്ച് നടുന്നതാണ് അഭികാമ്യം. ഇതിനായി ചകിരിച്ചോർ കമ്പോസ്റ്റ്, ലൈറ്റ് എന്നിവ 3:1 എന്ന അനുപാതത്തിൽ കലർത്തിയ മാധ്യമം ഉപയോഗിക്കാം. തൈകൾ ആരോഗ്യത്തോടെ വളരാൻ മുളച്ച് 10 ദിവസം പ്രായമാവുമ്പോൾ നേർപ്പിച്ച വെർമിവാഷ് (20 മി.ലി./ലിറ്റർ വെള്ളം) അല്ലെങ്കിൽ ചാണക സ്ലറിയുടെ തെളി (1 കി.ഗ്രാം/10 ലിറ്റർ വെള്ളം) എന്നിവ ഇലകളിൽ തളിച്ചു കൊടുക്കാവുന്നതാണ്. തൈകൾ 20-25 ദിവസം പ്രായമാവുമ്പോൾ പറിച്ചുനടാം.
കൃഷിയിടം ഒരുക്കാം
ഒരടി ആഴത്തിൽ മണ്ണ് നന്നായി കിളച്ചതിനുശേഷം സെന്റിന് 2-3 കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് കൊടുക്കുക. രണ്ടാഴ്ച കഴിഞ്ഞ് 100 കി. ഗ്രാം ജൈവ വളം അല്ലെങ്കിൽ 50 കി.ഗ്രാം കോഴിവളം ചേർത്ത് നടാം. മഴക്കാലമായതിനാൽ നീർവാർച്ച ഉറപ്പു വരുത്തുന്നതിനായി 15-20 സെ.മീ. ഉയരത്തിൽ വാരങ്ങളെടുത്താണ് നടേണ്ടത്. വരികൾക്കിടയിലും ചെടികൾക്കിടയിലും 45 സെ.മീ. ഇടയകലം നൽകണം. ഈ രീതിയിൽ നടുകയാണെങ്കിൽ ഒരു സെന്റിൽ പരമാവധി 200 തൈകൾ നടാം. ഓരോ മൂന്ന് വരികൾ കഴിഞ്ഞ് ഒന്നര അടി അകലം നൽകുന്നത് കള പറിക്കൽ, തലപ്പ് നുള്ളൽ, വിളവെടുപ്പ്, മറ്റ് കൃഷിപ്പണികൾ എന്നിവ ചെയ്യാൻ സൗകര്യപ്രദമായിരിക്കും.
വിള പരിപാലനം
പൂവിടുന്നതിന് മുൻപ് രണ്ടാഴ്ച കൂടുമ്പോൾ ചാണക സ്ലറി (1 കി.ഗ്രാം ചാണകം 10 ലിറ്റർ വെള്ളത്തിൽ) | ഗോമൂത്രം (8 ഇരട്ടി നേർപ്പിച്ചത്) ബയോ ഗ്യാസ്സ്ലറി (1 കി.ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്നിവയിലേതെങ്കിലും ചുവട്ടിലൊഴിച്ച് നൽകണ്ടതാണ്. ചെടികൾ നട്ട് നാലാഴ്ച കഴിയുമ്പോൾ തലപ്പ് നുള്ളണം. ഇപ്രകാരം ചെയ്യുന്നത് ചെടികൾ ഉയരം കുറഞ്ഞ് ധാരാളം പാർശ്വശാഖകളോടെ വളരുന്നതിനും കൂടുതൽ പൂക്കൾ ഉല്പാദിപ്പിക്കുന്നതിനും സഹായിക്കും. അതോടൊപ്പം തന്നെ ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ലഭ്യത അനുസരിച്ച് വളർച്ചാ ത്വരകങ്ങളായ പഞ്ചഗവ്യം, മീൻ അമിനോ ആസിഡ്, മുട്ട് അമിനോ ആസിഡ് തുടങ്ങിയവയിലേതെങ്കിലും ഇലകളിൽ തളിക്കുന്നത് വിളവ് വർദ്ധിപ്പിക്കും. ചെടികൾ നട്ട് 45 ദിവസം മുതൽ പൂമൊട്ടുകൾ രൂപം കൊള്ളും. ഇവ നിലനിർത്തി നേരത്തെ വരുന്ന പൂമൊട്ടുകൾ നുള്ളിക്കളയണം. ചെടികൾക്ക് ചാഞ്ഞു വീഴാതിരിക്കാൻ കമ്പുകളോ കയറോ ഉപയോഗിച്ച് താങ്ങ് നൽകേണ്ടതാണ്.
വിളവെടുപ്പ്
ഹൈബ്രിഡ് ഇനങ്ങളിൽ 60-65 ദിവസത്തിൽ പൂക്കൾ വിരിയും. പൂർണ്ണമായി വിടർന്ന പൂക്കൾ 70 ദിവസം മുതൽ വിളവെടുത്ത് തുടങ്ങാം. പൂക്കളിൽ മഴ വെള്ളം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അത് കളഞ്ഞതിന് ശേഷം വേണം വിൽപ്പന നടത്താൻ ഇന ങ്ങളുടെ ഉത്പാദനക്ഷമത അനുസരിച്ച് സെന്റിന് 60 മുതൽ 100 കിലോഗ്രാം പൂക്കൾ ലഭിക്കും.
സസ്യസംരക്ഷണം
കേരളത്തിലെ ചെണ്ടുമല്ലി കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് ബാക്ടീരിയ മൂലമുള്ള വാട്ടം. വൻതോതിൽ കൃഷി ചെയ്യുമ്പോൾ ഇതിനെതിരെയുള്ള പ്രതിരോധ നടപടികൾ അനുവർത്തിക്കേണ്ടത് അത്യാവശ്യമാണ്. മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കുന്നതിനായി കുമ്മായം നിർബന്ധമായും ചേർക്കണം: മിതക്രമികളായ ട്രൈക്കോഡെർമ സമ്പുഷ്ട ജൈവ വളം അടിവളമായി ചേർക്കണം. മിത്ര ബാക് ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് രണ്ടാഴ്ച കൂടുമ്പോൾ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ഇലകളും പൂമൊട്ടുകളും തിന്നുന്ന പുഴുക്കൾക്ക് എതിരെ വേപ്പധിഷ്ടിത മിത്രകുമിളായ ബിവേറിയയോ ഉപയോഗിക്കാം. അല്പം മുന്നൊരുക്കം ഉണ്ടെങ്കിൽ നമ്മുടെ പൂന്തോട്ടത്തിൽ നിന്നും അത്തം മുതൽ പൂപറിക്കാം.