ഏതുതരത്തിലുള്ള കാലാവസ്ഥയും മണ്ണുമാണ് കാബേജ്, കോളിഫ്ളവർ വളരാൻ അനുയോജ്യം
തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇവയുടെ വളർച്ചയ്ക്ക് ആവശ്യം. ചൂടിനെ അതിജീവിക്കാൻ കഴിവുള്ള ചില ഇനങ്ങളും കൃഷി ചെയ്തു വരുന്നു. എന്നാൽ നല്ല നീർവാർച്ചയുള്ളതും വളകൂറുമുള്ള പശിമരാശി മണ്ണാണ് ഇവയുടെ കൃഷിക്ക് യോജിച്ചത്. വിത്ത് പാകി തൈയുണ്ടാക്കി പറിച്ചു നട്ടാണ് ഇവ കൃഷി ചെയ്യുന്നത്. ആഗസ്റ്റ്-നവംബർ മാസങ്ങളാണ് വിത്ത് പാകാൻ പറ്റിയ സമയം.
കേരളത്തിൽ കൃഷി ചെയ്യുവാൻ അനുയോജ്യമായ വിത്തിനങ്ങൾ
കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഇനങ്ങൾ താഴെ കാണുന്നവയാണ്.
കാബേജ്-സെപ്റ്റംബർ, പൂസാ ഡ്രം ഹെഡ്, പ്രൈഡ് ഓഫ് ഇന്ത്യ ഗോൾഡൻ ഏക്കർ, കാവേരി, ഗംഗ, ശ്രീഗണേഷ്.
കോളിഫ്ളവർ-പൂസ ഏർലി സിന്തറ്റിക്, ഹിമാനി, സ്വാതി, പുസാദി പാളി, ഏർലി പാറ്റ്ന, സ്നോബാൾ-16
നോർക്കോൾ-ഏർലി വൈറ്റ്, വിയന്ന, പർപ്പിൾ വിയന്ന
തൈ തയാറാക്കുന്ന വിധവും പറിച്ചു നടുന്ന രീതിയും
തവാരണകൾ തയാറാക്കി അതിലോ വളരെ കുറച്ചു തൈകൾ മതിയെങ്കിൽ മണ്ണു നിറച്ച ചട്ടികളിലോ തൈകൾ വളർത്തിയെടുക്കണം. തവാരണകളിൽ ഒരു സെ.മീറ്റർ താഴ്‌ചയിലും 5 സെ.മീറ്റർ അകലത്തിലും വരിവരിയായി വിത്തിടുന്നു. 3-5 ആഴ്‌ച പ്രായമായ തൈകളാണ് പറിച്ചു നടാൻ ഉപയോഗിക്കുന്നത്. ഒരു ഹെക്ടറിലേക്ക് 500 -750 ഗ്രാം വിത്ത് വേണം. ഒരു സെൻ്റിൽ കൃഷി ചെയ്യാൻ ഏകദേശം 5 ഗ്രാം വിത്ത് മതിയാകും.
മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത ശേഷം നിലം നിരപ്പാക്കി വളം ചേർക്കണം. നടുമ്പോൾ വരികൾ തമ്മിലും ചെടികൾ തമ്മിലും 45 സെ.മീറ്റർ വീതം അകലം നൽകണം.
കാബേജ്, കോളിഫ്ളവർ എന്നിവ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം മറ്റു കൃഷിപ്പണികൾ
തുടർച്ചയായി കൃഷിസ്ഥലത്ത് ഈർപ്പം നിലനിർത്തണം. കളകളും മറ്റും നീക്കം ചെയ്യാനും മണ്ണിന് ആവശ്യമായ ഇളക്കം ലഭിക്കുന്നതിനും ഇടയിളക്കൽ നൽകണം.
മേൽവളം ചെയ്യുമ്പോൾ ചുവട്ടിൽ മണ്ണു കൂട്ടിക്കൊടുക്കണം. കേരളത്തിലെ സമതല പ്രദേശങ്ങളിൽ തണുപ്പ് ആവശ്യത്തിനു ലഭ്യമല്ലാത്തതിനാൽ കാബേജിൻ്റെ ഇലകൾ വിരിഞ്ഞു വളരാതിരിക്കാൻ ഇലകളുടെ അഗ്രം ചേർത്ത് ട്വയിൻ കൊണ്ട് കെട്ടുന്നത് നല്ലതാണ്.