വെള്ളത്തിൽ നന്നായി കഴുകിയെടുത്ത പാൽക്കട്ടിയിൽ 60-80 ശതമാനവും വെള്ളമായിരിക്കും. പാൽക്കട്ടി പെട്ടെന്നു ഉണങ്ങണമെങ്കിൽ ഈ വെള്ളം ഞെക്കി നീക്കം ചെയ്യണം. പാൽക്കട്ടിയുടെ കനം കുറയ്ക്കുകയും പ്രതല വിസ്‌തൃതി കൂട്ടുകയും വേണം. ഇതിനാലാണ് പ്രത്യേകം റോളറുകളിൽ കടത്തി വിടുന്നത്. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന റോളറുകളാണ് ചെറുകിട കർഷകർ സാധാരണ ഉപയോഗിക്കാറുള്ളത്. മിനുസമുള്ള പ്രതലവും പൊഴികളുള്ളതുമായ രണ്ടു തരം റോളറുകൾ ഷീറ്റടിക്കാൻ ഉപയോഗിക്കുന്നു. 610 മി.മീറ്റർ x 125 മി.മീറ്റർ അല്ലെങ്കിൽ 610 മി.മീറ്റർ x 110 മി.മീറ്റർ വലിപ്പത്തിലുള്ള ഒരു സെറ്റ് കാസ്റ്റ് അയൺ റോളറുകളോ 610 മി.മീ. x 120 മി.മീ., അല്ലെങ്കിൽ 610 മി.മീ. x 105 മി.മീ. വലിപ്പത്തിലുള്ള ഒരു സെറ്റ് മൈൽഡ് സ്റ്റീൽ റോളറുകളാണ് റബ്ബർബോർഡ് ശുപാർശ ചെയ്തിട്ടുള്ളത്. മണിക്കൂറിൽ 40 മുതൽ 50 വരെ ഷീറ്റുകൾ ഇതിൽക്കൂടി അടിച്ചെടുക്കാം. ഷീറ്റുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ മോട്ടോർ പിടിപ്പിച്ച റോളറുകളോ ഷീറ്റിംഗ് ബാറ്ററികളോ ഉപയോ ഗിക്കാം.
പാൽക്കട്ടി ആദ്യം മിനുസമുള്ള റോളറിൽക്കൂടി മൂന്നു തവണ കടത്തി വിട്ട് കനം കുറയ്ക്കണം. ഓരോ തവണ കടത്തി വിടുമ്പോഴും റോളറുകൾ തമ്മിലുള്ള അകലം ക്രമമായി കുറച്ചു കൊണ്ടു വരണം. പാൽക്കട്ടിയുടെ കനം അവസാനം 3 മി.മീറ്റർ ആയിരിക്കത്തക്ക വിധം റോളറുകൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. റോളറിലെ പാടുകൾ ഷീറ്റിൽ നല്ലവണ്ണം പതിയത്തക്ക വിധം ഷീറ്റാക്കിയെടുത്ത പാൽക്കട്ടി ഇനി പൊഴികളുള്ള റോളറുകളിൽക്കൂടി ഒരു തവണ കടത്തി വിടണം. റോളറുകളിൽക്കൂടി കടത്തിവിടുന്ന സമയത്ത് ഷീറ്റുകൾ തുടർച്ചയായി കഴുകിക്കൊണ്ടിരിക്കണം. അടിച്ചെടുത്ത ഷീറ്റ് വെള്ളത്തിൽ ഇട്ട് നന്നായി ഉലച്ചു കഴുകുകയും വേണം. അടച്ചെടുത്ത ഷീറ്റ് വെള്ളം വാർന്നു പോകുന്നതിനായി രണ്ടു മൂന്നു മണിക്കൂർ നേരം തണലിൽ തുക്കിയിടണം.