മഴക്കാലം കഴിഞ്ഞാൽ ഉടൻ നടാനുദ്ദേശിക്കുന്ന ഭാഗം വൃത്തിയാക്കി മണ്ണു നന്നായി ഇളക്കണം. വേരു വെട്ടിമാറ്റിയതിനു ശേഷം കൂട്ടത്തോടെയുള്ള പഴയ മുട്ടിൽ നിന്ന് കിഴങ്ങോടു കൂടി അടർത്തിയെടുക്കുന്ന 15 മുതൽ 20 സെ.മീ. വരെ നീളമുള്ള ചെടികളാണ് നടിൽ വസ്തു. വിത്ത് നഴ്‌സറിയിൽ മുളപ്പിച്ചതിനു ശേഷം മാറ്റി നടാവുന്നതുമാണ്.
ജനുവരി ആദ്യവാരത്തിൽ വിത്ത് പാകാം. വർഷകാലത്തിൻറ തുടക്കത്തിൽ മുളപ്പിച്ച തൈകൾ മാറ്റി നടുക. സാധാരണയായി രാമച്ചം മൂന്നു രീതികളിൽ നടാവുന്നതാണ്. അരമീറ്റർ അകലത്തിൽ ഏകദേശം 40 സെ.മി ആഴത്തിലും 40 സെ മീ വീതിയിലും ചാലുകൾ തയ്യാറാക്കുക. ചാലുകളിലെ മണ്ണ് നന്നായി ഇളക്കിയിരിക്കണം. 30 സെ.മി അകലത്തിൽ തൈകൾ നടുക. അല്ലെങ്കിൽ 35 സെ.മി. ഉയരത്തിൽ സ്ഥലത്തിൻറെ വിസ്‌തീർണ്ണത്തിനും വിളവെടുക്കാനുള്ള സൗകര്യത്തിനും അനുസരിച്ച് സൗകര്യമായ രീതിയിൽ തടങ്ങൾ തയ്യാറാക്കുക.
തടങ്ങളുടെ വശങ്ങളിൽ നിന്ന് 25 സെ.മീ. ഉള്ളിലായി 50 സെ.മീ. അകലത്തിൽ വരിവരിയായി നടുക. ചെടികൾ തമ്മിൽ കുറഞ്ഞത് 30 സെ.മീ അകലം ഉണ്ടായിരിക്കണം മൂന്നാമത്തെ രീതിയിൽ 50 സെ.മി ഉയരത്തിലും 50 സെ.മീ വീതിയുമുള്ള തടങ്ങൾ തയ്യാറാക്കി അതിന്റെ മധ്യഭാഗത്ത് ഒരു വരി 30 സെ.മീ. അകലത്തിൽ നടുക. പല രീതികൾ പരീക്ഷിച്ച് അവരവരുടേതായ ഒരു രീതി കണ്ടു പിടിയ്ക്കുന്നത് കൂടുതൽ വിളവു കിട്ടാൻ സഹായകമാകും.
ഓരോ ചെടിയും നടുന്ന കുഴിയ്ക്ക് 5 മുതൽ 10 സെ.മീ. വരെ താഴ്ചയാകാം. മുനയുള്ള ഒരു കമ്പോ കമ്പി പാരയോ ഉപയോഗിച്ച് ഇളകിയ മണ്ണിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി ചെടി അതിൽ നടുക. ആവശ്യമെന്നു കണ്ടാൽ ഓരോ കുഴിയിലും രണ്ടോ മൂന്നോ തൈകൾ വീതം നടാം. കുഴിയിൽ ചെടി താഴ്ത്തി വച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി അവയെ ഉറപ്പിക്കുക. ഇപ്രകാരം ഒരു ഹെക്‌ടർ സ്‌ഥലത്ത് ഏകദേശം രണ്ടു മുതൽ രണ്ടര ലക്ഷം തൈകൾ വരെ നടാം.