വിയറ്റ്നാമിന്റെ ചെലവിൽ നമ്മൾ വളർത്തിയെടുത്ത പഴച്ചെടിയാണ് ഡ്രാഗൺ ഫ്രൂട്ട്. അമിത ഉത്പാദനത്തെത്തുടർന്നു വില്‌പനയ്ക്കായി ഇന്ത്യയിൽ എത്തിച്ച പഴങ്ങളുടെ നിറവും ഭംഗിയുമാണു നാട്ടുകാരെ ആകർഷിച്ചത്. രുചി കൂടി നാവിനു പിടിച്ചതോടെ അതൊന്നു പരീക്ഷിക്കാൻ നമ്മൾ തീരുമാനിക്കുകയായിരുന്നു. അധിക കാലമാകുന്നതിനു മുമ്പു തന്നെ അതു വിദേശ പഴങ്ങളുടെ കൂട്ടത്തിൽ പ്രമുഖ സ്ഥാനം നേടുകയും ചെയ്‌തു.
ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങൾ പലതുണ്ടങ്കിലും വിപണിക്കു പ്രിയം മലേഷ്യൻ പിങ്ക് ഇനങ്ങളോടാണ്. 300-500 ഗ്രാം വരെ തൂക്കമുള്ള പഴത്തിൻ്റെ രുചിയും മികച്ചതാണ്. വെളുത്ത ഇനങ്ങളോട് പൊതുവേ താത്പര്യക്കുറവാണ്. . കോൺക്രീറ്റ് കാലുകൾ നാട്ടി അതിനു മുകളിൽ ടയറുകൾ സ്ഥാപിച്ചാണു സാധാരണ കൃഷി. എന്നാൽ, ചെടി നന്നായി വളർന്നു കഴിഞ്ഞാൽ പലപ്പോഴും ഈ ടയർ വളയങ്ങളിൽ ശിഖരങ്ങൾ പിടിച്ചു നിൽക്കാറില്ല. അതിനു പകരം കാലുകൾക്കു മുകളിൽ കോൺക്രീറ്റു വളയങ്ങൾ സ്ഥാപിക്കേണ്ടി വരും.
പ്രാരംഭ ചെലവുകൾക്കായി ഏക്കറിന് ഏകദേശം 7-8 ലക്ഷം രൂപ വേണ്ടി വരും. ഒരു വർഷത്തിനുള്ളിൽ പൂവിടും. മൂന്നാം വർഷം 10 ടണ്ണിനു മുകളിൽ വിളവ് കിട്ടും. വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തണം. 20 വർഷം വരെ ചെടിക്ക് ആയുസുണ്ട്. സാധാരണ നിലയിൽ മൊത്ത വില കിലോയ്ക്ക് 100-150 രൂപയും ചില്ലറയ്ക്ക് 200 രൂപ വരെയും വിലയുണ്ട്.