ജമന്തിയുടെ വേരുപടലം ആഴത്തിൽ പോകാത്തതിനാൽ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് ദോഷകരമാണ്. മണ്ണിലെ വായു സഞ്ചാരം കുറയുമ്പോൾ വേര് അഴുകൽ, വാട്ടം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു. അതു കൊണ്ട് മണ്ണിൻ്റെ ഘടന വളരെ പ്രാധാന്യം അർഹിക്കുന്നു. മണൽ കലർന്ന എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ചെളി കൂടുതലുള്ള മണ്ണും, മണൽ മണ്ണും ജമന്തി കൃഷിക്ക് യോജിച്ചതല്ല. സൂര്യപ്രകാശവും ഊഷ്‌മാവുമാണ് ചെടിയുടെ വളർച്ച നിയന്ത്രിക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ
നിലം ഒരുക്കൽ
പുരയിടം നന്നായി കിളച്ച് മണ്ണ് നല്ലവണ്ണം പരുവപ്പെടുത്തിയ ശേഷം വേണം തൈകൾ നടേണ്ടത്. മണ്ണിൽ ജൈവവളങ്ങൾ ചേർക്കുന്നത് മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
കട്ടിങുകൾ വേരുപിടിപ്പിച്ച ശേഷമാണ് നടുന്നത്. തൈകളുടെ വലിപ്പം അനുസരിച്ച് ഒരേ വലിപ്പമുള്ള തൈകൾ നട്ടാൽ ഒരേ പോലെ വളർന്നു വരും. 30 സെന്റീമീറ്റർ അകലത്തിലാണ് തൈകൾ നടേണ്ടത്. തൈകൾ തമ്മിലുള്ള അകലം കുറഞ്ഞാൽ ചെടിയുടെ വളർച്ച മാത്രമല്ല പൂക്കളുടെ വലിപ്പവും കുറയും.
ജലസേചനം
കായിക വളർച്ചാഘട്ടത്തിൽ ചെടികൾ നനച്ചു കൊടുക്കേണ്ടതാണ്. എന്നാൽ പൂമൊട്ടുകൾ ഉണ്ടായി കഴിഞ്ഞാൽ പുതിയ ഇലകൾ ഉണ്ടാകുന്നില്ല. അതിനാൽ വെള്ളത്തിൻ്റെ അളവ് കുറയ്ക്കാവുന്നതാണ്. നനയ്ക്കുമ്പോൾ വെള്ളം കെട്ടി നിൽക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിന് പുതയിടൽ സഹായകമാണ്.
അഗ്രം നുള്ളൽ
തണ്ടിന്റെ അഗ്രഭാഗത്തുള്ള വളർന്നു കൊണ്ടിരിക്കുന്ന ഭാഗം നുള്ളികളയുന്നത് കക്ഷീയ മുകുളങ്ങൾ വളരുന്നതിനും, ചെടികളെ നിശ്ചിത ഉയരത്തിൽ നിലനിർത്തുന്നതിനും സഹായിക്കുന്നു.
മൊട്ടു നുള്ളൽ
അഭികാമ്യമല്ലാത്ത മൊട്ടുകൾ മുളയിലേ പറിച്ചു കളയുന്ന ഒരു രീതിയും ജമന്തി കൃഷിയിലുണ്ട്. എണ്ണം കുറച്ച് വലിപ്പമുള്ള പൂക്കൾ ഉണ്ടാകുന്നതിന് ഇത് സഹായകമാണ്.