നല്ല നീർവാർച്ചയുള്ള മണൽ കലർന്ന എക്കൽമണ്ണാണ് മുല്ല കൃഷി ചെയ്യുന്നതിന് ഏറ്റവും യോജിച്ചത്, എങ്കിലും ചുവന്ന എക്കൽ മണ്ണിലും ചെളി കലർന്ന മണ്ണിലും ഇത് കൃഷി ചെയ്യാം. ചെളികലർന്ന മണ്ണിൽ കൃഷി ചെയ്യുമ്പോൾ കായികവളർച്ച കൂടുതലുണ്ടാകുമെങ്കിലും പൂക്കൾ കുറവായി രിക്കും. വേനൽകാലത്തും, ചെറിയ തണുപ്പുള്ള ശൈത്യകാലത്തും മുല്ല കൃഷി ചെയ്യാവുന്നതാണ്.
പ്രവർധനം
പതിവച്ച തൈകളും, കാണ്ഡങ്ങളും വള്ളികളും നടാൻ ഉപയോഗിക്കാവുന്നതാണ്. പരുക്കൻ മണ്ണിൽ വച്ച് ഇവ വേരു പിടിപ്പിക്കുന്നതാണ് ഉത്തമം. നല്ല രീതിയിൽ വേരു പിടിക്കുന്നതിന് ചില ഹോർമോണുകളുടെ ഉപയോഗവും ഗുണകരമാണ്. ഇൻഡോൾ ബ്യൂട്ടിറിക് ആസിഡ് (500 ppm), ഇൻഡോൾ അസറ്റിക് ആസിഡ് (1000 ppm), നാഫ്ത്തലിൻ അസറ്റിക് ആസിഡ് (5000 ppm) ഇവയിൽ ഏതെങ്കിലും ഒന്നിൽ വേരു പിടിക്കേണ്ട ഭാഗം മുക്കിയ ശേഷം നടുന്നത് എളുപ്പം വേരു പിടിക്കുന്നതിന് സഹായകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജൂൺ-ജൂലൈ മുതൽ ഒക്ടോബർ - നവംബർ വരെയുള്ള മാസങ്ങളാണ് പതിവയ്ക്കാൻ ഏറ്റവും അനുയോജ്യം. പതിവച്ചു 90 മുതൽ 120 ദിവസങ്ങൾ കൊണ്ട് ഇവ നടാൻ പാകമാകും.
നടീൽ രീതി
നിലം നന്നായി കിളച്ച ശേഷം 30 മുതൽ 45 സെൻ്റിമീറ്റർ വരെ വലിപ്പമുള്ള കുഴികളാണ് നടാനായി എടുക്കേണ്ടത്. ഓരോ കുഴിയിലും മേൽമണ്ണിനോടൊപ്പം അഴുകിയ കാലിവളമോ കമ്പോസ്റ്റോ 15 കിലോഗ്രാം വീതം ചേർത്ത് ഇളക്കിയ ശേഷമാണ് തൈകൾ നടേണ്ടത്. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളാണ് നടാൻ യോജിച്ച കാലം. കുഴികൾ തമ്മിലുള്ള അകലം ഓരോ സ്‌പീഷിസിനും വ്യത്യസ്‌തമാണ്. ജാസ്‌മിനം സാംബാക് 1.2 * 1.2 മീറ്റർ അകലത്തിലാണ് നടുന്നത്. അതേ സമയം ജാസ്മിനം ഓറിക്കുലേറ്റത്തിന് 18 x 18 മീറ്ററും, ജാസ്‌മിനം ഗ്രാൻഡിഫ്ളോറത്തിന് 2.0 x 1.5 മീറ്ററും അകലം കൊടുക്കേണ്ടതാണ്.