ഏകദേശം 3-4 മി മി കനത്തിൽ ഉള്ള പാർശ്വശാഖകൾ മുറിച്ചു വേരു പിടിത്തത്തിനു സഹായകമായ ഹോർമോൺ പുരട്ടി നടീൽ മാധ്യമം നിറച്ച പ്ലാസ്റ്റിക് കവറുകളിൽ നട്ടു വളർത്തുന്ന തൈകൾ ഒരു വർഷം കൊണ്ട് തോട്ടത്തിൽ നടുവാനുള്ള ഒരടി പൊക്കം എത്തുന്നതാണ്. വരികളിലും നിരകളിലും ചെടികൾ തമ്മിൽ ഉള്ള അകലം ഒരു മീറ്റർ ആണ് എന്ന് ഉറപ്പു വരുത്തണം.
ഒന്നര അടി താഴ്ചയിൽ കുഴി എടുത്ത ശേഷം അതിൽ അര ചട്ടി ചാണകപ്പൊടിയും ഓരോ പിടി എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കൂടി ഇട്ടു കുഴി മൂടിയ 3 ശേഷം നടുഭാഗത്തായി കൂടത്തൈകൾ നടാം. നടുമ്പോൾ തൈകളുടെ അടിഭാഗത്തെ മണ്ണ് ചെറുതായി ഉടച്ച ശേഷം നട്ടാൽ വേരുകളുടെ വിന്യാസം പെട്ടെന്ന് നടക്കും. നടാൻ പറ്റിയ സമയം മെയ് മാസം ആണെങ്കിലും നനയുണ്ടെങ്കിൽ ഏതു മാസവും നടാം.
മേൽ സൂചിപ്പിച്ച തരത്തിലുള്ള കൂടത്തൈകൾ നട്ടാൽ 3 മാസത്തിനകം പുഷ്പിച്ചു തുടങ്ങും. പുതുതായി വരുന്ന ശിഖരങ്ങളിൽ ആണ് മൊട്ടുകൾ ഉണ്ടാകുന്നത്. ചെടി വളർച്ച പ്രാപിക്കുന്നതിനായി ആദ്യമായി വിടരുന്ന മൊട്ടുകൾ വളർച്ച എത്തുന്നതിനു മുൻപ് നുള്ളിക്കളയേണ്ടതുണ്ട്.
ആഗസ്ത് മാസം നടുന്ന തൈകൾ ഫെബ്രുവരി മുതൽ വിളവെടുക്കാം. നല്ല പരിപാലനം കൊടുക്കുന്ന തൈകൾ ആറു മാസം കൊണ്ട് ഏകദേശം 1.5 അടി പൊക്കവും വിസ്തൃതിയും എത്തും.
വളർച്ചാ ദശയിൽ 10 ലിറ്റർ വെള്ളത്തിൽ പച്ചച്ചാണകം 10 കിലോ, വേപ്പിൻ പിണ്ണാക്ക് 1 കിലോ കപ്പലണ്ടി പിണ്ണാക്ക് 1 കിലോ എന്നിവ മിശ്രിതമാക്കി പുളിപ്പിച്ച ശേഷം ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചു ചെടിയൊന്നിന് ഒരു ലിറ്റർ എന്ന തോതിൽ ആഴ്ചയിൽ ഒരിക്കൽ നൽകിയാൽ വളർച്ച ത്വരിതപ്പെടുന്നതാണ്.
രണ്ടു വർഷത്തിന് മുകളിൽ പ്രായമുള്ള തോട്ടങ്ങളിൽ എല്ലാ വർഷവും കടുപ്പത്തിൽ ഉള്ള കൊമ്പുകോതൽ മെയ് മാസത്തിൽ നടത്തേണ്ടതുണ്ട്. അതിനു ശേഷം ഇളം കൊമ്പുകോതൽ നവംബർ - ഡിസംബർ മാസം ആണ് ചെയ്യേണ്ടത്. ഇളം കൊമ്പുകോതൽ നടത്തി 45 ദിവസത്തിന് ശേഷം വീണ്ടും പൂക്കൾ കിട്ടി തുടങ്ങും. ഇതോടൊപ്പം നിലത്തേക്ക് ചാഞ്ഞു കിടക്കുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റണം. നല്ല രീതിയിൽ പരിപാലിക്കുന്ന തോട്ടങ്ങൾ 15 വർഷം വരെ ആദായം തരും.