ഏതു രീതിയിലുളള കാലാവസ്ഥയും മണ്ണുമാണ് മാങ്ങാഇഞ്ചി കൃഷിക്ക് യോജിച്ചത്
നല്ല വളക്കൂറുള്ള മണ്ണാണ് ഇതിൻ്റെ കൃഷിക്കാവശ്യം. നീർവാർച്ചയുള്ള മണ്ണായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്നു. തുറസായ സ്ഥലം ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ചെറിയ തണലിലും നല്ല വിളവ് തരുന്നതു കൊണ്ട് ഭാഗികമായി തണലുള്ള പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് വിനിയോഗിക്കാം. തെങ്ങിനിടയിൽ ഇടവിളയായും വളർത്താം. വീട്ടുവളപ്പിലെ കൃഷിയിൽ ഒരു ഘടകമായി ഇതിനെ ഉൾപ്പെടുത്താം.
മാങ്ങാ ഇഞ്ചി കൃഷി ചെയ്യാൻ നിലം തയാറാക്കുന്ന വിധം എങ്ങനെ
വേനൽമഴ ലഭിക്കുന്നതിന് അനുസരിച്ച് ഫെബ്രുവരി-മാർച്ചിൽ നിലം കിളച്ചൊരുക്കണം. ഒരു മീറ്റർ വീതിയിലും 25 സെ.മീറ്റർ പൊക്കത്തിലും വാരങ്ങൾ എടുക്കണം. വാരങ്ങളുടെ നീളം സ്ഥലസൗകര്യമനുസരിച്ച് നിശ്ചയിക്കാം. രണ്ടു വാരങ്ങൾ തമ്മിൽ 40 സെ.മീറ്റർ അകലം നൽകണം.
നടീൽ വസ്തു തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
രോഗവിമുക്തമായ കിഴങ്ങോ (തട) വിരൽ പോലെ കാണുന്ന ചെറുകിഴങ്ങുകളോ മുറിച്ചോ മുഴുവനായോ നടാൻ ഉപയോഗിക്കാം. 15 -20 ഗ്രാം ഭാരമുള്ള കിഴങ്ങുകളാണ് നടാൻ അനുയോജ്യം.
മാങ്ങാ ഇഞ്ചിയുടെ നടീൽ രീതി
കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കുന്ന ഇടമഴയോടെ കൃഷിയിറക്കാം. 25 × 30 സെ.മീറ്റർ അകലത്തിൽ തയാറാക്കിയ വാരങ്ങളിൽ ചെറിയ കുഴികൾ എടുത്ത് 4-5 സെ.മീറ്റർ ആഴത്തിൽ വിത്ത് നടാം. ഒരു ഹെക്‌ടറിലേക്ക് 1500 കി.ഗ്രാം വിത്ത് വേണം.
നട്ട് എത്ര ദിവസങ്ങൾക്കുള്ളിൽ പുതയിടണം? എത്ര ടൺ പച്ചില ഒരു ഹെക്ടർ പ്രദേശത്തേക്ക് ആവശ്യമാണ്? രണ്ടാമത്തെ പുതയിടീൽ എപ്പോൾ നടത്തണം?
നട്ട് ഒരാഴ്ചക്കുള്ളിൽ പച്ചില ഉപയോഗിച്ച് ആദ്യ പുതയിടീൽ നടത്തണം. ആയതിലേക്ക് 15 ടൺ പച്ചില ആവശ്യമാണ്. രണ്ടാമത്തെ പുതയിടീൽ നട്ട് 50 ദിവസങ്ങൾക്ക് ശേഷം നൽകണം. വീണ്ടും 15 ടൺ പച്ചില പുതയിടാൻ ഉപയോഗിക്കണം.
നട്ട് എത്ര ദിവസം കഴിയുമ്പോൾ ആദ്യ കളയെടുപ്പ് നടത്താം
നട്ട വിത്ത് 3-4 ആഴ്‌ചകൾക്കുള്ളിൽ കിളിർക്കുന്നതാണ്. ആദ്യ കളയെടുപ്പ് 45 ദിവസം കഴിയുമ്പോൾ നടത്തണം. ആവശ്യമെങ്കിൽ മൂന്നാഴ്ചകൾക്കു ശേഷം ഒരിക്കൽ കൂടി കളയെടുക്കണം. രണ്ടാമത്തെ കളയെടുക്കുമ്പോഴോ നട്ട് 60 ദിവസം കഴിഞ്ഞോ ചുവട്ടിൽ മണ്ണും കൂട്ടികൊടുക്കണം.