സെപ്റ്റംബർ-ഒക്ടോബർ മാസം ധാരാളം മട്ടിപാൽ മരത്തിൻറെ ഫലങ്ങൾ പാകമാകുന്നു. കായ്കളുടെ തവിട്ടുനിറം മാറി കറുപ്പാകുമ്പോൾ കായ്‌കൾ കുലയോടെ പറിച്ച് ആറേഴു ദിവസം നല്ല സൂര്യപ്രകാശത്തിൽ ഉണക്കുക. ഒരു നേരിയ തുണി മൂടി ഉണക്കുന്നത് നല്ലതാണ്. വിത്ത് വിസർജിച്ച് പോകാതിരിക്കാനും ഇത് സഹായിക്കും.
പൊളിച്ച് വിത്തു ശേഖരിച്ച് ഒരു മാസം മരത്തണലിൽ കാറ്റ് കൊള്ളിച്ച ശേഷം വിതയ്ക്കാൻ/ നടാൻ തയാറാകുന്നു. വിത്തിന് വിശ്രമമോ പഴക്കമോ ആവശ്യമില്ല. പുതുവിത്തിന് വീര്യം കൂടുതലാണ്. വിത്ത് മൂന്നു മാസത്തിനു മേൽ സൂക്ഷിച്ചാൽ ബീജാകുരണശേഷി ക്രമാനുഗതമായി കുറയും, വിത്ത് പാകുന്നതിന് നാലു മണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർക്കുക. ഭ്രൂണം ബീജാങ്കുരണത്തിന് വേണ്ടി ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.
വെള്ളം ചോർത്തി കളഞ്ഞ് വിത്തുകൾ സാധാരണ പോളികവറിൽ നിറയ്ക്കാൻ നിർദേശിക്കാറുള്ള രീതിയിൽ മൺമിശ്രിതം നിറച്ച് രണ്ടുവിത്ത് നേരിട്ട് 2 സെ. മീ. താഴ്ചയിൽ മേൽമണ്ണിൽ കുത്താം.
പത്തു ദിവസത്തിനുള്ളിൽ തൈകൾ മുളക്കും. 90 ശതമാനത്തിന് മേൽ മുള ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്.
തണലും നനയും ക്രമീകരിച്ച്, പ്രധാനകുഴിയിലേക്ക് മാറ്റി നടുന്നതിന് മൂന്നു നാൾ മുൻപ് ജലസേചനം കുറച്ച് സൂര്യപ്രകാശത്തിൽ നേരിട്ട് രണ്ട് ദിവസം വച്ച്, കരുത്ത് കൊടുത്ത ശേഷം മാറ്റി നടാം. രണ്ടു തൈകളിൽ ഒന്ന് മൂന്നില പ്രായത്തിൽ (ആരോഗ്യവും വളർച്ചാശൈലിയും നിരീക്ഷിച്ച്) പറിച്ച് മാറ്റാം. ആരോഗ്യമുള്ള ഒരു തൈ മാത്രം ഒരു കവറിൽ വളരാൻ അനുവദിക്കുക. പ്രധാനകുഴിയിലേക്ക് ആറിലപ്രായത്തിൽ മാറ്റി നടണം. തടത്തിൽ പാകി പറിച്ചുനടുന്നരീതിയും അവലംബിക്കാവുന്നതാണ്.