അണുവിമുക്തമാക്കിയ വയ്‌ക്കോൽ പുറത്തെടുത്ത് അണുവിമുക്തമാക്കിയ പ്ലാസ്റ്റിക് ഷീറ്റിൽ നിരത്തിയിടുക. പ്ലാസ്റ്റിക്‌ഷീറ്റ് അണുവിമുക്തമാക്കാൻ ഡെറ്റോൾ ലായനി ഉപയോഗിച്ച് തുടച്ചാൽ മതി. കൈകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനു ശേഷം കൂൺ വിത്തിൽ പാക്കറ്റ് പൊട്ടിച്ച് വൃത്തിയുള്ളതും അതേ സമയം ഈർപ്പം ഉള്ളതുമായ അവസ്ഥയിലാണ് കൂൺ തടം തയ്യാറാക്കാൻ ഉപയോഗിക്കേണ്ടത്. പാകപ്പെടുത്തിയ വൈക്കോൽ 6-8 സെ.മി വണ്ണത്തിലും 18-26 സെ.മി വ്യാസത്തിലും ചുറ്റി ആറ് ചുമ്മാടുകൾ ഉണ്ടാക്കുക ഇവയെ ഒന്നിന് മീതെ ഒന്നായി കവറിനുള്ളിൽ വയ്ക്കണം.
മദ്ധ്യഭാഗത്ത് വിത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ ചുമ്മാടിൻ്റെ ഇടയിലും 25 ഗ്രാം കൂൺ വിത്ത് ചുമ്മാടിനു മുകളിലായി കവറിനോട് ചേർത്തിടുക. ആറുനിര അടുക്കിയ ശേഷം ഏറ്റവും അവസാനത്തെ ചുമ്മാടിൻ്റെ മുകളിലും വിത്ത് വിതറണം. തുടർന്ന് തടങ്ങൾ നന്നായി അമർത്തി, കവർ ചണനൂൽ കൊണ്ട് കെട്ടുക കവറിനു ചുറ്റും പല സ്ഥലത്തായി അമ്പതോളം സുഷിരങ്ങൾ മൊട്ടുസൂചി ഉപയോഗിച്ചിടുക. അര കെട്ട് വൈക്കോൽ കൊണ്ട് ഇത്തരത്തിൽ രണ്ടു കൂൺ തടം ഉണ്ടാക്കാം. തയ്യാറാക്കിയ കൂൺതടം നല്ല ഈർപ്പവും ഇരുട്ടു മുള്ള മുറിയിൽ തൂക്കിയിടുക.
കൂണിന്റെ തന്തുക്കൾ 12-18 ദിവസം കഴിയുമ്പോൾ വയ്ക്കോലിലാകെ വളർന്നിട്ടുണ്ടാകും. ഈ സമയത്ത് മൂർച്ചയുള്ള ബ്ലെയിഡോ, കത്തിയോ ഉപയോഗിച്ച് കൂൺതടത്തിൽ 2 സെ.മി നീളത്തിൽ 15-18 കീറലുകൾ ഉണ്ടാക്കുക. കൂൺതടം വെളിച്ചവും ഈർപ്പവുമുള്ള മുറിയിലേക്ക് മാറ്റി തൂക്കുക.
നാലഞ്ചു ദിവസത്തിനകം ചെറിയ കൂൺ മുകുളങ്ങൾ കീറലുകളിലൂടെ പുറത്തേക്ക് വളർന്നു വരുന്നതായി കാണാം.
മൂന്ന് ദിവസത്തിനകം കൂൺ വിളവെടുപ്പിന് പാകമാകും. തടത്തിന് കേട് വരാത്ത രീതിയിൽ കൈ കൊണ്ട് തിരിച്ച് വേണം വിളവെടുക്കാൻ. വിളവെടുപ്പ് ഒരു മാസം വരെ തുടരാം. തുടർന്ന് തടത്തിൻ്റെ പ്ലാസ്റ്റിക് കവർ നെടുകെ കീറി വെള്ളം തളിച്ച് തൂക്കിയിടുക. ഒരു കൂൺതടത്തിൽ നിന്ന് ഒരു കിലോഗ്രാം വരെ വിളവ് കിട്ടും. വിളവെടുത്ത ശേഷം തടത്തിൻ്റെ അവശിഷങ്ങൾ വലിച്ചെറിഞ്ഞുകളയാതെ കമ്പോസ്റ്റ് കുഴിയിലിട്ടാൽ നല്ല കമ്പോസ്റ്റാക്കാം.