വ്യശ്ചികം, ധനു മാസങ്ങളിൽ കിളച്ചിട്ട സ്ഥലം തട്ടി കിളച്ചൊരുക്കി അമ്ലത നിയന്ത്രിക്കുന്നതിനാവശ്യമായ കുമ്മായം ചേർത്ത് വാരങ്ങൾ എടുത്തും, കൂനകൾ കൂട്ടിയും ചേമ്പ് നടാം. ചേമ്പ് നടാനുള്ള സ്ഥലം തട്ടി കിളച്ചൊരുക്കുമ്പോൾ തന്നെ സെൻ്റ് ഒന്നിന് 50 കി. ഗ്രാം ഉണങ്ങിപൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേർത്തിളക്കണം.
നന്നായി ഇലക്കൊഴുപ്പോടെ വളരുന്ന പാൽച്ചേമ്പ്, കുട വാഴചേമ്പ്, കറുത്തചേമ്പു പോലുള്ള ഇനങ്ങൾ 90 X 75 സെ.മീ. അകലത്തിലും മറ്റുള്ള ഇനങ്ങൾ 60 X 45 സെ.മീ അകലത്തിലും നടാം. ചേമ്പ് വിത്ത് നടാനുള്ള കൂനകൾ നിലനിരപ്പിൽ നിന്നും 10-15 സെ.മീ ഉയരം മതി. കൂനകളുടെ നടുഭാഗത്ത് ചെറിയ കുഴി എടുത്ത് വിത്ത് വെച്ച് അല്പ്‌പം മണ്ണിട്ട് മൂടിയതിനു ശേഷം ചുറ്റുഭാഗത്തായി ഉമിയും ചാരവും ചേർത്ത മിശ്രിതം ഇട്ട് കൊടുക്കുന്നത് നല്ലതാണ് .
മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേടമാസ (ഏപ്രിൽ) മാണ് നല്ലത്. ചേമ്പ് നട്ടാൽ മുളച്ച് വരുന്നതിന് ഏകദേശം ഒരു മാസം എടുക്കും. നട്ട ഉടനെ തന്നെ പച്ചിലയോ കരിയിലയോ കൊണ്ട് നന്നായി പുതയിടണം.
നനവ് നിൽക്കുന്നതിനും കളകൾ മുളയ്ക്കാതിരിക്കുന്നതതിനും പുതയിടീൽ സഹായിക്കും.
ചേമ്പ് മുളച്ച് രണ്ടാഴ്ച കഴിയുമ്പോൾ തന്നെ കളകൾ നീക്കം ചെയ്ത് മേൽ വളം നൽകി ചെറിയ തോതിൽ മണ്ണ് കൂട്ടിക്കൊടുക്കണം. മേൽവളമായി കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും സമമെടുത്ത് വെള്ളത്തിലിട്ട് ചാണകവും ഗോമൂത്രവും ചേർത്ത് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്. ജീവാമൃതവും മേൽവളമായി നൽകാം. ചാരം ഇട്ട് കൊടുക്കുന്നത് മികച്ച വിളവ് ലഭിക്കുവാൻ നല്ലതാണ്.