മേയ്-ജൂൺ മാസമാണ് പപ്പായുടെ നടീൽകാലം. രണ്ടു മാസം പ്രായമെത്തിയ തൈകൾ പറിച്ചു നടാം. രണ്ടു കുഴികൾ തമ്മിൽ ചുരുങ്ങിയത് രണ്ടു മീറ്റർ അകലം ക്രമീകരിക്കണം. കുഴി അരമീറ്റർ നീളം, വീതി, താഴ്ച എന്ന തോതിൽ എടുത്ത് മേൽമണ്ണും രണ്ടു കിലോ കാലിവളവും ചേർത്ത് നിറയ്ക്കുക. കുഴിയുടെ നടുവിൽ പോളിത്തീൻ കവർ നീക്കി തൈ നടുക. നന, താങ്ങുകൊടുക്കൽ, തണൽ എന്നിവ സാഹചര്യത്തിന് അനുസൃതമായി നടത്തുക.
സ്ഥലലഭ്യത കുറവാണെങ്കിലും രണ്ടോ അതിലധികമോ തൈകൾ നടാൻ ശ്രദ്ധിക്കുക. പുഷ്പിച്ചു തുടങ്ങുമ്പോൾ ആൺമരങ്ങൾ തിരിച്ചറിഞ്ഞ് മുറിച്ചു മാറ്റുക.
ജലസേചനം
നല്ല കായ്‌ഫലം ലഭിക്കാൻ വേനലിൽ നനയ്ക്കണം. പപ്പായ മരത്തിന്റെ ചുവട്ടിൽ മണ്ണു കൂട്ടി തടത്തിന്റെ അരികിലേക്ക് ചരിച്ച് തടം രൂപപ്പെടുത്തുക. തടത്തിൻ്റെ അവസാന ഭാഗത്ത് തടിച്ചുവട്ടിൽ നിന്നും സുമാർ ഒന്നര മീറ്റർ മാറി ചുറ്റാകെ 10 സെ.മീറ്റർ താഴ്‌ചയിൽ ചാലെടുത്ത് നനയ്ക്കണം.
തടിച്ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് കട അഴുകലിന് കാരണമാകും.
വിളവെടുപ്പ്
കായികവളർച്ച നാലഞ്ചുമാസം കൊണ്ട് പൂർത്തിയാകുന്ന മുറയ്ക്ക് പപ്പായച്ചെടികൾ പുഷ്പിണിയായി കായ്‌പിടിത്തം ആരംഭിക്കുന്നു. ആണ്ടിൽ ശരാശരി 20-30 കായ്‌കൾ സാമാന്യ പരിചരണത്തിൽ ലഭിക്കും. കായ്കളിൽ നെടുകെ മഞ്ഞവര വീഴുമ്പോഴാണ് വിളവെടുപ്പ്. വർഷങ്ങളോളം നിലനിൽക്കുമെങ്കിലും മൂന്നു വർഷത്തിനു മേൽ നിലനിറുത്തി പരിചരിക്കു ന്നത് ലാഭകരമല്ല. ഈ കാലയളവിനുള്ളിൽ മറ്റൊരു തൈ സമീപത്ത് വച്ച് പിടിപ്പിച്ച ശേഷം ലാഭകരമല്ലാത്ത മരങ്ങൾ മുറിച്ചു മാറ്റുന്നതാണ് പ്രായോഗിക ശുപാർശ.