ചെടികൾ തറയിലും ചട്ടിയിലും വളർത്താറുണ്ട്. എപ്പോഴും ചെടിച്ചട്ടികളിൽ തന്നെയാവണമെന്നില്ല ചെടികൾ നടുന്നത്. പ്ലാസ്റ്റിക് പാത്രങ്ങളും ഓർക്കിഡുകൾ വളർത്തുന്നതിന് തടി കൊണ്ടുള്ള ഫ്രെയിമുകളും ഉപയോഗിക്കാറുണ്ട്.
കുറച്ചു നാളുകൾ കഴിയുമ്പോൾ ചട്ടികളിൽ നട്ടിരിക്കുന്ന ചെടികൾ ഇളക്കി പുതിയ മിശ്രിതം നിറച്ച് വീണ്ടും നടേണ്ടിവരും. ഇതിനാണ് റീപ്പോട്ടിങ് എന്നുപറയുന്നത്.
ചട്ടികൾ നിറയ്ക്കുന്ന വിധം
വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണിത്. നടാൻ ഉദ്ദേശിക്കുന്ന ചെടിക്കനുസരിച്ച് ഉചിതമായ വലിപ്പമുള്ള ചട്ടികൾ തിരഞ്ഞെടുക്കണം. മൺചട്ടികളാണെങ്കിൽ ചുളയിൽ നല്ലവണ്ണം വെന്ത ചട്ടികളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ചട്ടിയുടെ ചുവട്ടിൽ ദ്വാരങ്ങൾ ഉണ്ടാകും. ഈ ദ്വാരങ്ങൾ പൊട്ടിയ ഓടുകഷണങ്ങൾ കൊണ്ട് മൂടിയ ശേഷം അടിയറ്റത്തുള്ള ബാക്കി ഭാഗം വീണ്ടും അതു പോലുള്ള പൊട്ടിയ ഓടുകഷണങ്ങൾ ഇട്ട് നിരത്തണം. ഇതിന് ക്രോക്കിംഗ് എന്നാണ് പറയുന്നത്.
വെള്ളം വാർന്നു പോകുന്നതിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. അതിനു മുകളിൽ ഒരു ചെറിയ പാളി ചകിരിയോ, പായലോ നിരത്തുന്നതും നല്ലതാണ്. ചെറിയ മണൽതരികൾ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു മുകളിലായി മണ്ണ് മൂന്നിലൊന്നു ഭാഗം നിറയ്ക്കണം.
തുടർന്ന് മിശ്രിതം പകുതി നിറയൂമ്പോൾ ഒന്ന് അമർത്തിയ ശേഷം ബാക്കി ഭാഗവും നിറയ്ക്കുക. സാധാരണയായി ഒരു ഭാഗം മേൽമണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയും ചേർന്നിട്ടുള്ള മിശ്രിതം ആണ് ചട്ടികളിൽ നിറയ്ക്കുന്നത്. ഓർക്കിഡിന് ഉപയോഗിക്കുന്ന മാധ്യമത്തിന് വ്യത്യാസമുണ്ട്.
ചട്ടിയുടെ മുകൾഭാഗം 6-7 സെ.മീ. ഒഴിച്ചിട്ടു വേണം മിശ്രിതം നിറക്കേണ്ടത്. വളപ്രയോഗങ്ങൾ നടത്തുന്നതിനും ആവശ്യമുള്ളപ്പോൾ മിശ്രിതം ഇളക്കി കൊടുക്കുന്നതിനും ഇത് അത്യാവശ്യമാണ്.
ചട്ടികളിൽ മിശ്രിതം നിറച്ച ശേഷം വിത്തുകൾ പാകുകയോ, തൈകൾ നടുകയോ, കമ്പുകൾ മുറിച്ചു നടുകയോ ചെയ്യാം. തൈകൾ നടുമ്പോൾ മധ്യഭാഗത്തു നിന്ന് കുറച്ച് മണ്ണ് മാറ്റിയ ശേഷം വേര് എല്ലാ ദിശയിലേക്കും പോകത്തക്ക വണ്ണം നടണം. നട്ട ശേഷം ചുവട്ടിൽ മണ്ണ് അണച്ച് അമർത്തണം. നടുന്നത് കൂടുതൽ ആഴത്തിൽ ആയിപ്പോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. നട്ട ഉടനെ പുതാളി ഉപയോഗിച്ച് നനയ്ക്കണം. തൈകൾ മണ്ണിൽ പിടിക്കുന്നതുവരെ തണലുള്ള തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടതാണ്.