തെങ്ങ് ഒരു ദീർഘകാലവിളയാണല്ലോ. എഴുപതിനോ അതിനു മേലോ വർഷമാകാം ഇതിൻ്റെ ആയുസ്. പുഷ്‌പിക്കാൻ ആറു മുതൽ 10 വർഷം വരെ വേണം. വിളവ് സ്ഥിരഭാവത്തിലെത്താൻ പിന്നെയും 5 വർഷം കഴിയണം. അതിനാൽ പ്രജനനത്തിൽ സവിശേഷ ശ്രദ്ധ പുലർത്തണം. തെങ്ങിൽ നിന്ന് നല്ല വിളവു ലഭിക്കണമെങ്കിൽ നല്ല മേന്മയുള്ള തൈകൾ തെരഞ്ഞെടുത്ത് ശാസ്ത്രീയ രീതിയിൽ നടുകയും, തുടർന്ന് നന്നായി പരിചരിക്കുകയും വേണം.
ഇത്തരം അടിസ്ഥാനകാര്യങ്ങളിൽ പിഴച്ചാൽ പിൽക്കാലത്തുണ്ടാകുന്ന നഷ്ടം നമുക്കൊരിക്കലും പരിഹരിക്കാൻ കഴിയില്ല എന്നോർത്തിരിക്കുക. അതുകൊണ്ട് വിത്തു തേങ്ങ എടുക്കുന്നതു മുതൽ തെങ്ങിൻ തൈകളുടെ തെരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളിൽ പ്രാഥമിക ശ്രദ്ധ തികഞ്ഞ ജാഗ്രതയോടെ തന്നെ വേണം.
ഇവിടുത്തെ ആദ്യപടി ലക്ഷണയുക്തമായ അമ്മത്തെങ്ങ് (മാത്യവ്യക്ഷം) തെരഞ്ഞെടുക്കുക എന്നതാണ്. ഉത്പാദനത്തിൽ സ്ഥിരതയുണ്ടാവണം; 20 വർഷത്തിനുമേൽ പ്രായമുണ്ടാകണം; പ്രതിവർഷം 80 തേങ്ങയിൽ കുറയാതെ കായ് പിടിക്കുന്നതാവണം. ഏറ്റവും കുറഞ്ഞത് 12 കുലകളെങ്കിലും വേണം; രോഗബാധകളൊന്നും പാടില്ല.
ബലമുള്ള കുറുകിയ പൂങ്കുലത്തണ്ടുകൾ, ബലവത്തായ കുറുകിയ മടലോടുകൂടിയ 30 നു മേൽ വിരിഞ്ഞ ഓലകൾ എന്നിവയും വേണം. ഇത്തരം തെങ്ങുകളിൽ നിന്നു ലഭിക്കുന്ന പൊതിച്ച നാളീകേരത്തിന് 500 ഗ്രാമിൽ കൂടുതൽ ഭാരവും തേങ്ങയിൽ നിന്നു ലഭിക്കുന്ന കൊപ്രയുടെ ശരാശരി തൂക്കം 150 ഗ്രാമിൽ കൂടുതലും ആയിരിക്കണം
ഇത്തരം ഗുണങ്ങളുള്ള അമ്മത്തെങ്ങിൽ നിന്ന് ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ വിത്തുതേങ്ങ ശേഖരിക്കണം. ഇവ നഴ്‌സറിയിൽ മെയ്-ജൂൺ മാസം പാകി തെങ്ങിൻ തൈകളുണ്ടാക്കാം.