അത്യുൽപ്പാദന ശേഷിയുള്ള മാത്യവൃക്ഷം തിരഞ്ഞെടുത്ത് അതിൽ നിന്നും വേണം ഒട്ടുകമ്പുകൾ തിരഞ്ഞെടുക്കാൻ. പുതുതായി വളർന്നു വരുന്ന 3.5 മാസം പ്രായമായ പുഷ്പിക്കാത്ത പാർശ്വശിഖരങ്ങൾ വേണം ഒട്ടു കമ്പായി തിരഞ്ഞെടുക്കാൻ. ഒട്ടു കമ്പിന് 10-12 സെ.മീറ്റർ നീളവും ഏകദേശം ഒരു പെൻസിലിൻ്റെ വണ്ണവും തവിട്ടു നിറവും സുഷുപ്‌താവസ്ഥയിലുള്ള തുടുത്ത അഗ്രമുകുളവും മുകളിലത്തെ 4-5 ഇലകൾക്ക് കടുത്ത പച്ചനിറവും ഉണ്ടായിരിക്കണം.
തിരഞ്ഞെടുത്ത ഒട്ടുകമ്പുകൾ മുറിക്കാൻ പാകപ്പെടുത്തൽ എന്ന നിലയിൽ അതിലുള്ള ഇലകൾ ഞെട്ടിൽ ചേർന്ന് അല്പം നിർത്തിയിട്ട് ശേഷിക്കുന്ന ഭാഗം മുറിച്ചുമാറ്റണം. 7-10 ദിവസം കഴിഞ്ഞ് ഇലകൾ മുറിച്ചു മാറ്റിയ ഭാഗം മാതൃവൃക്ഷത്തിൽ നിന്നും മുറിച്ചെടുത്ത് ഒട്ടിക്കാൻ ഉപയോഗിക്കാം. എന്നാൽ മുറിച്ചെടുക്കുന്ന ദിവസം തന്നെ ഒട്ടുകമ്പ് റൂട്ട് സ്റ്റോക്കുമായി ചേർത്ത് ഒട്ടിക്കേണ്ടതാണ്.
കഴിയുന്നതും രാവിലെ തന്നെ ഒട്ടുകമ്പു ശേഖരിക്കേണ്ടതാണ്. ഒട്ടുകമ്പിലുള്ള അഗ്രമുകുളം വിടരുന്നതിനു മുമ്പായിതന്നെ അവ മുറിച്ചെടുക്കാൻ ശ്രദ്ധിക്കണം. മാതൃവൃക്ഷത്തിൽ നിന്നും മുറിച്ചെടുക്കുന്ന ഒട്ടുകമ്പുകൾ നനഞ്ഞ തുണിയിൽ പൊതിഞ്ഞ് പോളിത്തീൻ കവറിലാക്കി ഗ്രാഫ്റ്റ് ചെയ്യുന്ന സ്ഥലത്ത് എത്തിക്കണം. ആവശ്യമെന്നു തോന്നുന്ന പക്ഷം 3-4 ദിവസം സൂക്ഷിച്ചു വച്ചശേഷം ഗ്രാഫ്റ്റ് ചെയ്യാനായി ഉപയോഗിക്കാം.
നല്ല ആരോഗ്യമുള്ളതും നേരെ വളരുന്നതുമായ തൈകൾ വേണം റൂട്ട് സ്റ്റോക്കായി തിരഞ്ഞെടുക്കുവാൻ. റൂട്ട് സ്റ്റോക്കായി തിരഞ്ഞെടുക്കുന്ന തൈകളുടെ അടിയിലുള്ള രണ്ടു ജോടി ഇലകൾ നിർത്തിയ ശേഷം ബാക്കിയുള്ള ഭാഗത്തു കൂടി കീഴ്പ്‌പോട്ട് 4-5 സെ.മീറ്റർ ആഴത്തിൽ ഒരു പിളർപ്പു ഉണ്ടാക്കണം. ഒട്ടിക്കാൻ ഉപയോഗിക്കുന്ന റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്ന തണ്ടിന്റെ കനവും (വണ്ണവും) ഒട്ടിക്കാൻ മുറിച്ചെടുത്ത ഒട്ടു കമ്പിന്റെ വണ്ണവും തുല്യമായിരിക്കണം. ഒട്ടുകമ്പിന്റെ മുറിച്ചെടുത്ത ഭാഗത്ത് 4-5 സെ.മീറ്റർ നീളത്തിൽ ആപ്പിൻ്റെ ആകൃതി വരത്തക്കവിധം ഇരുവശവും ചെത്തി റൂട്ട് സ്റ്റോക്കായി തിരഞ്ഞെടുത്ത തൈയുടെ പിളർപ്പിൽ കടത്തി വയ്ക്കണം.
രണ്ടിന്റേയും മുറിപ്പാടുകൾ തമ്മിൽ നല്ല ബന്ധം വരത്തക്കവണ്ണം വേണം ഒട്ടുകമ്പ് റൂട്ട് സ്റ്റോക്കിലുണ്ടാക്കിയ പിളർപ്പിൽ കയറ്റി വയ്ക്കുന്നത്. ഇനി ഒട്ടിച്ച ഭാഗം 100 ഗ്വേജ് കനമുള്ള പോളിത്തീൻ (1.5 സെ.മീറ്റർ വീതിയും 30 സെ.മീറ്റർ നീളവും വേണം) നാട ഉപയോഗിച്ച് നന്നായി ചുറ്റിക്കെട്ടി മുറിപ്പാടുകൾ തമ്മിൽ പൂർണ സമ്പർക്കം ഉറപ്പാക്കണം. 100 ഗ്വേജ് കനമുള്ളതും 15 x 12.5 സെ.മീറ്റർ വലിപ്പമുള്ളതുമായ പോളിത്തീൻ ഉറ നന്നായ നനച്ച് അതിനുള്ളിൽ ഒട്ടുകമ്പും റൂട്ട് സ്റ്റോക്കും തമ്മിൽ ഒട്ടിച്ച ഭാഗംവരെ കടത്തി വച്ച് മൂടണം. പോളിത്തീൻ ഉറ കൊണ്ട് മൂടുമ്പോൾ ഒട്ടുകമ്പിൻ്റെ അഗ്രമുകുളത്തിൽ സ്‌പർശിക്കാതെ ഒട്ടിച്ചഭാഗത്തിനു താഴെയായി ഉറകെട്ടി വയ്ക്കണം. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഒട്ടിച്ച ഗ്രാഫ്റ്റിന് ചുറ്റും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനും അഗ്രമുകുളം ഉണങ്ങാതിരിക്കാനും സഹായിക്കും.
ഭാഗികമായി തണൽ ലഭിക്കുന്നിടത്ത് ഒട്ടിച്ച തൈകൾ രണ്ടാഴ്‌ച സൂക്ഷിക്കണം. അഗ്രമുകുളങ്ങൾ വളരാൻ ഇതു സഹായിക്കുന്നു. ശേഷം മുകളിലെ പോളിത്തീൻ ഉറ ഗ്രാഫ്റ്റിൽ നിന്നും മാറ്റണം. ഇനി അവ തുറസ്സായ സ്ഥലത്ത് സൂക്ഷിക്കാം. മൂന്നു നാലാഴ്ചക്കുള്ളിൽ മൂന്നു നാലാ ഴ്ചക്കുള്ളിൽ ചെടി വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ ഗ്രാഫ്റ്റിംഗ് വിജയിച്ചതായി കണക്കാക്കാം. ഗ്രാഫ്റ്റിംഗ് നടത്തിയ തൈകൾ 5-6 മാസത്തിനുള്ളിൽ നടാൻ കഴിയുന്നതാണ്. മാർച്ച് മുതൽ സെപ്‌തംബർ വരെയുള്ള കാലമാണ് ഗ്രാഫ്റ്റിംഗ് നടത്താൻ യോജിച്ച സമയം. ഒട്ടിച്ച തൈകൾ പൂപ്പാട്ടയോ മൈക്രോ സ്പ്രിംഗ്ളറോ ഉപയോഗിച്ച് ദിവസവും നനക്കണം. റൂട്ട് സ്റ്റോക്കിൽ നിന്നും പുതിയ ശിഖരങ്ങൾ വളരുന്നുണ്ടെങ്കിൽ അവ കൂടക്കൂടെ നീക്കം ചെയ്യേണ്ടതാണ്.