മികച്ച വിതരണകേന്ദ്രങ്ങളിൽ നിന്ന് മാത്രം കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. തിലാപ്പിയകൃഷി ഇന്നു വളരെ വ്യാപകമായതിനാൽ തട്ടിപ്പിനുള്ള സാധ്യതകളും ഈ മേഖലയിലുണ്ട്. ഗിഫ്റ്റ്വെന്നു പറഞ്ഞ് കുളങ്ങളിൽനിന്നു പിടിച്ചു നല്‌കുന്നവ ഗിഫ്റ്റ് ആയിരിക്കില്ല എന്നതാണ് ഇതിന്റെ ചുരുക്കം. ഗിഫ്റ്റ് എന്നു പറഞ്ഞു വാങ്ങിയ കുഞ്ഞുങ്ങൾ പ്രജനനം നടത്തിയാൽ അത് ഗിഫ്റ്റ് അല്ല എന്ന് ഉറപ്പിക്കാം.
മത്സ്യക്കൃഷി കേരളത്തിൽ വ്യാപകമായിരിക്കുന്നതിനാൽ നിരവധി പേർ കുഞ്ഞുങ്ങളുടെ വില്‌പനയിലേക്കു കടന്നു വന്നിട്ടുണ്ട്. ഇവർക്കൊക്കെ കുഞ്ഞുങ്ങളെ ലഭ്യമാകുന്നത് വിവിധ ഹാച്ചറികളിൽ നിന്നുമാണ്. ഓരോ ഹാച്ചറിക്കും നിലവാരത്തിൽ അന്തരമുണ്ട്. അതു കൊണ്ടു തന്നെ വാങ്ങുന്ന കുഞ്ഞുങ്ങൾ ഗുണമേന്മ ഉള്ളതാണെന്ന് ഉറപ്പു വരുത്തണം. ഡീലറോട് വളർച്ചാ ഗ്യാരന്റി ചോദിച്ച് ഉറപ്പു വരുത്തണം.
വലിയ അളവിൽ കുഞ്ഞുങ്ങളെ വാങ്ങിയാൽ നിരക്ക് കുറച്ചു തരുമെന്ന് ഡീലർമാർ പറയുമെങ്കിലും അതിലെ ചതി കർഷകർ തിരിച്ചറിയണം. 200 മത്സ്യങ്ങളെ ഇടാവുന്ന കുളങ്ങളിൽ 1000നു മുകളിൽ മത്സ്യങ്ങളെ കർഷകരെക്കൊണ്ട് നിക്ഷേപിപ്പിക്കുന്ന ഡീലർമാർ ചുറ്റുമുണ്ട്.
വില അല്പം കുറച്ചു തരമാമെന്ന് പറഞ്ഞാലും തങ്ങളുടെ കുളത്തിലേക്ക് ആവശ്യമായ കുഞ്ഞുങ്ങളെ മാത്രം തെരഞ്ഞെടുക്കാൻ കർഷകർ ശ്രദ്ധിക്കണം. കൂടുതൽ എണ്ണം വിറ്റാൽ ഡീലർക്ക് ലാഭമാണ്. എന്നാൽ, കർഷകന് അത് നഷ്ടമായി ഭവിക്കും. കൂടുതൽ എണ്ണത്തിൻ്റെ വില, തീറ്റച്ചെലവ്, മരണനിരക്ക് എന്നിവയെല്ലാം കഴിഞ്ഞ് ഉദ്ദേശിച്ച തൂക്കവും ലഭിക്കാത്ത സ്ഥിതി വരും.
മത്സ്യക്കുഞ്ഞുങ്ങളുടെ വിപണിയിൽ കൊറിയർ സർവീസ് പ്രവണത ഏറിവരുന്നുണ്ട്. കഴിയുന്നത് കുഞ്ഞുങ്ങളെ നേരിട്ട് കണ്ട് അറിഞ്ഞ് മനസിലാക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.