വയനാട്ടിൽ കാപ്പിത്തോട്ടങ്ങൾക്ക് ഇന്ന് ഏറ്റവും മികച്ച ഒരു ഇടവിളയാണ് മാങ്കോസ്‌റ്റിൻ. ഇപ്രകാരം കാപ്പിത്തോട്ടങ്ങളിൽ ഇടവിളയായി മാങ്കോസ്‌റ്റിൻ കൃഷി ചെയ്യുമ്പോൾ, മരങ്ങൾ തമ്മിൽ 40 അടി അകലം നൽകേണ്ടതാണ്. സമതലങ്ങളിൽ മാങ്കോസ്‌റ്റിൻ മേയ്- ജൂൺ മാസങ്ങളിൽ വിളവെടുക്കുമ്പോൾ വയനാട്ടിൽ വിളവെടപ്പ് സെപ്റ്റംബർ-ഒക്ടോബർ വരെ നീണ്ടു പോകാറുണ്ട്.
ഇപ്രകാരം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാങ്കോസ്റ്റിൻ വിളവെടുപ്പിന് തയാറാക്കണമെങ്കിൽ വേനൽക്കാലത്ത് മരങ്ങൾക്ക് ജലസേചനം നൽകുന്നതിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
വയനാടൻ പ്രദേശങ്ങളിൽ വേനലിൻ്റെ ആരംഭത്തിൽ മരങ്ങൾക്ക് ധാരാളം ജലം നൽകിയാൽ അവ നേരത്തെ തന്നെ പൂത്ത് ഗുണമേന്മ കുറഞ്ഞ പഴങ്ങൾ വിളയുന്നതായി കണ്ടു വരുന്നു. മരങ്ങളെ ക്ഷീണിപ്പിക്കാതെ തന്നെ, ജലലഭ്യത പരിമിതപ്പെടുത്തി, പുഷ്പിക്കൽ താമസിപ്പിച്ചാൽ കാലവർഷാരംഭത്തോടെ ചെടികൾ പൂക്കുകയും മേൽത്തരം ഫലങ്ങൾ ധാരാളമായി വിളയുകയും ചെയ്യുന്നതായി കണ്ടുവരുന്നു. മണ്ണിലെ ജലാംശം നിലനിർത്താൻ ധാരാളം ജൈവാംശം നൽകുകയും പുതയിടുകയും ചെയ്യേണ്ടതുണ്ട്.
മാങ്കോസ്‌റ്റിൻ സ്വാഭാവികമായി വളരുന്നത് തെക്കു -കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മഴക്കാടുകളിൽ രണ്ടാം ശ്രേണി മരങ്ങളായിട്ടായതിനാൽ അതേ സൂക്ഷ്മ കാലാവസ്ഥാ സംവിധാനങ്ങൾ നമ്മുടെ കൃഷിയിടങ്ങളിലും നൽകിയാൽ മാത്രമേ, നല്ല വളർച്ചയും ഉയർന്ന വിളവും നൽകുകയുള്ളൂ. ഇതിനായി 40 അടിക്ക് മുകളിലുള്ള മരങ്ങൾ നൽകുന്ന തണലിൽ സൂര്യപ്രകാശം അരിച്ചിറങ്ങി മാങ്കോസ്‌റ്റിൻ മരങ്ങൾക്ക് ലഭ്യമാക്കുന്ന സംവിധാനം ആവിഷ്കരിച്ചാൽ മാങ്കോസ്റ്റിൻ കൃഷി വളരെ വിജയകരമായി വയനാട്, ഇടുക്കി എന്നീ ഹൈറേഞ്ച് മേഖലകളിൽ ചെയ്യാനാകും. 30 മുതൽ 40 ശതമാനം വരെ മാത്രമേ ഇപ്രകാരം തണൽ മാങ്കോസ്റ്റിൻ മരങ്ങൾക്ക് ലഭിക്കേണ്ടതുള്ളൂ. തണലിന്റെ ശതമാനം 50ന് മുകളിലായാൽ മരങ്ങൾ വളരെ ഉയരത്തിൽ വളർന്ന് കായ്പിടിത്തം കുറയ്ക്കും