ലിച്ചി മരത്തിൻ്റെ ബാഹ്യസ്വഭാവം
ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന മനോഹരമായ ഒരു ഫലവൃക്ഷമാണ് ലിച്ചി.
ലിച്ചി മരത്തിൻ്റെ അലങ്കാരമേന്മ
കടും പച്ചനിറമുള്ള ഇലകളും 30 സെ. മീറ്ററോളം നീളത്തിൽ തൂങ്ങിക്കിടക്കുന്ന പൂങ്കുലകളും മരത്തിന് അലങ്കാരമേന്മ നൽകുന്നു. കായ്കൾ കൂട്ടമായി കുലച്ചു കിടക്കുന്നതു കാണാൻ തന്നെ നല്ല അഴകാണ്.
ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് ലിച്ചി കൃഷി ചെയ്യുവാൻ അനുയോജ്യം
ഈർപ്പമുള്ള അന്തരീക്ഷമാണ് ലിച്ചി കൃഷിക്ക് അനുയോജ്യം. ഏതു മണ്ണിലും ലിച്ചിക്ക് വളരാൻ കഴിയുന്നു. മണ്ണിൽ നല്ല നീർവാർച്ച ഉണ്ടായിരിക്കേണ്ടതാണ്. വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലവും ലഭിക്കുന്നതായാൽ ലിച്ചി നല്ല പോലെ വളരുകയും ധാരാളം പഴ ങ്ങൾ നൽകുകയും ചെയ്യും.
ലിച്ചിയിൽ പ്രചാരത്തിലുള്ള പ്രവർധനരീതി
വിത്തു മുളപ്പിച്ചും പതി വച്ചും തൈകൾ ഉൽപ്പാദിപ്പിക്കാവുന്നാണ് . പതി വച്ച തൈകൾ എളുപ്പം കായ്ക്കുന്നതിനാൽ അതിനാണ് കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്. വായവ പതിവയ്ക്കൽ അഥവാ എയർ ലെയറിങ് ആണ് സാധാരണ ചെയ്‌തു വരുന്നത്. വായവ പതി വയ്ക്കൽ നടത്തുന്ന രീതി അന്യത്ര ചേർത്തിട്ടുണ്ട്.
മൺസൂൺ ആരംഭിക്കുമ്പോൾ വേണം ഇത്തരം പതിവയ്ക്കൽ നടത്താൻ, പതിവച്ച കമ്പുകൾ 60-70 ദിവസം കൊണ്ട് ആവശ്യമായ വേരിറങ്ങി മുറിച്ചെടുക്കാൻ പാകമാകുന്നു. മുറിച്ചെടുത്ത ശേഷം മണ്ണു നിറച്ച ചട്ടിയിൽ നട്ട് കുറേക്കാലം തണലിൽ സൂക്ഷിക്കേണ്ട താണ്.
തൈ നടുന്ന രീതി എങ്ങനെ
കാലവർഷാരംഭത്തിൽ വേണം തൈ നടാൻ. ഒരു മീറ്റർ ചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും സമം സമം ചേർത്ത് കുഴി മൂടണം. അതിനു ശേഷം മധ്യ ഭാഗത്തായി തൈ നടാവുന്നതാണ്. ഉണക്കുള്ളപ്പോൾ ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ വീതം നനയ്ക്കണം. ലിച്ചിയുടെ വേരുകൾ അധികം താഴ്‌ചയിൽ വളരാത്തതിനാൽ ഉണക്കു ബാധിക്കാതെ കൂടക്കൂടെ നനച്ചു കൊടുക്കേണ്ടതാണ്.