ശംഖുപുഷ്പം കൃഷി ചെയ്യാൻ ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുക. സ്ഥലസൗകര്യം കുറവുള്ളിടത്ത് വീതി അരമീറ്ററായി ചുരുക്കാം. ഈ സാഹചര്യത്തിൽ ഒരു വരിയായി മാത്രം ചെറുകുഴികൾ തയാറാക്കി വിത്തുനട്ട് വളർത്തേണ്ടി വരുമെന്നു മാത്രം.
ആദ്യ കിളയിൽ തന്നെ അടിവളം ചേർക്കണമെന്നില്ല. താവരണകൾ തയാറാക്കിയ ശേഷം ഒരു ചമീറ്റർ തടത്തിൽ, തടത്തിന് രണ്ടു കിലോ ഉണങ്ങിയ കാലിവളവും ചാരവും ചേർത്തിളക്കിയ മിശ്രിതം 30 സെ.മീ. ആഴത്തിൽ വേരു മേഖലയിൽ ഇളക്കി ചേർക്കുക. തടം നേർമയായി തയാറാക്കി താവരണകളിൽ ചെറു തടങ്ങളെടുത്ത് വിത്തു നടാം. നടീലിനു മുൻപ് നാലു മണിക്കൂർ സമയം വിത്ത് വെളളത്തിൽ കുതിർക്കുന്നത് അങ്കുരണശേഷി മെച്ചപ്പെടാൻ സഹായിക്കും.
വിത്തുകൾ ഒരു കുഴിയിൽ രണ്ടു വീതം രണ്ടു കൈപ്പത്തികൾ ചേർത്തു വച്ച അകലത്തിൽ നടുക. വിത്തുകൾ രണ്ടു സെ.മീറ്ററിൽ കൂടുതൽ താഴ്ചയിൽ കുത്തരുത്. നടീലിനു ശേഷം മേൽമണ്ണ് ലോലമായി അമർത്തുക.
95 ശതമാനം വിത്തും ഏഴു ദിവസത്തിനുള്ളിൽ മുളച്ചു പൊന്തും. രണ്ടാഴ്ച്‌ചക്കുള്ളിൽ തലനീട്ടി പ്രധാന വള്ളികൾ വളരാൻ തുടങ്ങും. ഒരു ആരോഹി സസ്യമെന്ന നിലയ്ക്ക് പടരാനുള്ള സൗകര്യം ഒരുക്കുക.
പരമാവധി സൗരോർജം സ്വീകരിക്കാനുള്ള ഈ ഔഷധിയുടെ വളർച്ചാ ശൈലിയിൽ സഹകരിക്കുക വഴി വളർച്ചയും വേരുൽപ്പാദനവും മെച്ചപ്പെടും. 180 ദിവസങ്ങൾക്ക് ശേഷം നന നിർത്തുക. വേരിൻ മേൽ തൊലിയിലെ അന്നജാംശവും ടാനിൻ, റെസിൻ എന്നിവയുടെ നിക്ഷേപത്തിന്റെ അളവും ഇങ്ങനെ മെച്ചപ്പെടും.