ഓർക്കിഡ് പൂക്കൾ വെട്ടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൂക്കളുടെ വിളവെടുപ്പ് സമയം, രീതി, വിളവെടുപ്പിനു ശേഷമുള്ള കൈകാര്യം ചെയ്യൽ എന്നിവ വിവിധ ഇനങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ചെടിയിൽ നിന്നും നീക്കപ്പെട്ടതിനു ശേഷമുള്ള പൂക്കളുടെ സൂക്ഷിപ്പുകാലം പ്രധാനമായും ഇവയുടെ ഇനം, പ്രകാശത്തിന്റെ തീവ്രത, പൂക്കളിലെ പഞ്ചസാരയുടെ അളവ്, താപനില, ജലനഷ്‌ടം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പൂക്കൾ മുറിച്ചെടുക്കുന്ന സമയം, രീതി, പൂക്കളിലെ എഥിലിൻ ഉത്പാദനം, തണുപ്പിക്കൽ, രാസപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവയും പ്രധാനമാണ്.
ഒരു നല്ല ഓർക്കിഡ് പൂവിനു വേണ്ട പ്രധാന ഗുണങ്ങൾ ഇവയാണ്
- കുറഞ്ഞത് എട്ട് പൂക്കളെങ്കിലും ഒരു പൂങ്കുലയിൽ ഉണ്ടാകണം
- പൂക്കൾ വൃത്തിയുള്ളവയും വൈകല്യങ്ങൾ ഇല്ലാത്തവയുമായിരിക്കണം
- പൂങ്കുലയിൽ പൂക്കളുടെ ക്രമീകരണം ആകർഷകമായിരിക്കണം.
- പൂങ്കുലയുടെ മൂന്നിൽ രണ്ട് ഭാഗം വിരിഞ്ഞ പൂക്കളും ശേഷിക്കുന്നവ മൊട്ടുകളും ആയിരിക്കണം
- രൂപഭംഗിയും തിളക്കവും ഉള്ള പൂക്കളായിരിക്കണം.
ചെടിയിൽ നിന്നും പൂക്കൾ ശേഖരിക്കുമ്പോൾ മൂർച്ചയുള്ള ബ്ളേഡ്, കത്തി, സികെച്ചർ എന്നിവ ഉപയോഗിച്ച് മുറിക്കേണ്ടതാണ്. പൂത്തണ്ടിൽ ഉണ്ടാകുന്ന ചതവുകൾ പൂക്കളിലേക്ക് ഉണ്ടാകുന്ന ജലസഞ്ചാരത്തെ ബാധിക്കുകയും ജലനഷ്ടം മൂലം പൂക്കൾ വേഗത്തിൽ വാടാൻ കാരണമാവുകയും ചെയ്യുന്നു. മുറിച്ചെടുക്കുന്ന പൂക്കളുടെ തണ്ട് ഉടൻ തന്നെ ശുദ്ധജലത്തിൽ മുക്കിവെയ്ക്കണം.
അതിരാവിലെയും വൈകുന്നേരങ്ങളിലും പൂക്കൾ ശേഖരിക്കുന്നത് ജലനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. ഇത് അവയുടെ സൂക്ഷിപ്പ് കാലം കൂട്ടുകയും ചെയ്യും. ശേഖരിക്കുന്ന പൂക്കൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നതും ഇവയുടെ ആയുസ്സ് കൂട്ടുന്നു. പൂക്കൾ സൂക്ഷിക്കുവാനും മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാനും വായു സഞ്ചാരമുള്ള പെട്ടികൾ ഉപയോഗിക്കുന്നത് എഥിലിൻ വാതകത്തിന്റെ സമ്പർക്കം മൂലമുള്ള നാശം തടയാൻ സഹായിക്കുന്നു.
പൂപ്പാത്രങ്ങളിൽ പൂക്കൾ സൂക്ഷിക്കുമ്പോൾ പൂത്തണ്ടിന്റെ കട്ട് ചെയ്ത ഭാഗം മുങ്ങിയിരിക്കുന്ന രീതിയിൽ ജലം ഒഴിച്ച് ക്രമീകരിക്കേണ്ടതാണ്. ഈ ലായനിയിൽ പഞ്ചസാര പോലുള്ള വസ്തുക്കൾ ലയിപ്പിച്ച് പൂക്കളുടെ സൂക്ഷിപ്പ് കാലം വർദ്ധിപ്പിക്കാൻ കഴിയും. വിപണനത്തിന് തയ്യാറാക്കുന്ന പൂക്കളെ പത്ത് വീതമുള്ള കെട്ടുകളാക്കി ചുവടു ഭാഗത്ത് നനവുള്ളതും വെള്ളം ശേഖരിക്കാൻ കഴിവുള്ളതുമായ പഞ്ഞി വെച്ച ചെറിയ പോളിത്തീൻ കവർ കൊണ്ട് മൂടിക്കെട്ടുന്നത് പൂക്കളുടെ സൂക്ഷിപ്പ് കാലം കൂട്ടും. ഇതിനു വേണ്ടി ചെറിയ പ്ലാസ്റ്റിക് സ്ലീവ് ഉപയോഗിക്കാവുന്നതാണ്.
പൂക്കളുടെ സൂക്ഷിപ്പു കാലം കൂട്ടുന്നതിനായി ദ്രാവകം നിറയ്ക്കാവുന്ന ട്യൂബുകൾ വിപണിയിൽ ലഭ്യമാണ് . ഇവയും പാക്കിങ്ങിനായി ഉപയോഗിക്കാവുന്നതാണ്.