കശുമാവിന് സാധാരണ 50 ശതമാനം വരെയും ചിലപ്പോൾ നൂറ് ശതമാനവും വിളനാശം വരുത്തുന്ന ഉപദ്രവകാരിയാണ് തേയിലക്കൊതുക്. തളിരിടുമ്പോഴും പൂങ്കുലകൾ ഉണ്ടാകുമ്പോഴും പിഞ്ചണ്ടിയുണ്ടാകുമ്പോഴും ആണ് ഉപദ്രവം കൂടുതൽ. ഒരേ കീടനാശിനി മൂന്നു തവണ തളിക്കാതെ ശ്രദ്ധിക്കണം.
കൂടാതെ കശുമാവിൽ നിന്ന് ഉണങ്ങി വീഴുന്ന കമ്പും കരിയിലയും കൂട്ടി മുകളിൽ നേരിയ തോതിൽ മണ്ണ് വിതറി പുകയ്ക്കുന്നത് കീടപ്രതിരോധത്തിന് ഉപകരിക്കും.
ഇതിനെല്ലാം പുറമെ ജൈവകർഷകനായ കൊല്ലത്തെ നരേന്ദ്രനാഥ് കണ്ടെത്തിയ കീടമർദിനി എന്ന ജൈവകീടനാശിനിയും ഇതിന് ഫലപ്രദമാണെന്ന് കണ്ടിരുന്നു. 50 ഗ്രാം നീറ്റുകക്കയും 100 ഗ്രാം ചാരവും അരലിറ്റർ വെള്ളത്തിൽ കലക്കി ആറു മണിക്കൂർ വയ്ക്കുക. ഇത് ഒരു ലിറ്റർ തെളിയെടുത്ത് രണ്ട് ലിറ്റർ ഗോമൂത്രം ചേർക്കുക. ഇത് 50 ഗ്രാം കറിയുപ്പിട്ട് നന്നായി ഇളക്കണം.
50 മില്ലി വേപ്പെണ്ണ കൂടെ ചേർക്കുക. ചെറുതായി അരിഞ്ഞ ഒരു ചെറുനാരങ്ങ, 50 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം കാന്താരി, 25 ഗ്രാം കച്ചോലം എന്നിവ ഇതിൽ അരച്ചു ചേർക്കുക. തുടർന്ന് 50 ഗ്രാം വീതം കാഞ്ഞിരത്തില, പാലത്തൊലി, കടലാവണക്കിൻതൊലി, കാട്ടുപാലയില, നൂറ് ഗ്രാം വീതം മരച്ചീനിയില, തേര കത്തിന്റെ തൊലിയോ കായോ, 25 ഗ്രാം കാഞ്ഞിരത്തൊലി എന്നിവ ഇടിച്ചു ചതച്ച് ചേർക്കുക. രണ്ട് ദിവസം വയ്ക്കുക. അരിച്ച് മൂന്നിരട്ടി വെള്ളം ചേർത്ത് രാവിലെയോ വൈകിട്ടോ തളിക്കുക. ഇത് തേയിലക്കൊതുകിനെ നശിപ്പിക്കും.