ഇന്ത്യയിൽ കൃഷിക്ക് യോജിച്ച വിളപ്പൊലിമയുള്ള വിവിധയിന കടുക് നിലവിലുണ്ട്. പൂസ അഗാനി, പൂസ വിജയ്, പൂസ മസ്റ്റേഡ് - 27, പൂസ കരിഷ്മ, സീത, പൂസ മഹക്, വരുണ, കൃഷ്ണ, പഞ്ചാബ് ബോർഡ് എന്നിവ ഏതാനും ചിലത് മാത്രം. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ് കടുക് കൃഷിയുടെ തുടക്കം. ഒറ്റവിളയായും മിശ്രവിളയായും കടുക് വളർത്തുന്ന പതിവുണ്ട്. പയർ, ഗോതമ്പ്, തുവരപ്പരിപ്പ് എന്നിവയോടൊപ്പം കൃഷി ചെയ്യുന്നു. ഒരു വരി കടുക് നട്ടുകഴിഞ്ഞ് നാല് വരി പയർ നടുന്നു. ഗോതമ്പ് ആണെങ്കിൽ 9 വരി ഗോതമ്പിന് ഒരു വരി കടുക് എന്നതാണ് കണക്ക്. തൈകൾ തമ്മിലുള്ള അകലം 45:20 സെന്റീമീറ്റർ, കേരളത്തിൽ പാടത്ത് നെൽകൃഷി ചെയ്യുന്നതു പോലെയാണ് ഉത്തരേന്ത്യയിൽ കടുക് വളർത്തുന്നത്.
വിത്തു വിതയ്ക്കും മുമ്പ് കൃഷിയിടം നന്നായി ഉഴുതു മറിച്ച് ഒരു സെന്റിന് 30 തൊട്ട് 40 കിലോ കമ്പോസ്റ്റോ കാലിവളമോ ചേർത്തിളക്കി മണ്ണ് പരുവപ്പെടുത്തണം. തൈകൾ നടാൻ ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കാം. ഓരോ കുഴിക്കും കാലിവളം, മണൽ, മണ്ണ് എന്നിവയ്ക്ക് പുറമേ 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായിളക്കി ചേർക്കണം.
തുടർന്ന് വേണം തൈ നടാൻ. ചെടി വളരുന്നതിനനുസരിച്ച് കാലിവളം ചേർത്തു കൊടുക്കാം. 110 - 140 ദിവസമാണ് കടുകിന്റെ മൂപ്പ്. വിളവെടുപ്പ് അതിരാവിലെ നടത്തണം. അരിവാളു കൊണ്ട് നിലം ചേർത്ത് ചെടി അരിഞ്ഞെടുക്കുകയാണ് നല്ലത്. മുറിച്ചെടുത്ത ചെടികൾ കെട്ടുകളാക്കി 5 - 6 ദിവസം വെയിലത്തുണക്കി കടുക് വിത്ത് തല്ലിക്കൊഴിച്ചെടുക്കാം.
കടുക് ചട്ടിയിലും വളർത്താം
കടുകിന്റെ ആവശ്യത്തിനും മൈക്രോ ഗ്രീൻ എന്ന നിലയ്ക്ക് കിട്ടുന്നിലകളായി ഉപയോഗിക്കാനും വീട്ടുവളപ്പിൽ ചട്ടിയിലും ഗ്രോബാഗിലും ഒക്കെ അനായാസം വളർത്താം. മേൽമണ്ണും മണലും ചാണകപ്പൊടിയും 111 എന്ന അനുപാതത്തിൽ കലർത്തി പോട്ടിംഗ് മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് കടയിൽ നിന്ന് വാങ്ങുന്ന കടുകുവിത്ത് പാകുക. അധികം ചൂടേൽക്കാത്ത സാഹചര്യത്തിൽ ആവശ്യത്തിനുമാത്രം നനച്ചാൽ 3 മുതൽ 10 ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും.
വിത്തുപാകുന്നതിന് മുമ്പ് നേരത്തെ കുതിർത്തു വയ്ക്കണമെന്ന് നിർബന്ധമില്ല. രണ്ടുനേരം ചെടികൾ നനയ്ക്കാം, ഈർപ്പമുള്ള പൊടിമണ്ണ് ആണ് കടുക് വിതയ്ക്കാൻ ഉത്തമം. തറയിലും വാരംകോരി നിലമൊരുക്കി വിതയ്ക്കാം. രണ്ടാഴ്ച കഴിഞ്ഞ് കുറച്ച് ജൈവവളം ചേർക്കാം. ഇതിന് ചാരം, ചാണകപ്പൊടി, എല്ലുപൊടി, ബയോഗ്യാസ് സ്ലറി എന്നിവയിൽ ഏതും ഉപ യോഗിക്കാം.
ചെടി വളരുമ്പോഴാണെങ്കിലും വെള്ളം തളിക്കുമ്പോൾ ശ്രദ്ധിക്കണം. ചെടികൾക്ക് കേട് പറ്റരുത്. സാമാന്യം വെയിൽ കിട്ടുന്നിടത്ത് വലിയ ചെടികൾ വളർന്നുകൊള്ളും. ഇത് പിന്നീട് കായ്കൾ ആകുമ്പോഴേക്കും ചെടിയോടെ പിഴുത് വെയിലത്തുണക്കി കടുകുമണി വേർതിരിക്കാം.
എന്നാൽ കടുകിന്റെ ഇളം ഇലകൾ കഴിക്കാൻ മൈക്രോ ഗ്രീൻ ആയി വളർത്തുമ്പോൾ വെറും അഞ്ചു ദിവസത്തെ വളർച്ച മതി തൈകൾ വിളവെടുക്കാൻ. ഇത് ബർഗർ, സാലഡ്, സാൻവിച്ച് എന്നിവയോടൊപ്പം കഴിക്കാം. കടുകിന്റെ കിളുന്നിലകൾ നാര്, ജീവകങ്ങൾ, ധാതുലവണങ്ങൾ, നിരോക്സീകാരികൾ എന്നിവയുടെ കലവറയാണ്.