Updated on: 18 March, 2024 11:13 PM IST
കൊക്കോ

കൊക്കോ തനിവിളയായി കൃഷിചെയ്യുന്നതാണോ, തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യുന്നതാണോ ലാഭകരം? രണ്ടിന്റേയും പ്രത്യേകതകൾ എന്തെല്ലാമെന്നു വിശദമാക്കാമോ 

കൊക്കോ തനി വിളയായും ഇടവിളയായും കൃഷി ചെയ്യാറുണ്ട്. തനി വിളയായി കൃഷി ചെയ്യുമ്പോൾ ഒരു ഹെക്റ്ററിൽ 1100 ചെടികൾ നടാൻ കഴിയുന്നു. തുടക്കത്തിൽ ചെടി ശരിയായി പിടിച്ചുകിട്ടാൻ 50% തണൽ ആവശ്യമാണ്. ഇതിനായി കൊക്കോ നടുന്നതിന് 5 മാസം മുമ്പ് വാഴയും തുവരപ്പയറും വച്ചു പിടിപ്പിക്കണം. അല്ലെങ്കിൽ ഓല കൊണ്ടോ മറ്റോ തണൽ നൽകേണ്ടി വരും. ഇടവിളയായി കൃഷി ചെയ്യുമ്പോൾ 10 വർഷത്തിനു മേൽ പ്രായമായ തെങ്ങിൻ തോപ്പുകളിൽ രണ്ടു വരി തെങ്ങുകളുടെ ഒത്ത നടുവിൽക്കൂടി 3 മീറ്റർ അകലത്തിൽ കൊക്കോ നടാം. ഒപ്പം തെങ്ങിൻ്റെ വരികളിൽ രണ്ടു തെങ്ങുകളുടെ ഒത്ത നടുവിലായി ഓരോ കൊക്കോ വീതവും നടാം. ഇങ്ങനെ ഒരു ഹെക്റ്ററിൽ 500, അഥവാ ഏക്കറിന് 200 തൈകൾ നടാം.

വിപണിയിലെ വെളിച്ചെണ്ണയുടെ വിലയും കൊക്കോക്കുരുവിന്റെ വിലയും മെച്ചപ്പെട്ട വിധം നിലനിൽക്കുകയാണെങ്കിൽ ഇടവിള കൃഷിയാണ് ലാഭകരം. തെങ്ങിന് മാറാരോഗം ബാധിച്ച് അവ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അവിടെയെല്ലാം പുതുതായി കൃഷി തുടങ്ങുമ്പോൾ കൊക്കോ തനിവിളയായി കൃഷി ചെയ്താൽ തെങ്ങുരോഗത്തിൻ്റെ ഭീഷണിയിൽ നിന്നും രക്ഷപ്പെടാം.

കൊക്കോ നടേണ്ട സമയമെപ്പോഴാണ് ?

വിത്തുകൾ വർഷത്തിൽ ഏതു സമയത്തും നന്നായി മുളക്കുമെങ്കിലും ഡിസംബർ-ജനുവരി മാസത്തിൽ വിതയ്ക്കുന്നതാണ് നല്ലത്. മേയ്-ജൂൺ മാസത്തിൽ നടാൻ അനുയോജ്യമായ 4-6 മാസം പ്രായമായ തൈകൾ ലഭിക്കുവാൻ ഇതു സഹായിക്കും.

സ്വന്തമായി തോട്ടങ്ങളിൽ നിന്നും വിത്തു കായ്ക്കൾ ശേഖരിക്കുമ്പോൾ മാത്യവൃക്ഷം തിരഞ്ഞെടുക്കുന്നതിൽ എന്തെല്ലാം ശ്രദ്ധിക്കണം ?

വർഷംതോറും 100 കായ്‌കളിൽ കുറയാത്ത വിളവു നൽകുന്നവയായിരിക്കണം. കായ‌കൾക്ക് 350 ഗ്രാമിൽ കൂടുതൽ തൂക്കമുണ്ടായിരിക്കണം. ഓരോ കായിലും 35 എണ്ണത്തിൽ കൂടുതൽ കുരുക്കൾ ഉണ്ടായിരിക്കണം. ഉണങ്ങിയ ഓരോ കുരുവിനും ഒരു ഗ്രാമിൽ കൂടുതൽ തൂക്കം വേണം.

തൈകൾ നടുന്ന രീതി എങ്ങനയാണ് ?

തൈ നടാൻ കുഴിയെടുക്കുമ്പോൾ 50 സെ.മീറ്റർ വീതം, നീളം, വീതി, താഴ്ച്‌ച എന്ന തോതിൽ എടുക്കണം. കുഴികൾ കാലവർഷാരംഭത്തോടെ എടുക്കാം. മേയ്-ജൂൺ മാസങ്ങളാണ് കൊക്കോ തൈ നടാൻ പറ്റിയ സമയം. 4 മുതൽ 6 മാസം പ്രായമായ സങ്കരയിനം തൈകളോ ബഡ്‌തൈകളോ നടാൻ ഉപയോഗിക്കാം.

മേൽമണ്ണും പൊടിച്ച ഉണക്ക ചാണകവും നന്നായി കലർത്തി കുഴി മൂടണം. അതിൽ വേണം തൈ നടാൻ. ചാറ്റൽ മഴ ഉള്ളപ്പോഴാണ് നടാൻ അനുയോജ്യം. തൈ ആഴത്തിൽ നടാൻ പാടില്ല. ചെടിയുടെ കടയ്ക്കൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാറ്റിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമെങ്കിൽ ഊന്നു കൊടുക്കേണ്ടതാണ്.

കൊക്കോയ്ക്ക് കൊമ്പു കോതേണ്ടതെപ്പോഴാണ് ?

കൊക്കോ തോട്ടത്തിലെ ഏറ്റവും പ്രധാന പരിചരണമുറയാണ് കൊമ്പുകോതൽ. സങ്കരത്തൈ ഉപയോഗിച്ചിട്ടുള്ള തോട്ടത്തിൽ 2 വർഷം കഴിഞ്ഞാൽ ചെടികൾ കുത്തനെ വളരാൻ അനുവദിക്കരുത്. ചെടിയ്ക്ക് കുടയുടെ ആകൃതി വരുന്നതു പോലെ കൊമ്പു കോതണം. എന്നാൽ ബഡ് ചെടികൾക്ക് ആദ്യത്തെ നാലോ അഞ്ചോ വർഷം കൊമ്പുകോതൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ഇവയിൽ തായ്ച്ചെടിയിൽ നിന്നുള്ള പൊടിപ്പ് ഇടയ്ക്കിടെ നുള്ളിക്കളയണം. സങ്കരത്തോട്ടത്തിലേതു പോലുള്ള ആകൃതി കൈവരിക്കാൻ ഇവയ്ക്ക് 6 വർഷം വരെ വേണ്ടി വരും. ഏപ്രിൽ-മേയ്, ഡിസംബർ മാസങ്ങളിലാണ് കൊമ്പുകോതൽ പ്രധാനമായും നടത്തുന്നത്. ഉണങ്ങിയ കമ്പുകളും കീല്പോട്ട് വളർന്ന് നിലത്ത് മുട്ടാറായ കൊമ്പുകളും അപ്പപ്പോൾ മുറിച്ചു കളയേണ്ടതാണ്. കൊക്കോ ഇടവിളയായി കൃഷിചെയ്യുമ്പോൾ ഒറ്റത്തണ്ടായി വളർത്തുന്നതാണ് സൗകര്യം.

English Summary: Steps to bear fruit from cocoa
Published on: 18 March 2024, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now