സാധാരണയായി 20-25 അടി പൊക്കത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കറുവ . ചില സന്ദർഭങ്ങളിൽ 60 അടി വരെ പൊങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ വനവൃക്ഷമായി വളരുന്നു.
ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് ഇതിന്റെ കൃഷിക്ക് യോജിച്ചത്
നല്ല നീർവാർച്ചയുള്ള മണ്ണാണ് കറുവക്കൃഷിക്ക് ആവശ്യം. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരമുള്ള പ്രദേശങ്ങളിൽ കറുവ വളരുന്നു. നിത്യഹരിത വനപ്രദേശങ്ങളും ഇതിൻ്റെ കൃഷിക്ക് അനുയോജ്യമാണ്. കൂടുതൽ ജൈവാംശമുള്ള മണൽമണ്ണിലും കൃഷി ചെയ്യാം. എന്നാൽ ചെങ്കൽ പ്രദേശങ്ങളും ചതുപ്പുനിലങ്ങളും ഇതിന് നന്നല്ല.
കറുവയിൽ ഏതു രീതിയിലുള്ള പ്രവർധനമാണ് സാധാരണ നടത്തുന്നത്
സാധാരണയായി വിത്ത് ഉപയോഗിച്ചാണ് പ്രവർധനം നടത്തുന്നത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ കറുവയുടെ കായ്‌കൾ വിളഞ്ഞു പഴുക്കുന്നു - കൊഴിഞ്ഞുവീഴുന്ന പഴുത്ത കായ്‌കൾ ശേഖരിച്ച് പാകുന്നു. വലിപ്പമുള്ള മുഴുത്ത വിത്തുകൾ മാത്രമേ പാകാൻ ഉപയോഗിക്കാവൂ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിത്തുകൾ പാകരുത്. തൈകൾക്ക് ആറുമാസം പ്രായമാകുമ്പോൾ ചട്ടികളിലേക്കോ പോളിത്തീൻ കൂടുകളിലേക്കോ പറിച്ചു നടാം.
നടാൻ കുഴി തയാറാക്കുന്ന രീതിയും നടുന്ന വിധവും എങ്ങനെ
ഒന്നു മുതൽ രണ്ടു വർഷം വരെ പ്രായമായ തൈകൾ കാലവർഷാരംഭത്തോടെ പ്രധാന കൃഷിസ്ഥലത്ത് നടാം. ഇല ഞെട്ടുകൾക്ക് പച്ചനിറമുള്ള തൈകൾ വേണം തിരഞ്ഞെടുക്കാൻ. 60 സെ.മീറ്റർ വീതം, നീളം, വീതി, താഴ്‌ച എന്ന അളവിൽ 2 മീറ്റർ വീതം അകലത്തിൽ കുഴിയെടുക്കണം. തൈ നടുന്നതിനു മുമ്പ് മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ ഇലയും കൊണ്ട് കുഴി നിറയ്ക്കണം. ജൂൺ മാസം തൈകൾ നടാം.