വള്ളിച്ചെടികൾ പതിവയ്ക്കുന്നതിനു യോജിച്ച മാർഗമാണിത്. സാധാരണ പതിയുമായി ഇതിന് വളരെയധികം സാമ്യമുണ്ട്. നാഗപ്പതിയിൽ നീളമുള്ള ഒരു ശാഖ മണ്ണിലേക്കു വളച്ചുവച്ച് അതിന്റെ പല ഭാഗങ്ങൾ ഇടവിട്ട് മണ്ണിട്ടു മൂടുന്നു. മണ്ണുമായി സ്‌പർശിക്കുന്ന ഭാഗങ്ങളിലെല്ലാം വേര് ഉണ്ടാകുന്നു. പുറത്തേക്കു തള്ളി നിൽക്കുന്ന ഭാഗങ്ങളിൽ നിന്ന് മുളകൾ ഉണ്ടാകുന്നു.
ഇവ ഓരോന്നും മുറിച്ചു വേർപെടുത്തി ഒരു പുതിയ ചെടിയായി വളർത്താം. നീളമുള്ളതും എളുപ്പത്തിൽ വളയ്ക്കാവുന്നതുമായ തണ്ടുകളുള്ള ചെടികളാണ് അനുയോജ്യം. ഉദാ: വിസ്റ്റീരിയ, ക്ലിമാറ്റിസ്, ചില മുന്തിരിവർഗങ്ങൾ, ചില വള്ളിച്ചെടികൾ.
കമ്പുകൾ തിരഞ്ഞെടുക്കുന്ന വിധം
ഇളംതണ്ടുകളെ അപേക്ഷിച്ച് മൂപ്പു കൂടിയ തണ്ടുകളാണ് അനുയോജ്യം. എങ്കിലും, ഒരു വർഷത്തിൽ കൂടുതൽ പ്രായമുള്ളവ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.
പതിവയ്ക്കുന്ന വിധം
കമ്പ് പല പ്രാവശ്യം വളച്ച് തറയിലോ മണ്ണു നിറച്ച ചട്ടിയിലോ മുട്ടിക്കുക. തറയിൽ മുട്ടുന്ന ഭാഗത്തെ ഇലകളെല്ലാം നീക്കം ചെയ്യുക. മണ്ണിൽ മുട്ടുന്ന ഭാഗത്ത്, കമ്പിനടിയിൽ നാക്കിൻ്റെ ആകൃതിയിൽ ചെത്തി മുറിവുണ്ടാക്കുക. ഈ മുറിവുകൾക്കിടയിൽ ചെറുകമ്പുകൾ തിരുകി വയ്ക്കുക.
മുറിച്ച ഭാഗം മണ്ണിനടിയിൽ 3 മുതൽ 5 സെ.മീ. വരെ താഴ്ത്തി വച്ച് കല്ലോ കുറ്റിയോ ഉപയോഗിച്ച് ഉറപ്പിക്കുക.
പതികൾ വേർപെടുത്തുന്ന വിധം
ഏകദേശം രണ്ടുമാസം പൂർത്തിയാകുമ്പോൾ പതികൾ നീക്കം ചെയ്യാം. തണ്ടിന്റെ തറയിൽ മുട്ടുന്ന ഭാഗങ്ങളിലെല്ലാം 'V' ആകൃതിയിൽ മുറിവുകൾ ഉണ്ടാക്കണം. ആഴ്‌ചയിലൊരിക്കൽ വീതം ഈ മുറിവിൻ്റെ ആഴം ക്രമമായി വർധിപ്പിക്കുക. രണ്ടു മാസം പൂർത്തിയാവുമ്പോൾ പതി പൂർണമായും മുറിച്ചു മാറ്റാം. മുറിച്ച് കഴിഞ്ഞ് 15 ദിവസത്തോളം പതികൾ തണലിൽ സൂക്ഷിക്കണം.