ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് നിലക്കടല കൃഷിക്ക് യോജിച്ചത് ?
വ്യത്യസ്‌ത കാലാവസ്ഥയിൽ നിലക്കടല കൃഷി ചെയ്തു വരുന്നു. 21 ഡിഗ്രി സെന്റിഗ്രെയ്‌ഡ് മുതൽ 27 ഡിഗ്രി സെൻ്റിഗ്രെയിഡ് വരെയുള്ള ഉഷ്ണകാലാവസ്ഥയും 50 സെ.മീറ്റർ മുതൽ 125 സെ.മീറ്റർ വരെയുള്ള വർഷപാതവുമാണ് നിലക്കടല കൃഷിക്ക് ഏറ്റവും യോജിച്ചത്. ഇടയ്ക്കിടയ്ക്ക് ലഭിക്കുന്ന മഴ ഇതിൻ്റെ കൃഷിക്ക് വളരെ സഹായകമാണ്.
പലതരം മണ്ണിൽ നിലക്കടല കൃഷി ചെയ്യാമെങ്കിലും ജൈവാശം ധാരാളമുള്ള മണൽ മണ്ണിലും ലോം മണ്ണിലും ഇത് നന്നായി വളരുന്നു.
നിലക്കലട കൃഷിക്ക് യോജിച്ച സമയം എപ്പോഴാണ് ?
മഴയെ ആശ്രയിച്ച് നിലക്കടല കൃഷി ചെയ്യുമ്പോൾ മേയ് - ജൂണിൽ തുടങ്ങി സെപ്‌തംബർ- ഒക്റ്റോബറിൽ അവസാനിക്കുന്നു. ജലസേചനത്തോടു കൂടിയുള്ള കൃഷി ജനുവരിയിൽ ആരംഭിച്ച് മേയിൽ വിളവെടുക്കുന്നു.
നിലം തയാറാക്കുന്ന രീതി എങ്ങനെയെന്നു വിശദമാക്കാമോ ?
മൂന്നോ നാലോ തവണ നിലം ഉഴുത് നിരപ്പാക്കിയ ശേഷം കലപ്പ കൊണ്ട് വിത്തിടാനായി ഉഴവുചാൽ തുറക്കണം. ഉഴവുചാലിൽ 15 x 15 സെ:മീറ്റർ അകലത്തിൽ വിത്തിടണം. റൈസോബിയം കൾച്ചർ ചേർന്ന വിത്താണ് ഉപയോഗിക്കേണ്ടത്.
നിലക്കടല വിത്തു തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
വിതയ്ക്കാനുള്ള വിത്ത് വളരെ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. നല്ല ഉണക്കുള്ള വിത്തു വേണം നടാൻ ഉപയോഗിക്കുന്നത്. തോടു പൊട്ടിച്ചു നടാനായി വിത്തെടുക്കുമ്പോൾ പരിപ്പിനും അതിനെ പൊതിഞ്ഞുള്ള നേർത്ത തൊലിക്കും യാതൊരു കേടും പറ്റാതെ സൂക്ഷിക്കേണ്ടതാണ്. നടുന്നതിനു തൊട്ടു മുമ്പ് മാത്രമായിരിക്കണം തോട് പൊട്ടിച്ച് വിത്തെടുക്കുന്നത്. കൈ കൊണ്ടുതന്നെ തോടു പൊട്ടിച്ചു എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോൾ തോടു പൊട്ടിക്കാൻ വിപണിയിൽ മിഷ്യൻ വാങ്ങാൻ ലഭ്യമാണ്.