കേരളത്തിലെ തുറസ്സായ കൃഷി സ്ഥലങ്ങൾക്കും വീട്ടുവളപ്പുകൾക്കും ഇടവിളകൃഷി സമ്പ്രദായ ങ്ങൾക്കും ഒരുപോലെ അനുയോജ്യമായ സുഗന്ധ-ഔഷധ വിളയാണ് കസ്‌തൂരിമഞ്ഞൾ. കുർകുമ അരോമാറ്റിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന കസ്‌തൂരിമഞ്ഞൾ, ഇഞ്ചി കുടുംബ ത്തിലെ ഒരംഗമാണ്.
യഥാർത്ഥ കസ്‌തുരിമഞ്ഞൾ തിരിച്ചറിയുന്നതെങ്ങനെ ?
കസ്‌തൂരി മഞ്ഞളിൻ്റെ പ്രകന്ദങ്ങളുടെ നിറം ഇഞ്ചിയോടും, ആകൃതി മാങ്ങയിഞ്ചിയുടെ പ്രകന്ദങ്ങളോടും വളരെ സാമ്യമുള്ളതാണ്. പ്രകന്ദങ്ങൾ മുറിച്ചാൽ ഇളം മഞ്ഞ നിറവും കർപ്പൂര ഗന്ധവും കയ്പ്പു രസവും ആണ്. ഇലയുടെ അടി വശം രോമിലവും വളരെ മൃദുലവും ആണ്.
മഞ്ഞക്കൂവയുടെ പ്രകന്ദങ്ങൾക്കു മഞ്ഞ കലർന്ന ഓറഞ്ച് നിറവും ഇലയുടെ മധ്യഭാഗത്തു ചുവപ്പു കലർന്ന വയലറ്റ് രേഖകളുമുണ്ട്. എന്നാൽ ഇതു കസ്‌തൂരി മഞ്ഞളിന് ഇല്ല. കസ്‌തൂരി മഞ്ഞൾ പൊടിക്ക് ഇളം ചോക്ലേറ്റ് നിറവും,മഞ്ഞക്കൂവയുടെ പൊടിക്ക് മഞ്ഞ നിറവുമാണ്. മേൽ പറഞ്ഞ വസ്‌തുതകൾ കസ്‌തൂരി മഞ്ഞളിനെ മഞ്ഞക്കുവയിൽ നിന്ന് എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു.
കസ്‌തൂരി മഞ്ഞളിൻ്റെ വിളവെടുപ്പ്
കസ്‌തൂരി മഞ്ഞൾ നട്ട് 7 മാസമാകുമ്പോൾ ഇലകൾ കരിഞ്ഞു തുടങ്ങും. ഇലകളും പോളകളും നന്നായി കരിഞ്ഞാൽ വിളവെടുപ്പ് നടത്താം പ്രകന്ദങ്ങൾ മുറിയാതെയും കേടുവരാതെയും മൺവെട്ടി കൊണ്ട് വെട്ടിയെടുക്കുക. വിളവെടുപ്പിനു ശേഷം വേരുകൾ കളഞ്ഞ പ്രകന്ദങ്ങളെ നല്ലവണ്ണം കഴുകി വൃത്തിയാക്കുക. ഇങ്ങനെ തയ്യാറാക്കിയ പ്രകന്ദങ്ങളിൽ ഒരു ഭാഗം വിത്തിനായി സൂക്ഷിക്കാം.
കീടരോഗ ബാധയില്ലാത്തതും നല്ല വലിപ്പമുള്ളതുമായ പ്രകന്ദങ്ങൾ തിരഞ്ഞെടുത്ത് വായു സഞ്ചാരമുള്ളതും നനവില്ലാത്തതുമായ സ്ഥലത്തു ശേഖരിച്ചു വയ്ക്കുക. സംഭരിച്ചു വച്ചിട്ടുള്ള വിത്തുകൾ മാസത്തിലൊരിക്കൽ പരിശോധിച്ച് കേടുപാടുള്ളവയെ മാറ്റി കളയുക. ബാക്കി വരുന്ന പ്രകന്ദങ്ങളെ സംസ്‌കരിച്ചു ഉപയോഗിക്കാം.
കസ്‌തൂരി മഞ്ഞളിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം കസ്‌തൂരി മഞ്ഞൾ പൊടിയാണ്. ഇതിനായി പ്രകന്ദങ്ങളെ കത്തി ഉപയോഗിച്ച് കനം കുറഞ്ഞ ചെറിയ ചിപ്‌സുകളായി മുറിക്കുക. ഇങ്ങനെ മുറിച്ചെടുത്ത ചിപ്‌സുകൾ വെയിലത്ത് ഉണക്കുക. മഞ്ഞൾ സംസ്ക്‌കരിക്കുന്നത് പോലെ പുഴുങ്ങി ഉണക്കേണ്ടതില്ല. നന്നായി ഉണക്കിയ കസ്‌തൂരി മഞ്ഞൾ ചിപ്‌സുകളിൽ 9 -11 ശതമാനം ജലാംശം ഉണ്ടായിരിക്കും. ശേഷം ഇവ നന്നായി പൊടിച്ച് കസ്‌തൂരി മഞ്ഞൾ പൊടി തയ്യാറാക്കാവുന്നതാണ്. ഒരു കിലോഗ്രാം കസ്‌തുരി മഞ്ഞൾ പൊടി ലഭിക്കാൻ 6 കിലോഗ്രാം പ്രകന്ദങ്ങൾ ആവശ്യമാണ്.