മറ്റു ചെടികളിൽ നിന്നു വ്യത്യസ്ഥമായി വാഴയുടെ വേരുകളിൽ ഒട്ടിപിടിച്ചിരുന്ന് നീരൂറ്റികുടിക്കുന്ന ഒരു കീടമാണ് മീലിമൂട്ട. മണ്ണിനടിയിലാണ് ആക്രമണമെന്നതിനാൽ പലപ്പോഴും ആക്രമണകാരണം മനസിലാകാറില്ല. കിളക്കുന്ന സമയത്ത് വേരിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള കീടങ്ങളാണ് ഇവ. മണ്ണിൽ കുമ്മായം ഇട്ടതിൻ്റെ അവശിഷ്‌ടങ്ങളാണ് എന്ന് കരുതി ശ്രദ്ധിക്കാറില്ല.
മീലി മൂട്ടകൾ വേരിൽ പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിച്ച് വേരുകൾ കറുത്ത നിറമായി ഉണങ്ങിപ്പോകുന്നു. വേരുകൾക്ക് നാശം സംഭവിക്കുന്നതോടെ ഇലകൾ വാടി വാഴയുടെ വളർച്ച പതുക്കെയാകുന്നു. ഇതു വിളവിനേയും ബാധിക്കും. ഇതിനെതിരെ സംയോജിത കീടനിയന്ത്രണമാണ് ഉത്തമം.
വാഴകൃഷി ആരംഭിക്കുന്നതിന് മുമ്പ് നിർബന്ധമായും കുമ്മായം അര കിലോയെങ്കിലും ചേർക്കണം. കൂടാതെ വേപ്പിൻ പിണ്ണാക്ക് കുഴികളിൽ അരക്കിലോ വീതം ഇട്ടു കൊടുക്കാം.
ആക്രമണം രൂക്ഷമാവുകയാണെങ്കിൽ ക്വിനൽഫോസ്-2 മില്ലി/ലിറ്റർ എന്ന തോതിലെടുത്ത് തടം കുതിർക്കണം. കൂടാതെ കുലകളുടെ തുക്ക വ്യത്യാസം ഉണ്ടായാൽ മറികടക്കുന്നതിനായി പൊട്ടാസ്യം സൾഫേറ്റ് (എസ് ഒപി) 15 ഗ്രാം/ലിറ്റർ എടുത്ത് കുലകളിലും അതിനോടൊപ്പം ചേർത്ത് നിൽക്കുന്ന ഇലകളിലും തളിച്ചു കൊടുക്കാവുന്നതാണ്.