ആധുനിക കീടനാശിനികൾ വരും മുമ്പ് കീടങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കുന്നതിന് കർഷകർ വിളകളെ വിഷം തീണ്ടിക്കാതെയുള്ള ലളിതമായ ജൈവമാർഗങ്ങൾ ഉപയോഗിച്ചിരുന്നു. സുഗന്ധവിളകളുടെ കയറ്റുാതിക്ക് ഏറ്റവും ഉത്തമമാണ് ഈ ജൈവവഴികൾ
ചെല്ലികളെ പിടിക്കുവാൻ 8.1 എന്ന തോതിൽ കഞ്ഞിവെള്ളത്തിൽ ആവണക്കിൻകുരു അരച്ചു ചേർത്ത് ഒരു കുടത്തിലാക്കി തോപ്പിൻ്റെ മധ്യത്തിൽ വയ്ക്കുക. അതിൽ നിന്നും വമിക്കുന്ന ഗന്ധം സമീപത്തുള്ള ചെല്ലികളെ കുടത്തിൽ വന്ന് നിറയുവാൻ സഹായിക്കും. കുടത്തിൽ വീണ ചെല്ലികളെയെല്ലാം നിശ്ശേഷം നശിപ്പിച്ച് വീണ്ടും തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽവച്ച് ഈ നശീകരണപ്രവർത്തനം തുടരണം. ഒരു ഏക്കർ സ്ഥലത്തെ ചെല്ലികളെ പിടിക്കുവാൻ ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ ഇരുന്നൂറ്റമ്പത് ആവണിക്കിൻകുരു അരച്ചു ചേർത്താൽ മതി.
കായീച്ചകളുടെ ശല്യം കുറയ്ക്കാൻ തുളസിയില ചതച്ച് വെള്ളം ചേർത്ത് ഒരു പാത്രത്തിലാക്കി കൃഷിയിടത്ത് പല ഭാഗത്തായി വയ്ക്കുക. തുളസിച്ചാറിൻ്റെ ഗന്ധം കായിച്ചകളെ പാത്രത്തിലേക്കാകർഷിക്കും. പിന്നീട് ഇവയെ കൂട്ടത്തോടെ കൊല്ലാം
വിളകൾക്ക് എലി ശല്യം കൂടിവരുമ്പോൾ ചെമ്മീൻപൊടി സിമന്റുമായി കൂട്ടിച്ചേർത്ത് പല ഭാഗങ്ങളിലായി വയ്ക്കുക. എലി മൽസ്യഗന്ധത്തിൽ ആകൃഷ്‌ടമായി മൽസ്യം ചേർത്ത സിമൻ്റ്പൊടി ഭക്ഷിക്കും .എലിയുടെ ശരീരത്തിലേക്ക് ചെല്ലുന്ന സിമൻ്റ്പൊടി ഉമിനീരിന്റെ ഈർപ്പം മൂലം കട്ടപിടിച്ച് എലി ചാകുകയും ചെയ്യും.
കെണിയൊരുക്കി കീടങ്ങളെ അതിലേക്കാകർഷിച്ച് നശിപ്പിക്കുന്ന ചില രീതികളും കർഷകർക്കിടയിൽ പ്രചാരത്തിലുണ്ട്. കാലിപ്പാട്ടകളിൽ മഞ്ഞ പെയിൻ്റടിച്ചോ, മഞ്ഞ പ്ലാസ്റ്റിക് നാട് വലിച്ച് കെട്ടിയോ അതിൽ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടി ജലകാരം കെണി ഉണ്ടാക്കാം. കീടങ്ങൾ മഞ്ഞനിറത്തിൽ തട്ടിയാൽ ഇവയിൽ ഒട്ടിപ്പിടിച്ച് നശിക്കും:
വിളക്കിന് താഴെ ഒരു പാത്രത്തിൽ വെള്ളംവച്ചും കീടങ്ങളെ കെണിയിൽ വീഴ്ത്താം. വിളക്കിലേക്കാകർഷിച്ച് വരുന്ന പ്രാണികൾ ഈ വെള്ളത്തിൽ വീണ് ചാകും.
സസ്യവിളകൾക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങളെ അവ ഇഷ്ട്‌ടപ്പെടാത്ത രുചിയും മണവും ഉപയോഗിച്ച് അകറ്റിനിർത്തുകയാണ് മറ്റൊരു രീതി.
കാഞ്ഞിരത്തിന്റെ ഇല, തുളസിയില, ഇഞ്ചിപ്പുല്ല് ഇവ തുല്യമായി എടുത്ത് നല്ലവണ്ണം തിളപ്പിച്ച് ആറിയശേഷം ചെടിയുടെ എല്ലാ ഭാഗങ്ങളിലും തളിക്കുക. മരുന്നിൻ്റെ രൂക്ഷഗന്ധവും കയ്‌പ്പ് രസവും പ്രാണികളെ ചെടികളിൽ നിന്നും അകറ്റിനിർത്തും പ്രാണികൾ. കീടങ്ങൾ ഇവ ഇഷ്‌ടപ്പെടുന്ന യഥാർത്ഥ ഗന്ധം പുറ ത്ത് വരാതെ ഇരുന്നാലും ഇവയിൽനിന്നും വിളകളെ സംരക്ഷിക്കാനാകും. അതിന് വിളകളുടെ ഗന്ധത്തേക്കാൾ രൂക്ഷഗന്ധമുള്ള പദാർത്ഥങ്ങളായ മഞ്ഞൾപ്പൊടി (ഉറുമ്പിന്), ചീഞ്ഞ മത്തി, ചാഴിപ്പൂവ് (പ്രാണികൾക്ക്) ഇവ വിളവിൻ്റെ ചുറ്റും വച്ചാൽ മതി