മാങ്കോസ്റ്റീൻ ഏഴു മീറ്ററോളം പൊക്കത്തിൽ വളരുന്നു. ഇലകൾ നീണ്ടു കട്ടിയുള്ളതും മിനുസമുള്ളതുമാണ്. പൂക്കൾക്ക് ആകൃതിയിൽ റോസാ പൂക്കളോട് സാദൃശ്യമുണ്ട്. പഴങ്ങൾക്ക് കടുംചുവപ്പ് നിറമാണ്. കട്ടിയുള്ള പുറന്തോടുണ്ട്. സപ്പോട്ട പഴങ്ങളോളം വലിപ്പം കാണുന്നു. നല്ല പോലെ പഴുത്ത കായ്‌കൾ വിരലുകൾക്കുള്ളിൽ വച്ച് ചെറുതായി ഞെക്കിയാൽ പുറന്തോട് രണ്ടായി പിളർന്നുമാറും. അതിനുള്ളിൽ ഒരു തരം പ്രത്യേക മണമുള്ള മാംസളമായ ഇതളുകൾ ചേർന്നിരിക്കുന്നു.
മാങ്കോസ്റ്റീൻ കൃഷി ചെയ്യുവാൻ കാലാവസ്ഥയും മണ്ണും
കേരളത്തിലെ കാലാവസ്ഥ മാങ്കോസ്റ്റീൻ കൃഷിക്ക് നൂറുശതമാനവും അനുയോജ്യമാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഇവ നന്നായി വളരുന്നു. നല്ല നീർവാർച്ചയുള്ളതും ഉണങ്ങി കട്ടിപിടിക്കാത്തുമായ മണ്ണാണ് ഉത്തമം. എക്കൽ മണ്ണിൽ നന്നായി വളരുന്നു.
മാങ്കോസ്റ്റീൻ പ്രവർധനം
കുരു പാകിയാണ് സാധാരണ തൈയുണ്ടാക്കുന്നത്. ഒരു പഴത്തിൽ ഒന്നോ രണ്ടോ കുരു കാണുന്നു.
മാങ്കോസ്റ്റീനിൽ പൂവിൽ നിന്നും വിത്തുണ്ടാകുന്നതിലുള്ള സവിശേഷത
മാങ്കോസ്റ്റീനിൽ ബീജസംയോഗം കൂടാതെ തന്നെ പുഷ്പത്തിന്റെ അണ്ഡത്തിന് വിത്ത് ഉൽപ്പാദിപ്പിക്കുന്നതിനുള്ള കഴിവുള്ളതിനാൽ മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും വിത്തു കിളിർപ്പിച്ചെടുക്കുന്ന തൈകൾക്ക് ഉണ്ടായിരിക്കും.
മാങ്കോസ്റ്റീനിന്റെ തൈകൾ തയാറാക്കുന്ന വിധം
വേനൽക്കാലത്ത് ഉണ്ടാകുന്ന പഴങ്ങളുടെ കുരുവാണ് തൈ ഉൽപ്പാദനത്തിന് ഏറ്റവും മെച്ചമായി കണ്ടിട്ടുള്ളത്. പഴത്തിനുള്ളിൽ ഏതാണ്ട് മൂന്നാഴ്‌ചക്കാലം വരെ കേടു കൂടാതെ വിത്ത് സൂക്ഷിക്കാം. മണ്ണു നിറച്ച പെട്ടികളിലോ തവാരണകളിലോ വിത്ത് പാകാം. വിത്ത് പാകാൻ തയാറാക്കുന്ന മണ്ണിൽ കൂടുതൽ ജൈവവളം ചേർക്കുന്നത് നല്ലതാണ്. കാരണം വിത്ത് കിളിർക്കാൻ 45 ദിവസങ്ങളോളം ആവശ്യമായതിനാൽ ധാരാളം ജൈവവളം ചേർത്താൽ മണ്ണിൽ ഈർപ്പം തങ്ങിനിൽക്കാൻ സഹായിക്കുന്നു.
രണ്ടില വന്നു കഴിയുമ്പോൾ അവ തറയിലാണ് നിൽക്കുന്നതെങ്കിൽ ഇളക്കി ചട്ടികളിലാക്കണം. രണ്ടോ മൂന്നോ വർഷം പ്രായമായ തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. വളർച്ച സാവധനാമായതിനാൽ അപ്പോഴേക്കും ഒന്നര അടി മാത്രമേ ഉയരം കാണുകയുള്ളു. ഒട്ടുതൈകൾ ഉണ്ടാക്കുവാൻ ഇനാർച്ചിങ് അഥവാ വശം ചേർത്തൊട്ടിക്കൽ പ്രചാരം സിദ്ധിച്ചു വരുന്നു.