ചേന നടാൻ നിലം തയ്യാറാക്കുന്ന രീതി എങ്ങനെ
90 സെ.മീറ്റർ വീതം അകലത്തിൽ 60 x 60 x 45 സെ.മീറ്റർ നീളം, വീതി, താഴ്ച്‌ച എന്ന തോതിൽ കുഴി എടുക്കണം. 15-20 സെ.മീറ്റർ താഴ്ചയിലുള്ള മേൽമണ്ണ് പ്രത്യേകം മാറ്റിയിടണം. കുഴിയെടുത്തു കഴിഞ്ഞ് 2-2.5 കി: ഗ്രാം വീതം ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തി കുഴി നിറയ്ക്കണം.
വിത്ത് കഷ്ണം നടാൻ തയ്യാറാക്കുന്ന വിധവും നടുന്ന രീതിയും എങ്ങനെ
ഒരു കി.ഗ്രാം ഭാരമുള്ള വിത്തു കഷണങ്ങളാണ് നടാൻ ഏറ്റവും അനുയോജ്യം. വിത്തുകൾ ചാണകക്കുഴമ്പു തയ്യാറാക്കി അതിൽ മുക്കി തണലിൽ ഉണക്കിയെടുത്തു വേണം നടാൻ ഉപയോഗിക്കേണ്ടത്.
വിളവെടുത്തശേഷം ചേന രണ്ടുമാസം സുഷുപ്‌താവസ്ഥയിൽ കഴിയും. അതിനു ശേഷമേ അവ കിളിർക്കുകയുള്ളൂ. അതിനാൽ വിളവെടുത്ത ശേഷം രണ്ടുമാസം കഴിഞ്ഞേ ചേന നടാൻ ഉപയോഗിക്കാവൂ.
വിത്തു നട്ട ശേഷം കുഴിയിൽ ഉണക്ക കരിയിലയും മറ്റു പാഴ്വസ്തുക്കളും ഉപയോഗിച്ച് പുതയിടീൽ നടത്തണം. ഒരേക്കർ സ്ഥലത്തു നടാൻ വേണ്ടി 5 ടൺ വിത്ത് ആവശ്യമാണ്.
ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് ചേന കൃഷി ചെയ്യുവാൻ അനുയോജ്യം ?
എല്ലാത്തരം മണ്ണിലും ചേനയ്ക്ക് വളരുവാൻ കഴിയുന്നു. എങ്കിലും നല്ല നീർവാർച്ചയും ധാരാളം ജൈവാംശവും അടങ്ങിയ മണ്ണിൽ ഇവ നന്നായി വളരുന്നു. ഇടവിളയായി തെങ്ങിൻതോപ്പുകളിൽ ചേന വിജയകരമായി കൃഷി ചെയ്യാൻ കഴിയുന്നു. ചേനയ്ക്കു വളരാൻ നീണ്ട ഒരു വളർച്ചാകാലം ആവശ്യമാണ്. വളർച്ചാഘട്ടത്തിൽ ഏകദേശം 150 സെ.മീറ്റർ മഴ ആവശ്യമാണ്.