ബോൺസായ് പ്രദർശനത്തിന് ഒരു മാസം മുമ്പെങ്കിലും പിണ്ണാക്കോ മറ്റ് ജൈവവസ്തുക്കളോ ചേർത്തിരിക്കണം. പ്രൂണിങ് കഴിഞ്ഞ് ഉടനെ പ്രദർശനത്തിന് വയ്ക്കരുത്. പ്രൂണിങ് കഴിഞ്ഞ് പുതിയ തളിർപ്പുകൾ വന്ന് നല്ല രൂപമായാൽ മാത്രമേ കൊണ്ടു പോകാൻ പാടുള്ളൂ.
പ്രദർശനത്തിന് വയ്ക്കുമ്പോൾ ബോൺസായ് ഒരിക്കലും തറയിൽ വയ്ക്കരുത്. ഉയരമുള്ള ഡസ്‌കുകളിലോ ഡെസ്‌കിന് മീതെ ബെഞ്ചിട്ട് അതിന് മുകളിലോ വയ്ക്കാം. കണ്ണിൻ്റെ ലവലിലായിരിക്കണം പരമാവധി ചെടികൾ ഇരിക്കേണ്ടത്. ചട്ടിയിൽ മോസ് (പായൽ)വളർത്തിയ ശേഷമാണെങ്കിൽ നന്നായിരിക്കും. ബോൺസായികൾ അടുത്തടുത്ത് വയ്ക്കാൻ പാടില്ല.
ചെടികൾ തമ്മിൽ നല്ല അകലം വേണം. വെയിലത്തിരുന്ന ചെടികൾ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടു വയ്ക്കുമ്പോൾ കുറച്ചു വെള്ളമേ ഒഴിക്കാൻ പാടുള്ളൂ. ഓരോ ചെടിയുടെയും പേര് വായിക്കാവുന്ന വലിപ്പത്തിൽ എഴുതി വയ്ക്കണം. ചെടിയുടെ ശാസ്ത്രീയനാമം കൂടി എഴുതിവയ്ക്കുന്നതും നന്നായിരിക്കും. സ്റ്റാളിൽ നിൽക്കുന്ന ആളിന് ചെടികളെക്കുറിച്ചും പേരിനെക്കുറിച്ചും അറിവുണ്ടായിരിക്കണം.
ഏറ്റവും പ്രധാനപ്പെട്ടതും ഭംഗി കൂടിയതുമായ ചെടികൾ ഏറ്റവും ഉയരത്തിൽ വയ്ക്കുക. ഏറ്റവും മനോഹരമായ ചെടി മധ്യഭാഗത്തും മറ്റുള്ളവ വശങ്ങളിലുമായി കുറച്ചകലത്തിൽ വയ്ക്കുക. ചെടികൾക്ക് ഭംഗി കൂട്ടാൻ വെള്ളത്തിൽ മുക്കിയ സ്പോഞ്ചു കൊണ്ട് ചെടിയുടെ ഇലകൾ തുടയ്ക്കന്നത് നല്ലതാണ്. ചട്ടിയിൽ പായൽ ഇല്ലെങ്കിൽ ചെറിയ അലങ്കാരക്കല്ലുകളോ മാർബിൾ ചിപ്സോ ആൾ/മൃഗരൂപങ്ങളോ വയ്ക്കാം. അരയാൽമരത്തിന്റെ ചുവട്ടിൽ ശ്രീബുദ്ധൻ്റെ ചെറിയ പ്രതിമ വയ്ക്കാം. കൃഷ്ണനാലിന്റെ ചുവട്ടിൽ ശ്രീകൃഷ്‌ണന്റെ ചെറിയ പ്രതിമ വയ്ക്കാം. പൂക്കളിൽ ചെറിയ പ്ലാസ്റ്റിക് പൂമ്പാറ്റകളെ വയ്ക്കാം.