ഒരു ഹെക്ടർ പ്രദേശത്ത് 150 കി.ഗ്രാം യൂറിയ, 220 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 40 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളിൽ പകുതി വീതം യൂറിയായും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും മുഴുവൻ സൂപ്പർ ഫോസ്ഫേറ്റും നിലമൊരുക്കിയ ശേഷം തൈകൾ നടുന്നതിന് മുമ്പായി മണ്ണിൽ ചേർക്കണം. ബാക്കി ശേഷിക്കുന്ന യൂറിയായുടെയും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിൻ്റെയും പകുതി തൈ നട്ട് 20-25 ദിവസം കഴിഞ്ഞും ബാക്കി ഭാഗം വീണ്ടും ഒരു മാസം കൂടി കഴിഞ്ഞ് മേൽവളമായി നൽകണം.
അടുക്കളത്തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെൻ്റൊന്നിന് 350 ഗ്രാം യൂറിയ, ഒരു കി.ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ് 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി ചേർക്കണം. തൈ നട്ട് മൂന്നാഴ്ച്‌ച കഴിഞ്ഞ് 175 ഗ്രാം യൂറിയായും 50 ഗ്രാം പൊട്ടാഷും വീണ്ടും ഒരു മാസം കൂടി കഴിഞ്ഞ് 175 ഗ്രാം യൂറിയായും 50 ഗ്രാം പൊട്ടാഷും കൂടി നൽകണം.
മേൽവളം ചെയ്യുന്നതിന് മുമ്പായി ഇടയിളക്കി കളകൾ നീക്കം ചെയ്യുകയും വളം ചേർത്ത ശേഷം ചുവട്ടിൽ മണ്ണടിപ്പിക്കുകയും വേണം. വേനൽക്കാലത്ത് ആഴ്‌ചയിൽ രണ്ടു ദിവസം നനയ്ക്കേണ്ടതാണ്. കായ്ച്ചു തുടങ്ങിയാൽ ഇടവിട്ട ദിവസങ്ങളിൽ നനയ്ക്കണം. തൈകൾ 40-45 സെ.മീറ്റർ പൊക്കം വച്ചു കഴിഞ്ഞാൽ കുറ്റി നാട്ടി താങ്ങു കൊടുക്കണം. കായ്‌കൾ മണ്ണിൻ്റെ സമ്പർക്കത്തിൽ കേടു വന്ന് നശിക്കാതിരിക്കാൻ ഇത് സഹായിക്കും. കൂടാതെ ചെടിക്ക് ധാരാളം സൂര്യപ്രകാശം ലഭിക്കുകയും തന്മൂലം ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള കായ്കൾ ലഭിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.