ഓർക്കിഡ് കൃഷിയിൽ വളരെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു പരിചരണമാണ് ചട്ടിമാറ്റം അഥവാ റീപോട്ടിങ്. രണ്ട് സന്ദർഭങ്ങളിലാണ് ചട്ടിമാറ്റം നിർബന്ധമായും നടത്തേണ്ടത്. ഒന്ന് ചെടിയും വേരുകളൂമൊക്കെ ചട്ടിയിൽ നിന്ന് കവിഞ്ഞ് പുറത്തേക്കു വളരാൻ തുടങ്ങുമ്പോൾ ലഭ്യമായ പഴുതുകളിലൂടെയെല്ലാം വേരുകൾ പുറത്തു ചാടാൻ ശ്രമിക്കുന്നത് കാണാം. ഇത് തനിക്ക് ചട്ടിമാറ്റത്തിന് സമയം ആയി എന്ന് ചെടി നൽകുന്ന സൂചനയാണ്.
ഇനിയൊന്ന് ചട്ടിയിലെ മാധ്യമത്തിന് കുറച്ചുനാൾ കഴിയുമ്പോൾ സംഭവിക്കുന്ന മാറ്റമാണ്. മാധ്യമം വല്ലാതെ പൊടിഞ്ഞ് കുഴഞ്ഞാൽ പിന്നെ നീർവാർച്ച സുഗമമാകില്ല. വായുസഞ്ചാരവും സുഗമമാകില്ല. ഇത് വഴുകൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കിടയാക്കും. ഇതും ചട്ടിമാറ്റത്തിന്റെ അനിവാര്യത സൂചിപ്പിക്കുന്നു.
ഇനി അറിയേണ്ടത് ചട്ടിമാറ്റത്തിനു യോജിച്ച സമയമാണ്. സാധാരണഗതിയിൽ ഓർക്കിഡ് ചെടി പുഷ്പിച്ചു കഴിഞ്ഞ് വേരുകൾ മുള പൊട്ടാൻ തുടങ്ങുമ്പോൾത്തന്നെ ചട്ടിമാറ്റം നടത്തണം. ഈ ഘട്ടത്തിൽ ചട്ടിമാറ്റിയാൽ ചെടി പുതിയ മാധ്യമത്തിൽ വളരെ വേഗം വേരോടി വളരും, പുതിയ വേരുകൾക്ക് ഒരു സെ.മീറ്ററിൽ താഴെ മാത്രം നീളമുള്ളപ്പോൾ ചട്ടിമാറ്റം നടത്തണം.
ഇനി ചട്ടി മാറ്റുന്ന വിധം നോക്കാം. ചട്ടി മാറ്റാനുള്ള ഓർക്കിഡ് നന്നായി നനയ്ക്കണം. എന്നിട്ട് ചട്ടി ചരിച്ചിട്ട് ചെടിയെ ചുവടോടു ചേർത്ത് ചെറുതായി പുറത്തേക്കു വലിക്കുക. മണ്ണിൽ വളർത്തിയിരിക്കുന്ന ഓർക്കിഡാണെങ്കിൽ മണ്ണും വേരുപടലവും കൂടെ ഇളകിപ്പോരും, എപ്പിഫൈറ്റ് വിഭാഗത്തിൽപ്പെട്ട ഓർക്കിഡുകളുടെ വേരുകൾ ബലമായിത്തന്നെ ചട്ടിക്കുള്ളിൽ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കിൽ ഒരു കത്തി കൊണ്ട് അവ സശ്രദ്ധം ഇളക്കാൻ ശ്രമിക്കുക. എന്നിട്ടും ഇളകുന്നില്ലെങ്കിൽ ചട്ടി മൃദുവായി തട്ടിപ്പൊട്ടിച്ച് ചെടി വേരുപടലത്തോടെ പുറത്തെടുക്കാം.
ഇനി വേരുകൾ കഴുകി വൃത്തിയാക്കണം. പഴയ പോട്ടിങ് മിശ്രിതത്തിന്റെ അവശിഷ്ടങ്ങൾ വേരിൽ നിന്നു കഴുകിക്കളയണം. അഴുകി നിറം മാറിയ വേരുകൾ അപ്പോൾത്തന്നെ മുറിച്ചുനീക്കുക. ഇങ്ങനെ മുറിച്ചുമാറ്റാൻ വൃത്തിയുള്ള അണുനശീകരണം നടത്തിയ ഒരു കത്രികയോ സിക്കേച്ചറോ ഉപയോഗിക്കാം. ഇവ ഏതാനും നേരം തീജ്വാലയിൽ പിടിച്ച് അണുനശീകരണം നടത്തിയാലും മതി. നല്ല വേരു നീളം കുറച്ച് നിലനിർത്താം.
ചെടി വളർന്നിരിക്കുന്ന സ്വഭാവം നോക്കി ആവശ്യമനുസരിച്ച് അവയെ വിഭജിക്കുകയും ചെയ്യാം. പ്രതിസമമായി അല്ലെങ്കിൽ സമതുലനാവസ്ഥയിൽ നിയതമായ രൂപഭംഗിയോടെ വളർന്നിരിക്കുന്ന ഒരു ചെടിയെ വിഭജിക്കണമെന്നില്ല. എന്നാൽ, മധ്യഭാഗം നിർജീവമായി ചട്ടിയുടെ കുറുകെ വളർന്ന ചെടിയോ രണ്ടോ മൂന്നോ ശിഖരങ്ങളായി വളർന്ന ചെടിയോ വിഭജിക്കാം. ചെടിയുടെ രൂപഘടന ആകർഷകമാക്കാനും പുതിയ വളർച്ച ത്വരിതപ്പെടുത്താനും ഈ വിഭജനത്തിനു കഴിയും. ചെടി വംശവർധന നടത്താനും വിഭജിക്കേണ്ടതുണ്ട്.