വിത്തുകൾ പാകി മുളപ്പിച്ചു തൈകൾ പറിച്ചുനട്ടാണ് തക്കാളി കൃഷി ചെയ്യുന്നത്. കുറച്ച് തൈയുടെ ആവശ്യമേയുള്ളൂവെങ്കിൽ ഒരു ചട്ടിയിൽ പാകി മുളപ്പിക്കാം. കൂടുതൽ തൈകൾ ആവശ്യമായി വരുമ്പോൾ തവാരണകൾ നിർമിച്ച് അതിൽ പാകി കിളിർപ്പിക്കുന്നതാണ് ഉത്തമം. ഒരു മീറ്റർ വീതിയും 15 സെ.മീറ്റർ ഉയരവും തവാരണകൾക്ക് നൽകണം.
നീർവാർച്ചയുള്ള സ്ഥലം വേണം തവാരണകൾ നിർമിക്കുവാൻ തിരഞ്ഞെടുക്കേണ്ടത്. നല്ല പോലെ മണ്ണു കിളച്ചു പാകപ്പെടുത്തി 2 സെ.മീറ്റർ ഘനത്തിൽ കമ്പോസ്റ്റോ കാലിവളമോ വിതറി ഇളക്കിച്ചേർക്കണം. രണ്ടരമീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു തവാരണയിൽ പാകുവാൻ 15 ഗ്രാം വിത്ത് മതിയാകും. വിത്ത് നേർമയായി പാകി ഒരു നിര പൊടിമണ്ണു കൊണ്ടു മൂടണം. ഉറുമ്പരിക്കാതിരിക്കാൻ സെവിൻ 10% ഡി.പി. എന്ന കീടനാശിനി പൊടിയോ ചാരമോ വിതറുന്നതു നല്ലതാണ്.
ദിവസവും പൂപ്പാട്ട ഉപയോഗിച്ചു നനച്ചു കൊടുക്കണം. വേനലിൽ തണൽ നൽകുവാൻ ശ്രദ്ധിക്കണം. വിത്ത് മുളയ്ക്കുവാൻ ഒരാഴ്‌ചയോളം വേണ്ടി വരും. 30 ദിവസം പ്രായമെത്തിയ തൈകൾ പറിച്ചുനടാം. തൈകൾ പറിക്കുന്നതിന് മുമ്പ് തവാരണകൾ നല്ല പോലെ നനയ്ക്കേണ്ടതാണ്. തൈകൾ മണ്ണോടുകൂടി ട്രവൽ ഉപയോഗിച്ചു ഇളക്കുന്നതാണ് ഏറ്റവും നന്ന്.
വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം വേണം തക്കാളി നടാൻ തിരഞ്ഞെടുക്കേണ്ടത്. മണ്ണ് നല്ലവണ്ണം കിളച്ച് ഇളക്കിയ ശേഷം ഹെക്ടറിന് 20-25 ടൺ എന്ന കണക്കിൽ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ചേർത്തുവേണം സ്ഥലം ഒരുക്കുവാൻ. 60 സെ.മീറ്റർ അകലത്തിൽ എടുത്ത ചാലുകളിൽ 60 സെ.മീറ്റർ ഇടയകലം നൽകി തൈകൾ നടണം. മഴക്കാലമാണെങ്കിൽ വരമ്പുകൾ കോരി അതിൽ വേണം നടാൻ. വൈകുന്നേരം നടുന്നതാണ് ഉത്തമം. നട്ടുകഴിഞ്ഞ് ആദ്യത്തെ രണ്ടു ദിവസം തണൽ നൽകാൻ ശ്രദ്ധിക്കണം.
അടുക്കളത്തോട്ടമാണെങ്കിൽ ഒരു ചതുരശ്ര മീറ്ററിൽ 2.5 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർത്ത് ഇളക്കി മണ്ണ് നിരപ്പാക്കണം. ശേഷം തൈ നടണം.