പച്ചക്കറി തോട്ടങ്ങളുണ്ടാക്കുമ്പോൾ സൗകര്യമനുസരിച്ച് വീട്ടിലേക്കുള്ള പച്ചക്കറികൾ മാത്രം ലഭ്യമാകുന്ന രീതിയിൽ മിതമായ തോതിലോ, വില്പന കൂടി ഉദ്ദേശിച്ച് വിപുലമായ തോതിലോ പച്ചക്കറികൾ നടാം. പച്ചക്കറി തോട്ടങ്ങളുണ്ടാക്കുമ്പോൾ എല്ലായിനം സസ്യങ്ങളും വാരി വലിച്ചു നടലല്ല ഉദ്ദേശിക്കുന്നത്. ചിട്ടയായ രീതിയിൽ ക്രമീകരിച്ച മറ്റുള്ളവർക്ക് ആകർഷണം തോന്നത്തക്ക വിധമുള്ള തോട്ടങ്ങളാണ് അഭികാമ്യം. അതിനായി തോട്ട ങ്ങളുണ്ടാക്കുന്നതിനു മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
വിപണനാദ്ദേശ്യത്തോടെ പച്ചക്കറി കൃഷി ചെയ്യുന്നവർ വിപണന സാധ്യത കണക്കിലെടുത്തു വേണം ചെയ്യേണ്ട വിള തെരഞ്ഞെടുക്കുവാൻ. വിപണിയിൽ മത്സരം ഉണ്ടാകാത്ത വിധം സ്വന്തം ഏരിയയിൽ മറ്റു കർഷകർ കൃഷി ചെയ്യാത്തത്, അടുത്തുള്ള പ്രദേശങ്ങളിൽ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്, തുടങ്ങിയവയ്ക്ക് മുൻഗണന നല്കണം.
ഗാർഹിക ഉപയോഗത്തിനു വേണ്ടി കൃഷി ചെയ്യുന്നവർ വീട്ടുകാരുടെ ഭക്ഷണ താത്പര്യങ്ങൾ കൂടി കണക്കിലെടുത്ത് ആവശ്യമായ പച്ചക്കറികൾ ലഭ്യമായ സ്ഥലത്ത് ആവശ്യത്തിനു കൃഷി ചെയ്യുന്നതായിരിക്കും നന്ന്. സ്ഥലസൗകര്യം കുറവാണെങ്കിൽ വീട്ടിലുള്ളവരുടെ എണ്ണം കൂടി കണക്കിലെടുത്ത് ഓരോ ഇനം പച്ചക്കറിയും ആവശ്യത്തിനു മാത്രം ലഭിക്കുന്ന രീതിയിൽ കൃഷി ചെയ്യാം.
ലഭ്യമായ സ്ഥലം സർവ്വേ ചെയ്ത് പരമാവധി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പ്ലാൻ തയ്യാറാക്കണം. സ്ഥലത്തിന്റെ ലഭ്യത, സൂര്യപ്രകാശത്തിന്റെ ലഭ്യത തുടങ്ങിയവ കണക്കിലെടുത്ത് എവിടെയെല്ലാം സസ്യങ്ങൾ നടാമെന്നും എന്തെല്ലാം സസ്യങ്ങൾ നടാമെന്നും തീരുമാനിക്കണം. സൂര്യപ്രകാശത്തിന്റെ ആവശ്യകത കൂടുതലുള്ള സസ്യങ്ങളെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും അത്ര തന്നെ പ്രകാശം ആവശ്യമില്ലാത്ത സസ്യങ്ങളെ സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്തും നടാവുന്നതാണ്. വള്ളിച്ചെടികൾ നടുമ്പോൾ അവ പടർത്താനുള്ള സൗകര്യം നോക്കി വേണം നടാൻ.
സൂര്യപ്രകാശത്തെ തടയാതിരിക്കാൻ ദീർഘകാല വിളകളായ മുരിങ്ങ, കറിവേപ്പ്, നാരകം എന്നിവ കൃഷിസ്ഥലത്തിന്റ വലത്തു ഭാഗത്തായി നടുക. വെണ്ട, പടവലം, മത്തൻ, കുമ്പം , വെള്ളരി, കോവൽ, വാളരി തുടങ്ങിയവയ്ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം. ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, എന്നിവ തണലുള്ളിടത്തും ഇടവിളയായും നടാം.