കൃഷിക്കായി മണ്ണ് നന്നായി കിളച്ചു നിലം ഒരുക്കണം. തൈ നടുന്നതിനു മുമ്പ് തൂണുകൾ സ്ഥാപിക്കും. പിന്നീട് കപ്പയുടെ ഉടലെടുക്കുന്നതു പോലെ തൂണിനോടു ചേർന്ന് ഒരു മീറ്റർ ചുറ്റളവിൽ മണ്ണ് കൂന കൂട്ടും. തൂണിൻ്റെ നാലു വശത്തുമായി ഒരിഞ്ചു താഴ്ത്തി തൈകൾ നടും. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഉണക്ക ചാണകപ്പൊടിയും ചേർത്തു കുഴി മൂടിയാണ് നടുന്നത്. കുഴികൾ തമ്മിൽ ഏഴ് അടിയും വരികൾ തമ്മിൽ ഒമ്പതടിയും അകലമുണ്ട്.
ചെടി വളർന്നു തുടങ്ങിയാൽ പടർന്നു കയറുന്നതിനുസരിച്ച് ഏഴ് അടി ഉയരമുള്ള തൂണുകൾ സ്ഥാപിക്കും. അതോടെ മുട്ടുകളിൽ ഉണ്ടാകുന്ന വേരുകൾ തൂണുകളിൽ ചുറ്റി പിടിക്കും. ഓരോ തൂണുകൾക്ക് മുകളിലും വളയങ്ങൾ സ്ഥാപിക്കും. തൂണിനു മുകളിൽ എത്തുന്നതുവരെയും വേരുകൾ തൂണുകളിൽ ചുറ്റിപ്പിടിക്കുന്നതു വരെയും ചരടുകൊണ്ട് ചെടിയെ തൂണിനോട് ചേർത്തു കെട്ടും. മുകളിൽ എത്തിയാൽ വളയത്തിന് അകത്തു കൂടി താഴേക്ക് ശിഖരങ്ങൾ വളർത്തി വിടും.
വേനൽക്കാലത്ത് ചെറിയ നന മതി. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വളം നൽകും. ചാണകം പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നതിനു പുറമെ കോഴിവളവും നൽകും.
വിളവെടുപ്പ്
മാർച്ച് -ജൂലൈ കാലയളവിലാണ് ചെടികൾ പൂക്കുന്നത്. വൈകുന്നേരം വിരിഞ്ഞു തുടങ്ങുന്ന പൂക്കൾ പിറ്റേദിവസം രാവിലെ ചുരുങ്ങും. കായ് പിടുത്തം കൂടാനും മികച്ച വിളവ് ലഭിക്കാനും പരാഗണം ആവശ്യമാണ്. തേനീച്ചകളും ശലഭങ്ങളുമാണ് പ്രധാനമായും പരാഗണം നടത്തുന്നത്. പൂക്കൾ വിരിഞ്ഞ് 28 32 ദിവസത്തിനകം വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് ആറു പ്രാവശ്യം വരെ വിളവു ലഭിക്കും. ഒരു പഴത്തിന് 400 മുതൽ 700 ഗ്രാം വരെ തൂക്കം ഉണ്ടാകും