കാലി വളമോ, കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതിൽ നടുമ്പോൾ ചേർക്കണം. 500 ഗ്രാം കുമ്മായം കുഴികളിൽ ചേർത്ത് വിഘടിക്കുന്നതിന് അനുവദിക്കുക. മണ്ണിരവളം കുഴിയൊന്നിനു രണ്ടു കിലോ എന്ന തോതിൽ ചേർത്തു കൊടുക്കുക. കടലപിണ്ണാക്ക് /വേപ്പിൻ പിണ്ണാക്ക് കുഴിയൊന്നിനു 1 കി.ഗ്രാം എന്ന തോതിൽ നടീൽ സമയത്ത് ചേർക്കുക.
നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങൾ പിജിപിആർ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50 മുതൽ 100 ഗ്രാം എന്ന തോതിൽ നടീൽ സമയത്ത് ചേർക്കേണ്ടതാണ്. ജീവാണു വളം 5 കിലോ കാലിവളവുമായി ചേർത്തു വേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണിൽ ആവശ്യത്തിനു ഈർപ്പമുണ്ടെന്ന് ഉറപ്പാക്കണം. പഞ്ചഗവ്യം 3% വീര്യത്തിൽ, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളിൽ തളിച്ചു കൊടുക്കാം.
നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്‌ഞ്ച / വൻപയർ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന് ഹെക്ടറിന് 50 കി. ഗ്രാം എന്ന തോതിൽ (ഒരു ചെടിയ്ക്ക് 20 ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം ഇവ മണ്ണിൽ ചേർത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവർത്തിച്ചു 40 ദിവസം കഴിഞ്ഞ് വീണ്ടും മണ്ണിൽ ചേർത്തു കൊടുക്കുക. വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റിൽ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയിൽ തോട്ടങ്ങളിൽ തന്നെ വെർമി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാർശ ചെയ്യുന്നു.