പഴംപച്ചക്കറി കൃഷിയിൽ നടിൽ മുതൽ വിളവെടുപ്പുവരെ കിട രോഗ നിയന്ത്രണത്തിനായി വിവിധ രാസകീടരോഗനാശിനികളെ നാം ആശ്രയിക്കുന്നു. അനിയന്ത്രിതമായ രാസകീടനാശിനി പ്രയോഗം അന്തരീക്ഷ മലിനീകരണത്തിനും, കീടങ്ങൾക്കും രോഗ ഹേതുക്കളായ ജീവികൾക്കും പ്രതിരോധശക്തി ആർജ്ജിക്കുന്നതിനും, മനുഷ്യരിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.
കൂടാതെ ഇവയുടെ അമിതോപയോഗം വായു, ജലം, മണ്ണ് എന്നിവ മലിനമാകുവാനും ഇടയാക്കുന്നു. ഇക്കാരണങ്ങളാൽ പഴം പച്ചക്കറി കൃഷിയിൽ ജൈവകീടരോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജൈവകീടരോഗനാശിനികൾ, കൃത്യമായ അളവിലും കൃത്യമായ ഇടവേളകളിലും ഉപയോഗിക്കുന്നതു വഴി കീടങ്ങളേയും രോഗങ്ങളേയും ഫലപ്രദമായി നിയന്ത്രിക്കുവാൻ സാധിക്കും.
ജൈവകീടനിയന്ത്രണം
ജൈവകീടനിയന്ത്രണത്തിൽ പല ഉപാധികളെ സംയോജിപ്പിച്ച് കൃഷിചെയ്യുകവഴി കീടനിയന്ത്രണം സാധ്യമാകുന്നു. പ്രതിരോധ ശക്തിയുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷി ചെയ്യുക, പലതരം കെണികൾ സ്ഥാപിക്കുക, വിളപരിക്രമം പാലിക്കുക, പലവിളകളും ഇനങ്ങളും ഇടകലർത്തി നടുക, കൃത്യമായ ഇടവേളകളിൽ ജൈവ കീടനാശിനികൾ പ്രയോഗിക്കുക എന്നിവയാണ് ഇവയിൽ പ്രധാനം.
ജൈവരോഗനിയന്ത്രണം
ജൈവരീതിയിൽ രോഗനിയന്ത്രണം സാധ്യമാക്കുവാൻ കുമിളുകളെയും ബാക്ടീരിയകളെയും വൈറസുകളെയും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ജൈവകീടരോഗനിയന്ത്രണം - പൊതു തത്വങ്ങൾ
1. വിളകൾ നടുമ്പോൾ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ രോഗങ്ങളുടെയും കീടങ്ങ ളുടെയും ആക്രമണം കുറയുന്നു.
2. കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്തെ പാഴ്വസ്തുക്കൾ കൂട്ടിയിട്ട് തീ കത്തിക്കുക.
3. കൃഷി ചെയ്യുന്നതിനു 15 ദിവസം മുമ്പ് കുമ്മായം മണ്ണിൽ ചേർക്കുക വഴി മണ്ണിന്റെ അമ്ലത കുറയ്ക്കുവാനും രോഗഹേതുക്കളായ സൂക്ഷ്മജീവികളുടെ വളർച്ച കുറയ്ക്കുവാനും സാധിക്കുന്നു.`
4.മിശ്രവിള കൃഷിരീതി അവലംബിക്കുകയും, ആവർത്തന കൃഷി ഒഴിവാക്കുകയും ചെയ്യുക.
5. പ്രാണികളുടെ മുട്ട, സമാധിദശ, പുഴു തുടങ്ങിയവ കാണുകയാണെങ്കിൽ അതിനെ എടുത്ത് നശിപ്പിക്കുക.
6. രോഗം ബാധിച്ച ചെടികൾ ഉണ്ടെങ്കിൽ അവ പറിച്ചെടുത്ത് നശിപ്പിക്കുക.
7. മൊസൈക്ക് രോഗമോ വാട്ടരോഗമോ കാണുകയാണെങ്കിൽ ആ ചെടികളെ വേരോടെ പിഴുത് നശിപ്പിക്കുക.
8. പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷി ചെയ്യുക
9. വിള പരിക്രമം പാലിക്കുക.
10. കൃഷി ആരംഭിക്കുന്നതിന് മുൻപ് കൃഷിയിടം നന്നായി കൊത്തി കിളയ്ക്കുക.
11. പുതയിടൽ പ്രോത്സാഹിപ്പിക്കുക.
12. സാധ്യമായ എല്ലാ ജൈവരോഗകീടനിയന്ത്രണ മാർഗ്ഗങ്ങളും അവലംബിക്കുക.
13. ജൈവകീടനാശനികളും ജീവാണുക്കളും യഥാസമയം, കൃത്യ മായ അളവിൽ ശരിയായ ചേരുവകൾ ചേർത്തുണ്ടാക്കി തളിക്കുക.